തിരുവമ്പാടി ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ കാണാനില്ല, മേല്‍ശാന്തിക്കു ദേവസ്വത്തിന്റെ നോട്ടീസ്; ഗൂഢാലോചനയെന്ന് മേല്‍ശാന്തി

തിരുവമ്പാടി ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ കാണാനില്ല, മേല്‍ശാന്തിക്കു ദേവസ്വത്തിന്റെ നോട്ടീസ്; ഗൂഢാലോചനയെന്ന് മേല്‍ശാന്തി
തിരുവമ്പാടി ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ കാണാനില്ല, മേല്‍ശാന്തിക്കു ദേവസ്വത്തിന്റെ നോട്ടീസ്; ഗൂഢാലോചനയെന്ന് മേല്‍ശാന്തി

തൃശൂര്‍: തൃശൂര്‍ പൂരത്തിലെ മുഖ്യപങ്കാളിയായ തിരുവമ്പാടി ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ കാണാനില്ല. അമൂല്യമായ കാശിമാല, ചങ്ങലമാല എന്നിവ ഉള്‍പ്പെടെ 60 പവനോളം വരുന്ന ആഭരണങ്ങളാണ് കാണാതായത്. ആഭരണങ്ങള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ക്ഷേത്രം മേല്‍ശാന്തിക്ക് ഭരണ സമിതി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മേല്‍ശാന്തി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി.

സ്‌റ്റോക്ക് രജിസ്റ്ററില്‍ 53 മുതല്‍ 478ാം സീരിയല്‍ നമ്പര്‍ വരെയുള്ള ആഭരണങ്ങളില്‍ 25 എണ്ണമാണ് നഷ്ടമായതായി കണ്ടെത്തിയത്. ഇക്കഴിഞ്ഞ 28ന് ദേവസ്വം മാനേജരും രണ്ടു ക്‌ളാര്‍ക്കുമാരും നടത്തിയ കണക്കെടുപ്പിലാണ് ആഭരണങ്ങളില്‍ കുറവ് കണ്ടത്. 

മേല്‍ശാന്തിയുടെ റിട്ടയര്‍മെന്റുമായി ബന്ധപ്പെട്ടു വിവാദം തുടരുന്നതിനിടെയാണ് തിരുവാഭരണങ്ങള്‍ കാണാതായിരിക്കുന്നത്.  വിവാദത്തില്‍  കോടതിവിധി ദേവസ്വത്തിനെതിരായിരുന്നു. പിന്നാലെയാണ് സ്‌റ്റോക്കെടുപ്പ് നടന്നത്. ദേവസ്വത്തിന്റെ നോട്ടീസിന് മറുപടി നല്‍കാതിരുന്ന മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ദേവസ്വം ഉത്തരവിറക്കി. ഈ മാസം ആറാം തീയതി വരെ തത്സ്ഥിതി തുടരാനുള്ള കോടതി ഉത്തരവുള്ളതിനാല്‍ ഇന്നലെ വൈകിട്ടും മേല്‍ശാന്തി പൂജാകര്‍മ്മങ്ങള്‍ നടത്തി.

അതിനിടെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മേല്‍ശാന്തി മൂത്തേടത്ത് സുകുമാരന്‍ നമ്പൂതിരി രംഗത്തെത്തി. ദേവസ്വം ഭാരവാഹികള്‍ അറിയാതെ ഇത്തരമൊരു കാര്യം നടക്കില്ലെന്ന് വിശ്വസിക്കുന്നതായും മേല്‍ശാന്തി പറഞ്ഞു. 


