കൊല്ലപ്പെട്ട ആര്‍ഷ ഞായറാഴ്ച രാത്രി 10.53 വരെ വാട്‌സ്ആപ്പ് ഉപയോഗിച്ചെന്ന് സഹപാഠികള്‍; കൊലപാതകം രാത്രിയെന്ന് സൂചന, സംഘത്തില്‍ മൂന്നുപേരില്‍ കൂടുതലെന്ന പൊലീസ് നിഗമനം

കൊല്ലപ്പെട്ട ഗൃഹനാഥന്‍ കൃഷ്ണന് നൂറിലധികം കിലോ തൂക്കമുണ്ട്.
കൊല്ലപ്പെട്ട ആര്‍ഷ ഞായറാഴ്ച രാത്രി 10.53 വരെ വാട്‌സ്ആപ്പ് ഉപയോഗിച്ചെന്ന് സഹപാഠികള്‍; കൊലപാതകം രാത്രിയെന്ന് സൂചന, സംഘത്തില്‍ മൂന്നുപേരില്‍ കൂടുതലെന്ന പൊലീസ് നിഗമനം

തൊടുപുഴയ്ക്കടുത്ത് വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് വീടിനുസമീപം കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹത അകലുന്നില്ല. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് വീടിനുപിന്നില്‍ ഒറ്റക്കുഴിയില്‍ നാലുമൃതദേഹങ്ങളും മൂടിയിട്ടിരിക്കുന്ന മരവിപ്പിക്കുന്ന കാഴ്ചയായിരുന്നു. 

കൊലപാതകം നടന്നത് ഞായറാഴ്ച രാത്രി 10.53നു ശേഷമാണെന്നാണ് സൂചനയാണ് ലഭിക്കുന്നത്. കൊല്ലപ്പെട്ട ആര്‍ഷ കൃഷ്ണന്‍ ഈ സമയം വരെ വാട്‌സ്ആപ് ഉപയോഗിച്ചിരുന്നു. രാത്രി സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. തൊടുപുഴ ബിഎഡ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആര്‍ഷ. 

മൃതദേഹങ്ങള്‍ വലിച്ചിഴച്ചല്ല കുഴിയിലേക്കെത്തിച്ചതെന്നതിനാല്‍ മൂന്നിലേറെപ്പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാത്രമല്ല, കൊല്ലപ്പെട്ട ഗൃഹനാഥന്‍ കൃഷ്ണന് നൂറിലധികം കിലോ തൂക്കമുണ്ട്. അതേസമയം, കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മാര്‍ട്ടം നടപടികള്‍ ഇന്നു പൂര്‍ത്തിയാക്കും.

ഞായറാഴ്ച വൈകിട്ടുവരെ ഇവരെ വീട്ടില്‍ കണ്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. രണ്ടു ദിവസമായി ഇവരുടെ യാതൊരു വിവരവും ഇല്ലാത്തതിനാലാണ് വീട്ടിലേക്ക് അന്വേഷിച്ചെത്തിയത്. നാലംഗകുടുംബത്തിനു പുറംലോകവുമായി വലിയ ബന്ധമില്ലായിരുന്നു. കൃഷ്ണന്‍ വീട്ടില്‍ മന്ത്രവാദവും പൂജയും നടത്തിയിരുന്നു. 

നെല്‍ മണികള്‍ ഉപയോഗിച്ചു കണക്കുകൂട്ടിയാണു കൃഷ്ണന്‍ പൂജകള്‍ നടത്തിയിരുന്നതെന്നും കോഴിക്കുരുതി ഉള്‍പ്പെടെ നടത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. ഒറ്റപ്പെട്ട വീട്ടിലേക്ക് ഒട്ടേറെ വാഹനങ്ങള്‍ സ്ഥിരമായി വന്നുപോയിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയാണു വന്നിരുന്നതെന്നു നാട്ടുകാര്‍ പറയുന്നു.

ഇന്നലെ രാവിലെ നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയില്‍ വീടിന്റെ വാതില്‍ ചാരിയ നിലയിലായിരുന്നു. അകത്തു കടക്കാന്‍ ബലം പ്രയോഗിച്ചതായി സൂചനയില്ല. വീട്ടില്‍ സ്ഥിരമായി വന്നിരുന്നവര്‍ ആരെങ്കിലുമാണോ സംഭവത്തിനു പിന്നിലെന്ന സാധ്യതയും പൊലീസ് പരിശോധിക്കും. 

ബന്ധുക്കളുമായി സ്വത്ത് തര്‍ക്കമുണ്ടായിരുന്നതായും സൂചനയുണ്ട്. അടുത്തുതന്നെയാണു താമസിച്ചിരുന്നതെങ്കിലും കൃഷ്ണനും കുടുംബവും സഹോദരങ്ങളുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. സംസാരം പോലും ഇല്ലായിരുന്നു. അമ്മ മരിച്ചിട്ടുപോലും ചടങ്ങുകളില്‍ പങ്കെടുത്തില്ല. കൊല്ലപ്പെട്ട കൃഷ്ണന്റെ സഹോദരങ്ങളെയും പൊലീസ് ചോദ്യം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com