ക്ഷേമ പെന്‍ഷനുകളുടെ വിതരണം അടുത്ത ആഴ്ച മുതല്‍

ക്ഷേമ പെന്‍ഷനുകളുടെ ഓണം ഗഡു ആഗസ്റ്റ് 10 ന് വിതരണം ചെയ്തു തുടങ്ങുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്
ക്ഷേമ പെന്‍ഷനുകളുടെ വിതരണം അടുത്ത ആഴ്ച മുതല്‍

തിരുവനന്തപുരം :  ക്ഷേമ പെന്‍ഷനുകളുടെ ഓണം ഗഡു ആഗസ്റ്റ് 10 ന് വിതരണം ചെയ്തു തുടങ്ങുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. വീട്ടില്‍ പെന്‍ഷന്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട 20 ലക്ഷത്തില്‍പ്പരം ആളുകളില്‍ നല്ലപങ്ക് പേര്‍ക്കും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളോടുകൂടി പണം ലഭ്യമാകുമെന്നാണ് കരുതുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ധനമന്ത്രി അറിയിച്ചു. 

ബാങ്ക് അക്കൗണ്ടുകള്‍ വഴി പെന്‍ഷന്‍ വിതരണം ആഗസ്റ്റ് 16 നാണ് നടക്കുക. വെല്‍ഫയര്‍ ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തിനുളള നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. ബോര്‍ഡുകളുടെ അക്കൗണ്ടുകളില്‍ ലഭ്യമായ പണത്തിനു പുറമേ ഓണത്തിന് പെന്‍ഷന്‍ നല്‍കുന്നതിനു വേണ്ടിവരുന്ന തുക സര്‍ക്കാര്‍ ലഭ്യമാക്കും. 188 കോടി രൂപ ഇതിനായി വേണ്ടിവരും. കര്‍ഷക പെന്‍ഷന്‍ ജൂലൈ മാസം വരെയുള്ളത് ഭൂരിപക്ഷം പേര്‍ക്കും ഇതിനകം നല്‍കിക്കഴിഞ്ഞു. അതുകൊണ്ട് ഓണത്തിന് വളരെ ചുരുങ്ങിയ കുടിശികയേ വിതരണം ചെയ്യേണ്ടതായുള്ളൂവെന്നും ധനമന്ത്രി വ്യക്തമാക്കി. 

നിലവില്‍ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം 4247829 ആണ്. ഇതില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പുതിയതായി രേഖപ്പെടുത്തിയ 127684 അപേക്ഷകരും ഉള്‍പ്പെടും. ഇനിയും 2 ലക്ഷത്തോളം അപേക്ഷകള്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിഗണനയിലാണ്. ഓണത്തിന് പെന്‍ഷന്‍ നല്‍കാനുള്ള ബില്ലുകള്‍ തയ്യാറാക്കുന്നതിനായി 6 മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ അപേക്ഷകരുടെ ഡാറ്റാ എന്‍ട്രി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതാണ്. 11 മുതല്‍ പുതിയ അപേക്ഷകള്‍ വീണ്ടും അപ്പ്‌ലോഡ് ചെയ്യാം. അപ്പ്‌ലോഡ് ചെയ്യുന്ന മാസം മുതലാണ് പുതിയ അപേക്ഷകര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടാവുക.

കര്‍ഷകപെന്‍ഷന്‍ അടക്കമുള്ള ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം 9.17 ആണ്. അങ്ങനെ മൊത്തം പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 51.65 ലക്ഷം വരും. ഇവര്‍ക്കെല്ലാമായി ഓണത്തിന് 2300 ഓളം കോടി രൂപ വിതരണം ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com