തിരുവനന്തപുരത്ത് നേരിയ ഭൂചലനം; തീവ്രത രണ്ട് രേഖപ്പെടുത്തി

തലസ്ഥാന ജില്ലയിലെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ചൊവ്വാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു
തിരുവനന്തപുരത്ത് നേരിയ ഭൂചലനം; തീവ്രത രണ്ട് രേഖപ്പെടുത്തി

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ചൊവ്വാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പമാപിനിയില്‍ രണ്ട് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വെഞ്ഞാറമൂട്, കല്ലറ ഭാഗങ്ങളിലാണ് ഏറെ അനുഭവപ്പെട്ടത്. വെഞ്ഞാറമൂട്, കല്ലറ, ഭൂതമടക്കി, കരിച്ച, പുല്ലമ്പാറ, ശാസ്താംനട, പരപ്പില്‍, ചെറുവാളം, പാലുവള്ളി, മുതുവിള, തെങ്ങുംകോട്, വാഴത്തോപ്പ് പച്ച, തണ്ണിയം, മിതൃമ്മല ഭാഗങ്ങളിലാണ് ഭൂമി കുലുങ്ങിയത്. ഇതിന്റെ ഡാറ്റാ വിശകലനം ചെയ്തിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയിട്ടില്ല. വാമനപുരം നദിയുടെ കരയില്‍ 70 കളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

വെഞ്ഞാറമൂടിനും കല്ലറയ്ക്കുമിടയില്‍ ചൊവ്വാഴ്ച സന്ധ്യയ്ക്ക് 7.45ഓടെയായിരുന്നു നേരിയ ഭൂചലനം അനുഭവപ്പെട്ടത്. പരിഭ്രാന്തരായ നാട്ടുകാര്‍ വീടുവിട്ട് പലദിക്കിലും പാഞ്ഞു. ചിലര്‍ പരിഭ്രാന്തരായി പൊലീസ് സ്‌റ്റേഷനുകളിലും ഫയര്‍ഫോഴ്‌സിലും വിളിച്ചു. ആദ്യം വന്‍ ശബ്ദവും പിന്നീട് നേരിയ വിറയലുമാണ് അനുഭവപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. ദുരന്തനിവാരണ വിഭാഗവും ഫയര്‍ഫോഴ്‌സും കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തിവരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com