കൊച്ചിയില്‍ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു; കപ്പല്‍ നിര്‍ത്താതെ പോയി; ഒന്‍പത് പേരെ കാണാനില്ല

മുനമ്പത്തുനിന്നും മീന്‍ പിടിക്കാന്‍ പോയ ഓഷ്യാന എന്ന ബോട്ടില്‍ കപ്പല്‍ ഇടിക്കുകയായിരുന്നു- മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ബോട്ടില്‍ കപ്പല്‍ ഇടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. മുനമ്പത്തുനിന്നും മീന്‍ പിടിക്കാന്‍ പോയ ഓഷ്യാന എന്ന ബോട്ടില്‍ കപ്പല്‍ ഇടിക്കുകയായിരുന്നു. ബോട്ടില്‍ 15 മത്സ്യത്തൊഴിലാളികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്‍പതുപേരെ കണ്ടെത്താനായില്ല. രക്ഷപ്പെടുത്തിയ രണ്ട് പേരെ കരയ്‌ക്കെത്തിച്ചു. ഇവരെ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരിച്ചവരില്‍ ഒരാള്‍ ബംഗാളില്‍ നിന്നുള്ളയാളാണെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വടക്കന്‍ പറവൂരുകാരനും ബോട്ടിലുണ്ടായതായാണ് വിവരം. അപകടത്തില്‍പ്പെട്ടവരെ എത്തിക്കുന്ന മറ്റ് ബോട്ടുകള്‍ അല്‍പസമയത്തിനകം മുനമ്പത്തെത്തും. അതേസമയം ബോട്ടില്‍ എത്രപേര്‍ ഉണ്ടെന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ഇല്ല. കുളച്ചല്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്ന് സൂചനയുണ്ട്

ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. കപ്പല്‍ ചാലിനോട് ചേര്‍ന്നുള്ള ഭാഗത്താണ് അപകടം. ബോട്ട് പൂര്‍ണമായും തകര്‍ന്ന് മുങ്ങിത്താണതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കടലിലേക്ക് തെറിച്ചുവീണ മത്സ്യതൊഴിലാളികളെ പുറം കടലില്‍ മീന്‍പിടിക്കാനെത്തിയ മറ്റ് മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തുകയായിരുന്നു.

ബോട്ടില്‍ ഇടിച്ച കപ്പല്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇതിനായി മുംബൈ മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ടിന്  ലഭ്യമായ വിവരങ്ങള്‍ നല്‍കി. അപകടത്തില്‍പ്പെട്ടവരെ കൊണ്ടുവരാനുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com