കുമ്പസാര പീഡനം : വൈദികര്‍ക്ക് ജാമ്യമില്ല ; തിങ്കളാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി 

കുമ്പസാരം മറയാക്കി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളായ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
കുമ്പസാര പീഡനം : വൈദികര്‍ക്ക് ജാമ്യമില്ല ; തിങ്കളാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി 

ന്യൂഡല്‍ഹി : കുമ്പസാരം മറയാക്കി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളായ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വൈദികര്‍ അടുത്ത തിങ്കളാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. കീഴടങ്ങിയ ശേഷം സ്ഥിര ജാമ്യത്തിനായി വൈദികര്‍ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. 

കുമ്പസാരം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ കേസ് പരിഗണിച്ച സുപ്രീം കോടതി വൈദികരുടെ അറസ്റ്റ് തല്‍ക്കാലത്തേക്ക് തടഞ്ഞിരുന്നു. 

കേസില്‍ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വൈദികര്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കുമെന്നും, സാക്ഷികളെ സ്വാധീനിക്കുമെന്നും പരാതിക്കാരി ബോധിപ്പിച്ചു. ദൃശ്യങ്ങള്‍ കയ്യിലുള്ള ഇവര്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുമെന്നും പരാതിക്കാരി വ്യക്തമാക്കി. വൈദികര്‍ സ്വന്തം ഭാഗം ന്യായീകരിക്കുന്ന വീഡിയോ കൈവശമുണ്ടെന്നും വീട്ടമ്മ അറിയിച്ചു. 

വൈദികരുടെ ലൈംഗിക പീഡനക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വൈദികര്‍ വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചത് ഉള്‍പ്പെടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വൈദികരെ ചോദ്യം ചെയ്യേണ്ടത് അന്വേഷണത്തിന് അനിവാര്യമാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. തല്‍സ്ഥിതി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് സുപ്രീംകോടതി വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

നേരത്തെ കേസിലെ പ്രതികളായ വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോബ് മാത്യു, മൂന്നാം പ്രതി ഫാദര്‍ ജോണ്‍സൺ മാത്യു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഒളിവില്‍ കഴിഞ്ഞ ഒന്നും നാലും പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. യുവതിയുമായി ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നാണ് പ്രതികളുടെ അഭിഭാഷകന്റെ വാദിച്ചത്.  

കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസ്, യുവതിക്ക് 16 വയസ്സുള്ളപ്പോള്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു എന്നാണ് പൊലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. തുടര്‍ന്നും ഇയാള്‍ പീഡിപ്പിച്ചു. വിവാഹശേഷം യുവതി കുമ്പസാരത്തില്‍, രണ്ടാം പ്രതി ഫാദര്‍ ജോബ് മാത്യുവിനോട് ഇക്കാര്യം പറഞ്ഞു. ഈ കുമ്പസാര രഹസ്യം മറയാക്കി മറ്റു പ്രതികളും യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികര്‍ പല തവണ പീഡിപ്പിച്ചെന്ന് മേയ് ആദ്യ വാരമാണ് യുവതിയുടെ ഭര്‍ത്താവായ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണം ഉന്നയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com