സ്‌കൂള്‍ ഫീസ് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരം, സ്‌കൂളുകളുടെ പ്രവര്‍ത്തനം ലാഭത്തിനു വേണ്ടിയാകരുതെന്ന് ഹൈക്കോടതി

സ്‌കൂള്‍ ഫീസ് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരം, സ്‌കൂളുകളുടെ പ്രവര്‍ത്തനം ലാഭത്തിനു വേണ്ടിയാകരുതെന്ന് ഹൈക്കോടതി
സ്‌കൂള്‍ ഫീസ് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരം, സ്‌കൂളുകളുടെ പ്രവര്‍ത്തനം ലാഭത്തിനു വേണ്ടിയാകരുതെന്ന് ഹൈക്കോടതി

കൊച്ചി : സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ സ്‌കൂള്‍ ഫീസ് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ എന്തു നടപടി വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എറണാകുളം ചേപ്പനത്തെ ശ്രീശ്രീ രവിശങ്കര്‍ വിദ്യ മന്ദിറിലെ അഞ്ച് വിദ്യാര്‍ഥികളെ പുറത്താക്കിയതിനെതിരെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. 

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിയമം നിര്‍മിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഫീസ് നിയന്ത്രണ അധികാരവും ഇതിലുള്‍പ്പെടും. കുട്ടികള്‍ക്ക് നല്‍കുന്ന സൗകര്യം, സേവനം എന്നിവയോടു യോജിക്കാത്ത തരത്തില്‍ ഫീസ് ഈടാക്കുന്നെങ്കില്‍ അത്തരം സ്‌കൂളുകള്‍ ലാഭത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ സര്‍ക്കാരിന് ഇടപെടാം. ഇത്തരം പരാതികള്‍ പരിഗണിക്കാന്‍ സംസ്ഥാനത്ത് സംവിധാനമില്ല. വിദ്യാദാനം കാരുണ്യ പ്രവര്‍ത്തനമാണ്. സ്‌കൂളിന്റെ സൗകര്യ വികസനമൊഴികെയുള്ള ലാഭേച്ഛ പാടില്ല. എന്ത് ഫീസ് ഈടാക്കണമെന്ന് കോടതിക്ക് പറയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഫീസ് നിയന്ത്രിക്കാനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ത്ത് വിശദീകരണം തേടിയ ഹൈക്കോടതി ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. 

ഹര്‍ജിക്കാര്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ സമരത്തിലാണെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും ഹൈക്കോടതി വിമര്‍ശിച്ചു. ഉത്തരവാദിത്വ ബോധം നഷ്ടപ്പെട്ട രക്ഷിതാക്കളുടെ സമരത്തോട് അതേ തരത്തില്‍ മാനേജ്‌മെന്റും പ്രതികരിച്ചു. കുട്ടികള്‍ക്ക് വിദ്യയും സാംസ്‌കാരിക ബോധവും പകര്‍ന്നു നല്‍കേണ്ട സ്‌കൂള്‍ അധികൃതര്‍ കടമ മറന്നു. കുട്ടികളെ ഉത്തമ പൗരന്മാരായി വളരാനും നല്ല ജീവിതം നയിക്കാനും പ്രാപ്തരാക്കുകയെന്ന വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഇവര്‍ മനസിലാക്കിയെങ്കില്‍ കുട്ടികളുടെ ആത്മവീര്യം നശിപ്പിക്കുന്ന വഴക്ക് ഉണ്ടാവില്ലായിരുന്നു. കുട്ടികളുടെ താത്പര്യം മാറ്റി നിറുത്തി സാമ്പത്തിക താത്പര്യത്തിനാണ് ഇവര്‍ മുന്‍തൂക്കം നല്‍കിയത്. ഇത്തരം ഏറ്റുമുട്ടല്‍ കുട്ടികളുടെ അവകാശത്തെ ഹനിക്കരുത്. സ്‌കൂള്‍ അധികൃതര്‍ നിശ്ചയിച്ച ഫീസ് നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ കുട്ടികളെ പബ്‌ളിക് സ്‌കൂളിലേക്ക് മാറ്റാനാവും. ഇതിന്റെ പേരില്‍ വിദ്യാഭ്യാസ അന്തരീക്ഷം തകര്‍ക്കുന്ന സമരവും ധര്‍ണയും പാടില്ല. ഇതിനെതിരെ പൊലീസ് നടപടിയെടുക്കണം  ഹൈക്കോടതി നിര്‍ദേശിച്ചു. 

സ്‌കൂള്‍ അധികൃതര്‍ നിശ്ചയിച്ച ഫീസ് നല്‍കാന്‍ തയ്യാറാണെന്ന് രക്ഷിതാക്കളുടെ അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്ന് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളില്‍ വീണ്ടും പ്രവേശനം നല്‍കാന്‍ ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com