രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരത്തെത്തി ; നിയമസഭ വജ്രജൂബിലി ആഘോഷ സമാപനം നാളെ ഉദ്ഘാടനം ചെയ്യും

വിമാനത്താവളത്തില്‍ ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു
രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരത്തെത്തി ; നിയമസഭ വജ്രജൂബിലി ആഘോഷ സമാപനം നാളെ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തില്‍ ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. ചെന്നൈയില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയെ സന്ദര്‍ശിച്ചശേഷമാണ് രാഷ്ട്രപതി തലസ്ഥാനത്തെത്തിയത്. 

രാഷ്ട്രപതിയ്ക്ക് സംസ്ഥാനത്ത് ഇന്ന് ചടങ്ങുകള്‍ ഒന്നുമില്ല. രാജ്ഭവനില്‍ തങ്ങുന്ന രാഷ്ട്രപതി നാളെ രാവിലെ 11 ന് നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിനു സമാപനം കുറിച്ചുള്ള ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി  ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചരയ്ക്ക് രാഷ്ട്രപതി കൊച്ചിയിലേക്കു പോകും. അവിടെ ഗവ. ഗസ്റ്റ് ഹൗസിലാണ് രാഷ്ട്രപതിയുടെ താമസം.

ചൊവ്വാഴ്ച ഒന്‍പതിനു ബോള്‍ഗാട്ടി പാലസില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കുമാര്‍ക്കുമൊപ്പം പ്രഭാത ഭക്ഷണവും ചര്‍ച്ചയും നടത്തും. 10.10നു ഹെലികോപ്റ്ററില്‍ തൃശൂരിലേക്കു പോകുന്ന അദ്ദേഹം രാവിലെ 11 ന്  സെന്റ് തോമസ് കോളജ്  ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. 

തുടര്‍ന്ന് ഹെലികോപ്റ്ററില്‍ 12.30നു ഗുരുവായൂരിലെത്തും. ഗുരുവായൂര്‍ ക്ഷേത്രത്തിലും  മമ്മിയൂര്‍ ക്ഷേത്രത്തിലും രാഷ്ട്രപതി ദര്‍ശനം നടത്തും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ തന്നെ  കൊച്ചിയില്‍ മടങ്ങിയെത്തുന്ന രാഷ്ട്രപതി 2.45നു പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കു മടങ്ങും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com