വണ്ണപ്പുറം കൂട്ടക്കൊല: മുഖ്യപ്രതികളെന്ന്‌ സംശയിക്കുന്ന രണ്ട് പേര്‍ പിടിയില്‍

ഇടുക്കി കമ്പകക്കാനത്ത്‌ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിലായെന്ന് സൂചന
വണ്ണപ്പുറം കൂട്ടക്കൊല: മുഖ്യപ്രതികളെന്ന്‌ സംശയിക്കുന്ന രണ്ട് പേര്‍ പിടിയില്‍

തൊടുപുഴ: ഇടുക്കി കമ്പകക്കാനത്ത്‌ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതികളായ രണ്ട് പേർ പിടിയിൽ. കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന അടിമാലി, തൊടുപുഴ സ്വദേശികളാണ് പിടിയിലായതെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി അനീഷാണ് ഒരാള്‍. തൊടുപുഴയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ് അനീഷ്.

പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ഐ.ജി വിജയ് സാക്കറെ ഇടുക്കിയിലെത്തിയിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് അനീഷും സഹായിയും ചേര്‍ന്ന് കൃത്യം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയുടെ പ്രതിരോധ ശ്രമത്തിനിടെ അനീഷിന് പരിക്കേറ്റിരുന്നു. മൃതദേഹങ്ങള്‍ തിങ്കളാഴ്ചയാണ് കുഴിച്ചുമൂടിയത്. കുഴിച്ചുമൂടാനെത്തിയപ്പോള്‍ കൃഷ്ണനും മകനും ജീവനുണ്ടായിരുന്നു. കൃഷ്ണനെ കൊന്നാല്‍ മന്ത്രശക്തി കിട്ടുമെന്ന് കരുതിയെന്നും മൊഴി.

നേരത്തെ കേസുമായി ബന്ധപ്പെട്ട് കസ്‌റ്റഡിയിലെടുത്തിരുന്ന നാല് പേരെ വിട്ടയച്ചിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകണമെന്ന കർശന നിർദ്ദേശം നൽകിയാണ് വിട്ടയച്ചത്. 

കൃഷ്ണനും കൂട്ടരും നടത്തിയ മന്ത്രവാദ തട്ടിപ്പാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റിലായ അടൂർ മൂന്നാം സായുധ ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡറായിരുന്ന പേരൂർക്കട സ്വദേശി രാജശേഖരൻ, മുസ്ലീം ലീഗ് ജില്ലാ നേതാവ് കല്ലറ സ്വദേശി ഷിബു, തച്ചോണം സ്വദേശി അർഷദ് എന്നിവർക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്നും ഇവർ കൃഷ്ണനുമായി ഇടപാടുകൾ നടത്തിയിരുന്നവരാണെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടോ എന്ന് ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com