റൈസ്പുള്ളറും ആഭിചാരവും; കൃഷ്ണന്റെ തട്ടിപ്പുകള്‍  തമിഴ്‌നാട് കേന്ദ്രീകരിച്ച്; പണം നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും മലയാളികള്‍

ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് കൂട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട കൃഷ്ണന്‍ നടത്തിവന്നിരുന്ന തട്ടിപ്പുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
റൈസ്പുള്ളറും ആഭിചാരവും; കൃഷ്ണന്റെ തട്ടിപ്പുകള്‍  തമിഴ്‌നാട് കേന്ദ്രീകരിച്ച്; പണം നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും മലയാളികള്‍

തൊടുപുഴ: ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് കൂട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട കൃഷ്ണന്‍ നടത്തിവന്നിരുന്ന തട്ടിപ്പുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിധിവേട്ടയ്ക്ക് പുറമേ റൈസ് പുള്ളറിന്റെ പേരിലും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. തമിഴ്‌നാട് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പുകള്‍ നടത്തിയിരുന്നത്. ആഭിചാരത്തിന്റെ പേരിലും ഇയാള്‍ പണം തട്ടിയിരുന്നു.  കൂടുതല്‍ പണം നഷ്ടപ്പെട്ടത് മലയാളികള്‍ക്കാണ്. ഇത്തരത്തില്‍ നിധിവേട്ടയില്‍ പണം നഷ്ടപ്പെട്ട സംഘമാകാം കൃഷ്ണനെയും കുടുംബത്തേയും കൊലപ്പെടുത്തിയത് എന്ന നിഗമനത്തിലാണ് പൊലീസ്. 

 കേസുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ പൊലീസിന്റെ പിടിയിലുണ്ട്. കസ്റ്റഡിയിലെടുത്തവര്‍ക്കു കൃഷ്ണനുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്നാണു പൊലീസിനു ലഭിച്ച സൂചന. പണമിടപാടു സംബന്ധിച്ച ഫോണ്‍ സംഭാഷണവും പുറത്തായി. രണ്ടു ദിവസത്തേക്ക് 50,000 രൂപ നല്‍കിയാല്‍ ഒരുലക്ഷമാക്കി തിരിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്യുന്നതാണു ഫോണ്‍ സംഭാഷണം.

കസ്റ്റഡിയിലുള്ള മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ഷിബുവിനെതിരെ വിവിധ കേസുകള്‍ നിലവിലുണ്ട്. സാമ്പത്തിക ഇടപാടുകളുടെ പേരിലുള്ളതാണു പലതും. പാങ്ങോട് സ്വദേശിയായ ഒരു മൗലവിയെ കബളിപ്പിച്ചു തുക രേഖപ്പെടുത്താത്ത ചെക്കും പ്രോമിസറി നോട്ടും നല്‍കി അഞ്ചു ലക്ഷം രൂപ തട്ടിച്ചെടുത്തുവെന്ന കേസാണ് അവസാനത്തേത്. കല്ലറ സ്വദേശിയുടെ കാര്‍  ലോണ്‍ വച്ചു പണം വാങ്ങിയതുള്‍പ്പടെ 15 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുകയുടെ തട്ടിപ്പു നടത്തിയെന്ന നിരവധി പരാതികളുമുണ്ട്. കേസുകള്‍ ഒത്തു തീര്‍ക്കാന്‍ പൊലീസ് ഉന്നതര്‍ക്കു നല്‍കാനെന്നു പറഞ്ഞു പണം വാങ്ങിയ സംഭവത്തിലും പാങ്ങോട് പൊലീസ് കേസെടുത്തിട്ടുണ്ട്.

നിധി കണ്ടെത്തുന്നതു സംബന്ധിച്ചു തമിഴ്‌നാട്ടില്‍ പൂജ നടത്തിയതിന്റെ പേരിലുള്ള തര്‍ക്കമാണു കൂട്ടക്കൊലയ്ക്കു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. മന്ത്രവാദത്തിനും മറ്റുമായി കൃഷ്ണന്‍ തമിഴ്‌നാട്ടില്‍ പോകാറുണ്ടായിരുന്നതായും നിധി കണ്ടെത്താന്‍ പ്രത്യേക പൂജ നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൃഷ്ണന്റെ വീട്ടില്‍ സ്ഥിരമായി എത്തിയിരുന്ന തമിഴ്‌നാട് സ്വദേശികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. മന്ത്രവാദത്തിനും പൂജകള്‍ക്കുമായി കമ്പകക്കാനത്തെ കൃഷ്ണന്റെ വീട്ടില്‍ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വന്നിരുന്നതായും വിവരം ലഭിച്ചു.

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.വി. പത്മരാജന്റെ ഗണ്‍മാനായിരുന്നു കസ്റ്റഡിയിലുള്ള തിരുവനന്തപുരം പേരൂര്‍ക്കട മണ്ണുംമൂല സ്വദേശിയായ റിട്ട. അസി. കമന്‍ഡാന്റ് രാജശേഖരന്‍. ഇപ്പോള്‍ സജീവ ബിജെപി പ്രവര്‍ത്തകനാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. സര്‍വീസിലിരിക്കെ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട ഡോളര്‍ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നു കുറച്ചുകാലം ഇയാള്‍ സസ്‌പെന്‍ഷനില്‍ ആയിരുന്നു. തൃശൂര്‍ റേഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു റിട്ട. അസി. കമന്‍ഡാന്റിനെ കസ്റ്റഡിയിലെടുത്തത്. തച്ചോണം സ്വദേശി ഇര്‍ഷാദിനു ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണു സൂചന.

കൃഷ്ണന്റെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് ഇവരിലേക്കു പൊലീസിന്റെ സംശയം നീണ്ടത്. കൃഷ്ണന്റെ സഹോദരങ്ങളിലൊരാളുടെ മൊഴിയും സഹായകമായി. കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ ബുധനാഴ്ച രാവിലെയാണു കൊല്ലപ്പെട്ട നിലയില്‍ വീടിനു പിന്നിലെ ചാണകക്കുഴിയില്‍ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com