'മീശ' നിരോധനത്തെ എതിര്‍ത്ത് കേന്ദ്രവും; നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം; ഇന്റര്‍നെറ്റ് കാലത്ത് ഇതൊക്കെ ഇത്ര പ്രശ്‌നമോയെന്ന് സുപ്രിം കോടതി

'മീശ' നിരോധനത്തെ എതിര്‍ത്ത് കേന്ദ്രവും; നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം; ഇന്റര്‍നെറ്റ് കാലത്ത് ഇതൊക്കെ ഇത്ര പ്രശ്‌നമോയെന്ന് സുപ്രിം കോടതി
'മീശ' നിരോധനത്തെ എതിര്‍ത്ത് കേന്ദ്രവും; നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം; ഇന്റര്‍നെറ്റ് കാലത്ത് ഇതൊക്കെ ഇത്ര പ്രശ്‌നമോയെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: എസ് ഹരീഷിന്റെ വിവാദമായ മീശ നോവല്‍ നിരോധിക്കുന്നതിനെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നിലപാട് അറിയിച്ചു. പുസ്തകം നിരോധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തലാവുമെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് ചൂണ്ടിക്കാട്ടി. നോവല്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയെ സംസ്ഥാന സര്‍ക്കാരും എതിര്‍ത്തു.

ഡല്‍ഹി സ്വദേശിയായ രാധാകൃഷ്ണനാണ് നോവല്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്. ബിജെപി ഡല്‍ഹി ഘടകം ദക്ഷിണേന്ത്യന്‍ സെല്‍ ഭാരവാഹിയാണ് രാധാകൃഷ്ണന്‍. സ്ത്രീകളെയും ഒരു സമുദായത്തെയും അധിക്ഷേപിക്കുന്നതാണ് നോവല്‍ എന്നാണ് ഹര്‍ജിയിലെ ആക്ഷേപം. പുസ്തകങ്ങള്‍ നിരോധിക്കുന്ന സംസ്‌കാരം ആശയങ്ങളുടെ ഒഴുക്കിനെ തടയുമെന്ന് വാദം കേള്‍ക്കലിനിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. 

നോവലിലെ വിവാദമായ ഭാഗങ്ങള്‍ ഹര്‍ജിക്കാരനുവേണ്ടി ഹാജരായ ഉഷാ നന്ദിനി കോടതിയില്‍ വായിച്ചു. ഇതു രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണമാണെന്നും നോവലിലെ കഥാസാഹചര്യം വച്ചാണ് മനസിലാക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ഇതിനോടു പ്രതികരിച്ചു. ഈ ഇന്റര്‍നെറ്റ് കാലത്തും ഇതൊക്കെ ഇത്ര വിഷയമാക്കാനുണ്ടോയെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചോദിച്ചു. അനാവശ്യ പ്രാധാന്യം നല്‍കി വിഷയം പെരുപ്പിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

പുസ്തകം നിരോധിക്കുന്നത് ഭരണഘടനയുടെ പത്തൊന്‍പതാം അനുച്ഛേദപ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാവുമെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് പറഞ്ഞു.

നോവലിലെ വിവാദ ഭാഗങ്ങള്‍ തര്‍ജമ ചെയ്ത് ഹരാജരാക്കാന്‍, നോവല്‍ തുടക്കത്തില്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിന് കോടതി നിര്‍ദേശം നല്‍കി. അഞ്ച് ആഴ്ചയ്ക്കകം വിവാദ ഭാഗങ്ങള്‍ ഹാജരാക്കാനാണ് നിര്‍ദേശം.

വിവാദത്തെത്തുടര്‍ന്ന് നോവല്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയിരുന്നു. തുടര്‍ന്ന് ഡിസി ബുക്‌സ് ഇതു പുസ്തകരൂപത്തില്‍ പുറത്തിറക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com