മേല്‍ശാന്തി മാധ്യമങ്ങള്‍ക്കു നല്‍കിയ കുറിപ്പ്: 

എന്റെ പേര് മുത്തേടത്ത് സുകുമാരന്‍ നമ്പൂതിരി. മധ്യകേരളത്തിലെ എന്നല്ല, ലോകത്തിലെ തന്നെ പേരുകേട്ടതും തൃശൂര്‍ പൂരത്തിന്റെ നെടുനായകത്വം വഹിക്കുന്നതുമായ തിരുവമ്പാടി ക്ഷേത്രത്തില്‍ കഴിഞ്ഞ 51 വര്‍ഷമായി മേല്‍ശാന്തിയാണ് ഞാന്‍. ഒരു വര്‍ഷം ശബരിമലയില്‍ മേല്‍ശാന്തിയായി ശാസ്താവിന്റെ പുണ്യദാസനായി പൂജാകര്‍മ്മങ്ങള്‍ ചെയ്യാനുള്ള സൗഭാഗ്യവും ലഭിച്ചിട്ടുണ്ട്. തിരുവമ്പാടി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തുന്ന സമൂഹത്തിലെ ഉന്നതര്‍ മുതല്‍ താഴെക്കിടയിലുള്ളവരുമായി വരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഞാന്‍ എല്ലാവര്‍ക്കും പ്രിയങ്കരനുമാണ്. 

നാളിതുവരെയുള്ള എന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു പരാതിയുള്ളതായി എന്നെ അറിയുന്ന ഒരാളും അബന്ധവശാല്‍പോലും പറയില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അങ്ങനെയുള്ള ഞാനിപ്പോള്‍ ഒരു ധര്‍മ്മ സങ്കടത്തിലാണ്. മനസാവാചാകര്‍മണാ അറിയാത്ത ഒരു കാര്യത്തിന്റെ പേരില്‍ തിരുവമ്പാടി ദേവസ്വം എന്നെ കുടുക്കിയിരിക്കുകയാണ്. എനിക്ക് നീതി ലഭിക്കണം. സത്യാവസ്ഥ എന്താണെന്ന് പുറത്തുവരണം. മറ്റാരെങ്കിലും ചെയ്ത തെറ്റിന്റെ പേരില്‍ ഈ 66ാം വയസില്‍ ക്രൂശിക്കപ്പെടാന്‍ എനിക്കാകില്ല. തുടക്കം മുതലുള്ള കാര്യങ്ങള്‍ നിങ്ങളെ അറിയിക്കാനാണ് ഞാനും എന്റെ ഭാര്യയും ചേര്‍ന്ന് ഈ പത്രസമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. 

തിരുവമ്പാടി ക്ഷേത്രത്തിലെ മേല്‍ശാന്തി ജോലി എനിക്ക് പാരമ്പര്യമായി ലഭിച്ചതാണ്. ഇതിനു മുമ്പ് അച്ഛന്‍ നാരായണന്‍ നമ്പൂതിരിയായിരുന്നു ക്ഷേത്രത്തിലെ മേല്‍ശാന്തി. 87ാം വയസുവരെ അദ്ദേഹം മേല്‍ശാന്തിയായി ജോലി ചെയ്തു. ആരോഗ്യം അനുവദിക്കുന്നതുവരെ ജോലി ചെയ്യാം. ഇതാണ് പണ്ടുകാലംമുതലുള്ള ഉടമ്പടി. പ്രത്യേക നിയമന ഉത്തരവോ റിട്ടയര്‍മെന്റ് കാലാവധിയോ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചതിന്‌ശേഷവും നടപ്പിലാക്കിയിട്ടില്ല. ക്ഷേത്രത്തിലെ മാറിമാറി വരുന്ന ഭരണസമിതികള്‍ക്കെല്ലാം പ്രിയപ്പെട്ടവനുമായിരുന്നു ഞാന്‍. 
എന്നാല്‍ ഇക്കഴിഞ്ഞ ജൂണ്‍ ആറിന് (2018) തിരുവമ്പാടി ദേവസ്വം കമ്മിറ്റി അപ്രതീക്ഷിതമായ ഒരു ഉത്തരവ് പുറത്തിറക്കി. മേല്‍ശാന്തിയുടെ റിട്ടയര്‍മെന്റ് കാലാവധി 65 വയസായി നിജപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ഉത്തരവ്.  തലമുറകളായി പ്രായം നോക്കാതെ ജോലി ചെയ്യാനുള്ള അവകാശം ഉണ്ടെന്നിരിക്കെ  റിട്ടയര്‍മെന്റ് പ്രായം 65 ആക്കി തുടര്‍നടപടികള്‍ സ്വീകരിക്കാനുള്ള ദേവസ്വത്തിന്റെ തീരുമാനം എന്നില്‍ വല്ലാത്ത മനോവിഷമമുണ്ടാക്കി. 66 വയസുള്ള എനിക്ക് ഇന്നലെവരെ (2018 ജൂലായ് 31) ജോലി ചെയ്യാനുള്ള അനുമതിയും നല്‍കി. അതായത് ജൂലായ് 31ന് ഞാന്‍ വിരമിക്കുന്ന രീതിയില്‍ ദേവസ്വം മറ്റൊരു ഓര്‍ഡര്‍ പുറത്തിറക്കി. 

