'ക്രിട്ടിക്കല്‍ പണി എടുക്കണം' , 'കോടികൾ ഉടന്‍ കയ്യില്‍ വരും' ; കമ്പകക്കാനം കൂട്ടക്കൊലയില്‍ കസ്റ്റഡിയിലുള്ള ഷിബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

ഒരു സുഹൃത്തിനോട് നടത്തുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായത്. കടങ്ങളൊക്കെ തീരും. കോടികള്‍ കയ്യില്‍ വരുമെന്ന് ഷിബു പറയുന്നു
'ക്രിട്ടിക്കല്‍ പണി എടുക്കണം' , 'കോടികൾ ഉടന്‍ കയ്യില്‍ വരും' ; കമ്പകക്കാനം കൂട്ടക്കൊലയില്‍ കസ്റ്റഡിയിലുള്ള ഷിബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

ഇടുക്കി : വണ്ണപ്പുറം കമ്പകക്കാനത്ത് മന്ത്രവാദിയായ ഗൃഹനാഥനെയും കുടുംബത്തെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലായ ഷിബുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. ഒരു സുഹൃത്തിനോട് നടത്തുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായത്. കടങ്ങളൊക്കെ തീരും. കോടികള്‍ കയ്യില്‍ വരുമെന്ന് ഷിബു സുഹൃത്തിനോട് പറയുന്നുണ്ട്. 50,000 രൂപ നല്‍കണമെന്ന് ഷിബു ഫോണ്‍ സംഭാഷണത്തില്‍ സുഹൃത്തിനോട് ആവശ്യപ്പെടുന്നു.

പണം ഇല്ലെന്ന് പറയുന്ന സുഹൃത്തിനോട്, ഇതിനായി ക്രിട്ടിക്കല്‍ പണി എടുക്കാനും തയ്യാറാകണമെന്ന് ഷിബു ഉപദേശിക്കുന്നു. പണം ബിസിനസ് മേധാവിക്ക് നല്‍കാനാണ്. ഇയാള്‍ ഇപ്പോള്‍ തിരുവനന്തപുരത്തുണ്ട്. ഹോട്ടലില്‍ സ്യൂട്ട് റൂമെടുത്ത് മൂന്ന് മാസമായി ഇയാള്‍ കഴിയുകയാണ്. പത്തുകോടി രൂപ ബിസിനസിന് അഡ്വാന്‍സ് ചെയ്ത്, വീടും പുരയിടവും വിലയ്ക്ക് വാങ്ങി സെക്യൂരിറ്റിയായി കിടക്കുകയാണ്. 

നമ്മുടെ കക്ഷിയും പേരില് ലോകം അറിയപ്പെടുന്ന ആളായി മാറും. വെള്ളിയാഴ്ച പുള്ളിക്ക് 50 ലക്ഷം രൂപ വരുന്നുണ്ട്. രണ്ട് ദിവസത്തേക്ക് കടം വാങ്ങിയോ മറ്റോ പണം തരാനാണ് ഷിബു ആവശ്യപ്പെടുന്നത്. അതിന് ക്രിട്ടിക്കല്‍ പണിയോ എന്തോ എടുക്കാന്‍ പറ്റുമെങ്കില്‍ എടുത്തോ. അമ്പത് തന്നാല്‍ അമ്പത് താന്‍ വാങ്ങിത്തരും. പ്രശസ്തനാകാമെന്നും ഷിബു ഫോണ്‍ സംഭാഷണത്തിനിടെ പറയുന്നു. 

മുസ്ലീം ലീഗ് പ്രാദേശിക പ്രവര്‍ത്തകനാണ് പൊലീസ് കസ്റ്റഡിയിലുള്ള ഷിബു. ഇദ്ദേഹത്തിന് തൊടുപുഴയിലും ദുരുഹമായ സാമ്പത്തിക ഇടപാടുണ്ടെന്നാണ് പൊലീസിന് ലഭിച്ച റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഷിബുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരം പാങ്ങോട് നിന്നാണ് പൊലീസ് ഷിബുവിനെ കസ്റ്റഡിയിലെടുക്കുന്നത്. സാമ്പത്തിക തട്ടിപ്പു കേസുകളില്‍ ഇയാള്‍ നേരത്തെ പ്രതിയായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  ഒളിവിലായിരുന്ന ഷിബു അമ്മയുടെ മരണാനന്തര ചടങ്ങിന് എത്തിയപ്പോഴാണ് പൊലീസ് പിടികൂടുന്നത്. 

ഈ കോടികളുടെ ഇടപാടാണോ മന്ത്രവാദി കൃഷ്ണന്റെ യും കുടുംബത്തിന്റെയും കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കൂടാതെ, ഈ ചീഫ് ആരാണ്, കോടികള്‍ എവിടെ നിന്നു വരുന്നു തുടങ്ങിയ കാര്യങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. കൃഷ്ണന്റെയും കുടുംബത്തിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള നെടുങ്കണ്ടം സ്വദേശിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട കൃഷ്ണനുമായി ഷിബുവിന് അടുത്ത ബന്ധമുണ്ട്. കൂടാതെ മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ രാജശേഖരന്‍, തച്ചോളം സ്വദേശി ഇര്‍ഷാദ്
എന്നിവരും കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com