മുസ്ലീംലീ​ഗിന് ബദലായി ഇന്ത്യൻ സെക്കുലർ ലീ​ഗ്; കെടി ജലീലിന്റെ പാർട്ടിയിൽ അഞ്ച് എംഎൽഎമാർ; പൊന്നാനി ലോക്സഭാ സീറ്റ് ലക്ഷ്യമിട്ട് സിപിഎം

പൊന്നാനി മണ്ഡലത്തിൽ സെക്യുലർ ലീ​ഗ് സ്ഥാനാർത്ഥിയെ നിർത്തി മുസ്ലീം ലീ​ഗിന്റെ കുത്തക പൊളിക്കാനാകുമെന്ന് സിപിഎം കണക്ക്കൂട്ടുന്നു 
മുസ്ലീംലീ​ഗിന് ബദലായി ഇന്ത്യൻ സെക്കുലർ ലീ​ഗ്; കെടി ജലീലിന്റെ പാർട്ടിയിൽ അഞ്ച് എംഎൽഎമാർ; പൊന്നാനി ലോക്സഭാ സീറ്റ് ലക്ഷ്യമിട്ട് സിപിഎം

മലപ്പുറം: മുസ്ലീം ലീ​ഗിന് ബദലായി ‘ഇന്ത്യൻ സെക്കുലർ ലീഗു’മായി മന്ത്രി കെടി ജലീൽ.  അ​ഞ്ച്​ സ്വ​ത​ന്ത്ര എം.​എ​ൽ.​എ​മാ​രെ ഒപ്പം നിർത്തിയാണ് ലീ​ഗിനെതിരെയുള്ള കരുനീക്കം. ഇടതു അനുകൂല ഇസ്ലാമിക പാർട്ടികൾ ജലീലിന്റെ പാർട്ടിയിൽ ലയിക്കുന്നതോടെ ഇടതുമുന്നണിയിൽ പ്രവേശനവും ലഭിക്കും. പുതിയ പാർട്ടിക്ക് മലബാറിൽ മുസ്ലിം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാൻ കഴിയുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. ജലീലിന്റെ നീക്കത്തിന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പച്ചക്കൊടി വീശിയിരുന്നു. ലോക്സഭാ തെരഞ്ഞടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ സെക്യുലർ ലീ​ഗ് സ്ഥാനാർത്ഥിയെ നിർത്തി മുസ്ലീം ലീ​ഗിന്റെ കുത്തക പൊളിക്കാനാകുമെന്ന കണക്കുകൂട്ടലും പുതിയ രാഷ്ട്രീയ നീക്കത്തിന് പിന്നിലുണ്ട്

കെ.​ടി. ജ​ലീ​ൽ (ത​വ​നൂ​ർ), പി.​വി. അ​ൻ​വ​ർ (നി​ല​മ്പൂ​ർ), വി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ (താ​നൂ​ർ), പി.​ടി.​എ. റ​ഹീം (കു​ന്ന​മും​ഗ​ലം), കാ​രാ​ട്ട്​ റ​സാ​ഖ്​ (കൊ​ടു​വ​ള്ളി) എ​ന്നി​വ​രാ​ണ്​ അ​ഞ്ച്​ എം.​എ​ൽ.​എ​മാ​ർ. ഇവരെ കൂ​ടാ​തെ 2016ൽ ​തി​രൂ​രി​ൽ മ​ത്സ​രി​ച്ച്​ പ​രാ​ജ​യ​പ്പെ​ട്ട ഗ​ഫൂ​ർ പി. ​ലി​ല്ലീ​സും നേതൃനിരയിൽ ഉണ്ടാകും. നിലവിലുള്ള ചെറുകിട മുസ്ലിം രാഷ്ട്രീയ പാർട്ടികളായ ഇന്ത്യൻ നാഷണൽ ലീഗ്, പി.ടി.എ റഹീമിന്റെ നാഷണൽ സെക്കുലർ കോൺഫറൻസ്, അബ്ദുൽ നാസ്സർ മദനിയുടെ പി.ഡി.പി എന്നിവ പുതിയ പാർട്ടിയിൽ ലയിക്കും. എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട്, എൻ.ഡി.എഫ് തുടങ്ങിയവയെയും സഹകരിപ്പിക്കാൻ തീരുമാനിച്ചതാണെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തിൽ, അഭിമന്യു കൊലക്കേസിന്റെ പശ്ചാത്തലത്തിൽ അവരെ മാറ്റി നിർത്തുകയാണുണ്ടായത്

മലപ്പുറം, പൊന്നാനി, കോഴിക്കോട്, കാസർഗോഡ്, വയനാട് എന്നീ മണ്ഡലങ്ങളിൽ പുതിയ പാർട്ടിക്ക് നിർണായക സ്വാധീനമുണ്ടെന്നാണ് കെ.ടി. ജലീലും, പി.ടി.എ റഹീമും, പി.വി അൻവറും അവകാശപ്പെടുന്നത്. കാന്തപുരം എ.പി. അബുബക്കർ മുസലിയാർ, എം.ഇ.എസ് അധ്യക്ഷൻ ഫസൽ ഗഫൂർ എന്നിവരും ഈ രാഷ്ട്രീയ നീക്കത്തോട് സഹകരിക്കുന്നതായുമാണ് റിപ്പോർട്ടുകൾ. യോജിച്ച പ്രവർത്തനത്തിലൂടെ ലോക്സഭാ തെരഞ്ഞടുപ്പിൽ മലപ്പുറം ജില്ലയിലെ രണ്ട് മണ്ഡലങ്ങൾ ഒപ്പം നിർത്താനാകുമെന്നുമാണ് ഇവരുടെ കണക്ക്കൂട്ടൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com