കേരളം എതിര്‍ശബ്ദങ്ങളെ മാനിക്കുന്ന സമൂഹം ; രാഷ്ട്രീയ അക്രമങ്ങളെ പടിക്ക് പുറത്ത് നിര്‍ത്തണമെന്ന് രാഷ്ട്രപതി

പരസ്പര ബഹുമാനം, മറ്റൊരാളുടെ കാഴ്ചപ്പാടിനോടുള്ള ആദരവ് എന്നിവയെല്ലാം കേരള സമൂഹത്തിന്റെ സവിശേഷതയാണ്
കേരളം എതിര്‍ശബ്ദങ്ങളെ മാനിക്കുന്ന സമൂഹം ; രാഷ്ട്രീയ അക്രമങ്ങളെ പടിക്ക് പുറത്ത് നിര്‍ത്തണമെന്ന് രാഷ്ട്രപതി

തിരുവനന്തപുരം : രാഷ്ട്രീയ കൊലപാതകങ്ങളെയും അക്രമങ്ങളെയും വിമര്‍ശിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സംവാദം, വിയോജിപ്പ്, എതിര്‍പ്പ് എന്നിവയെല്ലാം ജനാധിപത്യത്തില്‍ അംഗീകരിക്കപ്പെട്ടവയാണ്. എന്നാല്‍ ഇതിന്റെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും ദൗര്‍ഭാഗ്യകരമാണ്. വയലന്‍സിന് നമ്മുടെ ഭരണഘടനയില്‍ ഒരു സ്ഥാനവുമില്ല. ഇക്കാര്യം കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങള്‍ ഗൗരവമായി ചിന്തിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. 

കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന് സമാപനം കുറിച്ചുള്ള ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാംനാഥ് കോവിന്ദ്. മഹത്തായ പാരമ്പര്യമുള്ള കേരളത്തിലും ഇത്തരം അക്രമങ്ങള്‍ വര്‍ധിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, പ്രബുദ്ധ ജനതയും രംഗത്തുവരണമെന്നും രാഷ്ട്രപതി അഭ്യര്‍ത്ഥിച്ചു. 

പരസ്പര ബഹുമാനം, മറ്റൊരാളുടെ കാഴ്ചപ്പാടിനോടുള്ള ആദരവ് എന്നിവയെല്ലാം കേരള സമൂഹത്തിന്റെ സവിശേഷതയാണ്. എന്നാല്‍ ഇതിന് വിരുദ്ധമായി സംസ്ഥാനത്തെ ചിലയിടങ്ങളില്‍ രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. കേരള മോഡലിന്റെ അടുത്ത ഘട്ടത്തില്‍ സംസ്ഥാനത്തെ യുവാക്കള്‍ക്ക് ഏറെ അവസരങ്ങള്‍ സംജാതമാകുമെന്ന് പ്രതീക്ഷിക്കുന്നു. കേരള സമൂഹത്തിന് ഓണാശംസകളും രാഷ്ട്രപതി നേര്‍ന്നു. 

ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com