സ്വാഭാവികമായും ഈ തീരുമാനത്തോട് എനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. ജീവിതസായാഹ്നത്തിലെത്തി നില്‍ക്കുന്ന എന്നെ തീരെ കഷ്ടത്തിലാക്കുന്ന ദേവസ്വത്തിന്റെ തീരുമാനത്തിനെതിരെ നിയമവഴി സ്വീകരിക്കുകയായിരുന്നു ഏക പോംവഴി. കാര്യങ്ങള്‍ വിശദീകരിച്ച് തൃശൂര്‍ മുന്‍സീഫ് (മൂന്ന്) കോടതിയില്‍ ഞാന്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തു.  ദൈവം എന്റെ കൂടെയായിരുന്നു. കാര്യങ്ങള്‍ ബോധ്യപ്പെട്ട കോടതി നിലവിലുള്ള സ്ഥിതി തുടരാന്‍ ഉത്തരവിട്ടു. അതായത് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഞാന്‍ തന്നെയാണ് മേല്‍ശാന്തി. കാരണമില്ലാതെ എന്നെ പുറത്താക്കാനുള്ള ദേവസ്വത്തിന്റെ തീരുമാനത്തിന് ലഭിച്ച കനത്ത തിരിച്ചടിയായിരുന്നു കോടതി ഉത്തരവ്. 


കോടതി ഉത്തരവ് വന്നതിന് മൂന്നാമത്തെ ദിവസം, അതായത് ജൂലായ് 28ന് ദേവസ്വം സ്വീകരിച്ചത് വിചിത്രമായൊരു നടപടിയായിരുന്നു. മേല്‍ശാന്തി ഭരണം, അല്ലെങ്കില്‍ ഭരണസമിതിയുടെ കൈമാറ്റം, അതുമല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ ഇത്തരമൊരു കാലയളവിലാണ് ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെ കണക്കെടുപ്പ് നടത്താറുള്ളത്. തല്‍സ്ഥിതി തുടരാന്‍ കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ നിയമപ്രകാരം സ്‌റ്റോക്കെടുപ്പ് പാടില്ല. ഏറ്റവും ഒടുവില്‍ 2017 ഡിസംബര്‍ 13നാണ് സ്‌റ്റോക്കെടുപ്പ് നടന്നത്.  ഇനി അടുത്ത സ്‌റ്റോക്കെടുപ്പ് നടത്തേണ്ടത് 2018 ഡിസംബറിലാണ്. 
നിയമാവലി ഇതായിരിക്കെ, ദേവസ്വം മാനേജരും രണ്ടു കഌര്‍ക്കുമാരും സ്‌റ്റോക്കെടുപ്പിന് എത്തിയപ്പോള്‍ ഞാന്‍ ഒരു എതിര്‍പ്പുപോലും പ്രകടിപ്പിക്കാതെ അതിനുള്ള സൗകര്യം ചെയ്തുകൊടുത്തു. 53 മുതല്‍ 478ാം നമ്പര്‍ സീരിയല്‍ നമ്പര്‍വരെയുള്ള ആഭരണങ്ങളില്‍ 25 എണ്ണം കാണുന്നില്ലെന്നാണ് സ്‌റ്റോക്കെടുപ്പ് നടത്തിയവരുടെ കണ്ടെത്തല്‍. 

