സഹകരണ ബാങ്കുകളില്‍ നിന്ന് 2000 കോടി രൂപ കടം വാങ്ങാനൊരുങ്ങി സര്‍ക്കാര്‍ 

ക്ഷേമ പെന്‍ഷനും മറ്റും പണം കണ്ടെത്താനാണ് സംസ്ഥാന സര്‍ക്കാര്‍ സഹകരണ ബാങ്കുകളില്‍ നിന്ന് കടം വാങ്ങുന്നത്.
സഹകരണ ബാങ്കുകളില്‍ നിന്ന് 2000 കോടി രൂപ കടം വാങ്ങാനൊരുങ്ങി സര്‍ക്കാര്‍ 

ഹകരണ ബാങ്കുകളില്‍ നിന്നും കടം വാങ്ങാനൊരുങ്ങി സര്‍ക്കാര്‍. ക്ഷേമ പെന്‍ഷനും മറ്റും പണം കണ്ടെത്താനാണ് സംസ്ഥാന സര്‍ക്കാര്‍ സഹകരണ ബാങ്കുകളില്‍ നിന്ന് കടം വാങ്ങുന്നത്. സര്‍ക്കാര്‍ ഗാരന്റിയും ഒന്‍പതു ശതമാനം പലിശയും വാഗ്ദാനം ചെയ്താണു ധനസമാഹരണം. സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനിയിലേക്കു പണം നിക്ഷേപിക്കണമെന്ന സന്ദേശം സഹകരണ വകുപ്പില്‍ നിന്നു മിക്ക സഹകരണ ബാങ്കുകള്‍ക്കും ലഭിച്ചു. രേഖാമൂലം അറിയിപ്പ് നല്‍കിയിട്ടില്ല. ഫോണ്‍ വഴിയാണ് അറിയിപ്പ്.

കമ്പനി രൂപവല്‍ക്കരിക്കാന്‍ മന്ത്രിസഭ നേരത്തേ തീരുമാനിച്ചിരുന്നു. ഈ രീതിയില്‍ രണ്ടായിരം കോടി രൂപയാണു സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലെയും സഹായ വാഗ്ദാനം തിട്ടപ്പെടുത്താന്‍ ഇന്നു തിരുവനന്തപുരത്തു സഹകരണ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ജില്ലകളിലെ ജോയിന്റ് റജിസ്ട്രാര്‍മാരും പ്ലാനിങ് അസിസ്റ്റന്റ് റജിസ്ട്രാര്‍മാരും പങ്കെടുക്കും. ഓണത്തിനു മുന്‍പു പരമാവധി തുക സമാഹരിക്കാനാണു തീവ്രശ്രമം.

കെഎസ്ആര്‍ടിസിയെ സഹായിക്കാന്‍ ഏതാനും മാസം മുന്‍പ് ഇത്തരത്തില്‍ 600 കോടി സമാഹരിച്ചിരുന്നു. എന്നാല്‍, അതിന്റെ പലിശ ബാങ്കുകള്‍ക്കു ലഭിച്ചു തുടങ്ങിയില്ലെന്ന് അറിയുന്നു. ഏതു വിഭാഗത്തില്‍പ്പെട്ട ബാങ്ക്, ആസ്തി എത്ര എന്നിവയനുസരിച്ചു വ്യത്യസ്ത തുകകളാണു ചോദിക്കുന്നത്. ചില ബാങ്കുകളോടു പത്തു കോടി രൂപ വരെ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിയിലേക്കു സ്ഥിരനിക്ഷേപമായാണു പണം ചോദിക്കുന്നത്.

പണം നല്‍കാന്‍ സമ്മതം അറിയിക്കുന്ന ബാങ്കിന്റെ ചുമതലക്കാരുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ടെന്ന് അറിയുന്നു. പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ 20% കരുതല്‍ ധനമായി ജില്ലാ സഹകരണ ബാങ്കില്‍ സൂക്ഷിക്കണമെന്നു വ്യവസ്ഥയുണ്ട്. ഇതില്‍ അധികമുള്ള പണത്തില്‍ നിന്നു സര്‍ക്കാര്‍ കമ്പനിക്കു നല്‍കണമെന്നാണ് ആവശ്യം. എട്ടര ശതമാനം പലിശ ലഭിക്കുന്ന ഈ നിക്ഷേപം നല്‍കിയാല്‍ ഒന്‍പതു ശതമാനം പലിശ നല്‍കാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കുന്നത്.

എന്നാല്‍, ഇപ്പോള്‍ വലിയ തുക നല്‍കാവുന്ന സ്ഥിതിയിലല്ല പല ബാങ്കുകളും. ഓണക്കാലത്ത് നിരവധി ആളുകള്‍ സ്ഥിരനിക്ഷേപം പിന്‍വലിക്കാറുണ്ട്. ബാങ്കുകള്‍ക്കും ബോണസ് തുടങ്ങിയ ഇനങ്ങളില്‍ ഏറെ പണം ആവശ്യമുള്ള സമയമാണ്. സര്‍ക്കാരിനെ സഹായിച്ചാല്‍ യഥാസമയം പണം തിരികെ കിട്ടില്ലെന്ന ആശങ്ക പല ബാങ്കുകള്‍ക്കുമുണ്ട്. ബാങ്കിനു പ്രതിസന്ധി വന്നാല്‍ സര്‍ക്കാരിന്റെ സഹായം കിട്ടുമെന്ന പ്രതീക്ഷയുമില്ല. നിക്ഷേപത്തിനു സര്‍ക്കാര്‍ ഗാരന്റി വാഗ്ദാനമുണ്ടെങ്കിലും പലിശപോലും യഥാസമയം കിട്ടുന്നില്ലെന്നാണു പല ബാങ്കുകളുടെയും അനുഭവം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com