രാഷ്ട്രപതി വന്നത് 'അറിഞ്ഞില്ല', പ്രോട്ടോക്കോള്‍ ലംഘനം; യാത്രയയ്ക്കാനും ഇല്ലെന്ന് മേയര്‍  

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കൊച്ചിയിലെ സ്വീകരണചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ കൊച്ചി മേയര്‍ സൗമിനി ജെയിനിന് പ്രതിഷേധം
രാഷ്ട്രപതി വന്നത് 'അറിഞ്ഞില്ല', പ്രോട്ടോക്കോള്‍ ലംഘനം; യാത്രയയ്ക്കാനും ഇല്ലെന്ന് മേയര്‍  

കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കൊച്ചിയിലെ സ്വീകരണചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ കൊച്ചി മേയര്‍ സൗമിനി ജെയിനിന് പ്രതിഷേധം. പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാട്ടി മേയര്‍ രാഷ്ട്രപതി ഭവന് കത്ത് നല്‍കി.  രാഷ്ട്രപതിയുടെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സൗമിനി ജെയിന്‍ അറിയിച്ചു.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍ എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കൊച്ചി നാവിക ആസ്ഥാനത്ത് മന്ത്രി വി എസ് സുനില്‍കുമാറും കളക്ടറും ചേര്‍ന്നാണ് സ്വീകരിച്ചത്. സ്വീകരണചടങ്ങിലേക്ക് മേയറെ ക്ഷണിച്ചില്ല. ഇത് പ്രോട്ടോക്കോള്‍  ലംഘനമാണെന്നാണ് മേയറുടെ പരാതി. കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനങ്ങള്‍ അട്ടിമറിക്കുന്നുവെന്ന് നിരന്തരം പറയുന്ന സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഇത്തരത്തിലുളള അവഗണന ഉണ്ടായത് എന്തുകൊണ്ട് എന്ന് അറിയില്ല. കൊച്ചിയില്‍ എത്തിയ രാഷ്ട്രപതിയെ സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതില്‍ തനിക്ക് അതീയായ ദു:ഖവുമുണ്ട്. വളരെയധികം ആഗ്രഹിച്ചതുമാണ്. ഇനി അറിയാതെ പോയതാണോ എന്നും താന്‍ സംശയിക്കുന്നതായി സൗമിനി ജെയിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉപരാഷ്ട്രപതിയുടെ കൊച്ചി സന്ദര്‍ശനവേളയിലും സമാനമായ അവഗണയുണ്ടായിട്ടുണ്ട്. സംഭവം വിവാദമായതോടെ രാഷ്ട്രപതിയുടെ യാത്രയയപ്പ് പരിപാടിയില്‍ സൗമിനി ജെയിനിനെ ക്ഷണിച്ചിട്ടുണ്ട്. ഇതോടെ ബോധപൂര്‍വ്വം തന്നെ സ്വീകരണചടങ്ങില്‍ നിന്നും ഒഴിവാക്കിയതാണെന്ന് സൗമിനി ജെയിന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കത്ത് നല്‍കുമെന്നും സൗമിനി ജെയിന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com