പണിമുടക്കില്‍ വലഞ്ഞ് ജനങ്ങള്‍; റോഡില്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രം; സംസ്ഥാനത്ത് പണിമുടക്ക് പൂര്‍ണം

പണിമുടക്ക് സംസ്ഥാനത്തെ ജനജീവിതത്തെ സാരമായി ബാധിച്ചു
പണിമുടക്കില്‍ വലഞ്ഞ് ജനങ്ങള്‍; റോഡില്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രം; സംസ്ഥാനത്ത് പണിമുടക്ക് പൂര്‍ണം

തിരുവനന്തപുരം: മാട്ടോര്‍ വാഹന നികുതി ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് സംസ്ഥാനത്തെ ജനജീവിതത്തെ സാരമായി ബാധിച്ചു. പണിമുടക്കിനൊപ്പം കെഎസ്ആര്‍ടിസ് യുണിയനുകളും സമരം പ്രഖ്യാപിച്ചതോടെയാണ് സ്ഥിതി വഷളായത്. സ്വകാര്യ ബസുകള്‍, ടാക്‌സി, ഓട്ടോറിക്ഷ തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. 24 മണിക്കൂര്‍ നീണ്ട പണിമുടക്ക് ഇന്ന് അര്‍ധരാത്രിയാണ് ആരംഭിച്ചത്. 

ചില സ്ഥലങ്ങളില്‍ ഓട്ടോറിക്ഷ സര്‍വീസ് നടത്തുന്നുണ്ടെന്നത് ഒഴിച്ചാല്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. കെഎസ്ആര്‍ടിസി ബസുകളെ പ്രധാനമായും ആശ്രയിക്കുന്ന തിരുവനന്തപുരം നഗരത്തിലും തെക്കന്‍ ജില്ലകളിലും ജനജീവിതം സ്തംഭിച്ച നിലയിലാണ്. ട്രെയിനുകളില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ രോഗികള്‍ക്ക് പോലീസ് ഇടപെട്ട് യാത്രാ സൗകര്യം ഒരുക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രി തന്നെ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. 

കൊച്ചിയില്‍ മെട്രോ മാത്രമാണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും പണിമുടക്കിയതോടെ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുകയാണ് കൊച്ചിയിലെ ജനങ്ങള്‍. കോഴിക്കോട് നഗരത്തിലും സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. ബസുകളൊന്നും സര്‍വീസ് നടത്തുന്നില്ല. മലബാര്‍ മേഖലയില്‍ ഇരു ചക്രവാഹനങ്ങളും ചിലയിടങ്ങളില്‍ ഓട്ടോറിക്ഷകളും മാത്രമാണ് റോഡിലിറങ്ങിയത്. 

ചൊവ്വാഴ്ച അര്‍ധരാത്രിവരെയാണ് പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട മോട്ടോര്‍വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com