കാലവര്‍ഷക്കെടുതി; കേന്ദ്രസംഘം ഏഴിനെത്തും

കാലവര്‍ഷക്കെടുതി; കേന്ദ്രസംഘം ഏഴിനെത്തും

സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി വിലയിരുത്തുന്നതിനുള്ള ഏഴംഗ കേന്ദ്രസംഘം ഏഴു മുതല്‍ ഒന്‍പതു വരെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി വിലയിരുത്തുന്നതിനുള്ള ഏഴംഗ കേന്ദ്രസംഘം ഏഴു മുതല്‍ ഒന്‍പതു വരെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ബോര്‍ഡര്‍ മാനേജ്‌മെന്റ് സെക്രട്ടറി ധര്‍മ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള സംഘം ഏഴിനു കൊച്ചിയിലെത്തും. എട്ടിന് ആലപ്പുഴ സന്ദര്‍ശിക്കും. 

ഒന്‍പതിനു രാവിലെ 11.30നു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ എന്നിവരുമായി കൂടിക്കാഴ്ച. തുടര്‍ന്ന് പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കൊച്ചിയില്‍ നിന്നു ഡല്‍ഹിയിലേക്കു പോകും. പരിപാടിയില്‍ ഇനിയും മാറ്റം വരാന്‍ സാധ്യതയുണ്ട്. വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ നാശനഷ്ടം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, നിലവിലുള്ള പരിപാടിയില്‍ മാറ്റം വരുത്തി കേന്ദ്രസംഘം ഈ ജില്ലകളും സന്ദര്‍ശിച്ചേക്കാം. 

കേന്ദ്ര വൈദ്യുതി അതോറിറ്റി ഡപ്യൂട്ടി ഡയറക്ടര്‍ നര്‍സിറാം മീണ, കേന്ദ്ര ധനവകുപ്പിലെ ധനവിനിയോഗ ജോയിന്റ് ഡയറക്ടര്‍ എസ്.സി.മീണ, ഗ്രാമവികസന വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ചാഹത് സിങ്, ഹൈദരാബാദ് ഡിഒഡി ഡയറക്ടര്‍ ബി.കെ.ശ്രീവാസ്തവ, കൊച്ചി ബീച്ച് ഇറോഷന്‍ ഡയറക്ടറേറ്റിലെ ഡയറക്ടര്‍ ആര്‍.തങ്കമണി, ദേശീയപാതാ വകുപ്പിലെ റീജനല്‍ ഓഫിസര്‍ (തിരുവനന്തപുരം) വി.വി.ശാസ്ത്രി എന്നിവരാണു കേന്ദ്രസംഘത്തിലെ അംഗങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com