 നിത്യപൂജയ്ക്കും മറ്റുമായി ഭഗവാനെ അണിയിക്കുന്ന ആഭരണങ്ങളുടെ സൂക്ഷിപ്പുകാരനാണ് മേല്‍ശാന്തി. വിശേഷാല്‍ ദിവസങ്ങളില്‍ ചാര്‍ത്തേണ്ടതും ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്നതുമായ ആഭരണങ്ങള്‍ സൂക്ഷിക്കുന്നത് ദേവസ്വം തന്നെയാണ്. ഭക്തര്‍ സമര്‍പ്പിക്കുന്ന ആഭരണങ്ങള്‍ ഭഗവാന് ചാര്‍ത്തിയ ശേഷം മാനേജര്‍ക്ക് കൈമാറുകയാണ് പതിവ്. ഇതില്‍ രസീതി എഴുതി സമര്‍പ്പിച്ചവയുണ്ടാകും. ഇതൊന്നുമില്ലാതെ ശ്രീകോവിലിന് മുന്നില്‍ ഭക്തര്‍ സമര്‍പ്പിക്കുന്നതുണ്ടാകും. ഇതൊക്കെ ദേവസ്വത്തിന് മേല്‍ശാന്തിയായ ഞാന്‍ കൈമാറും. രസീതി ഇല്ലാത്ത ആഭരണങ്ങള്‍ ഏതു കണക്കിലാണ് ഉള്‍പ്പെടുത്തുന്നതെന്നോ അതിനു കണക്കുണ്ടോയെന്നൊന്നും ഞാന്‍ അന്വേഷിക്കാറുമില്ല. നിത്യപൂജകളുടെയല്ലാതെ ഭഗവാനെ ചാര്‍ത്തുന്ന മുഴുവന്‍ ആഭരണങ്ങളുടെയും സൂക്ഷിപ്പുകാരന്‍ ദേവസ്വം നിയമിച്ച മാനേജരാണ്. 
സ്‌റ്റോക്കെടുപ്പില്‍ നിത്യപൂജയ്ക്കായി ഭഗവാന് ചാര്‍ത്തുന്ന ആഭരണങ്ങളില്‍ ഒരു കുറവും വന്നിട്ടില്ല. ഞാന്‍ സൂക്ഷിക്കാത്ത ആഭരണങ്ങളുടെ കാര്യത്തില്‍ ദേവസ്വം സെക്രട്ടറി സ്‌റ്റോക്കെടുപ്പ് നടത്തിയ അന്നു വൈകുന്നേരം തന്നെ എനിക്ക് നോട്ടീസ് നല്‍കി. നോട്ടീസ് ലഭിച്ച് അഞ്ചു മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നായിരുന്നു അറിയിപ്പ്. വൈകുന്നേരം ക്ഷേത്ര പൂജകളില്‍ മുഴുകുന്ന എനിക്ക് ഈ സമയത്തിനുള്ളില്‍ മറുപടി നല്‍കാനാവില്ലെന്ന് ദേവസ്വം ഭാരവാഹികള്‍ക്ക് അറിയാം. എന്നിട്ടും ഇത്തരമൊരു രീതി അവര്‍ അവലംഭിച്ചതില്‍ എനിക്ക് സംശയമുണ്ട്. 

ഭഗവാന്റെ അമൂല്യമായ തിരുവാഭരണങ്ങളില്‍ ചിലതാണ് കാണാതായിരിക്കുന്നത്. ഇതൊരു നിസാര കാര്യമല്ല. ആഭരണങ്ങള്‍ കാണായാതിന് പിന്നില്‍ ഒരു ഗൂഢാലോചനയുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു. ദേവസ്വം ഭാരവാഹികള്‍ അറിയാതെ ഇത്തരമൊരു കാര്യം നടക്കില്ലെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ഇക്കാര്യത്തില്‍ വിശദമായ ഒരു അന്വേഷണം ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഇന്നലെ ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ നിങ്ങളും എനിക്കൊപ്പം ഉണ്ടാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com