ചിങ്ങപ്പുലരിയില്‍ ശമ്പളവും പെന്‍ഷനും എത്തും; സര്‍ക്കാരിന്റെ ഓണം ബോണസുകള്‍ ഇങ്ങനെ

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ 26,000രൂപ വരെ ശമ്പളമുള്ള എല്ലാവര്‍ക്കും നാലായിരം രൂപ വീതം ഓണം ബോണസ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
ചിങ്ങപ്പുലരിയില്‍ ശമ്പളവും പെന്‍ഷനും എത്തും; സര്‍ക്കാരിന്റെ ഓണം ബോണസുകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ 26,000രൂപ വരെ ശമ്പളമുള്ള എല്ലാവര്‍ക്കും നാലായിരം രൂപ വീതം ഓണം ബോണസ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് മുന്‍ വര്‍ഷത്തേത് പോലെ 2,750 രൂപ ഉത്സവബത്ത അനുവദിക്കും. ബോണസിനുള്ള കഴിഞ്ഞ വര്‍ഷത്തെ ശമ്പള പരിധി 24,000 രൂപയായിരുന്നു.

സെപ്തംബര്‍ ഒന്ന് മുതല്‍ ലഭിക്കേണ്ട സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളവും പെന്‍ഷനും ഈ മാസം 17 മുതല്‍ (ചിങ്ങം ഒന്ന്) മുന്‍കൂറായി നല്‍കും. 17, 18, 20, 21 തീയതികളിലായിട്ടാവും ആഗസ്റ്റ് മാസത്തെ ശമ്പളവും വിരമിച്ചവര്‍ക്കുള്ള പെന്‍ഷനും നല്‍കുക. എന്‍.എം.ആര്‍ ജീവനക്കാര്‍, സീസണല്‍ വര്‍ക്കര്‍മാര്‍, പാര്‍ട്ട് ടൈം അദ്ധ്യാപകര്‍, പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ എന്നിവര്‍ക്കും ബോണസിന് അര്‍ഹതയുണ്ടാകും. വിവിധ പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപ നിരക്കില്‍ പ്രത്യേക ഉത്സവബത്ത നല്‍കും.

1,000 രൂപയില്‍ താഴെ ഉത്സവബത്ത ലഭിച്ചുകൊണ്ടിരുന്ന മുഴുവന്‍ വിഭാഗങ്ങള്‍ക്കും കുറഞ്ഞത് 1000 രൂപയായി നിജപ്പെടുത്തി ഉത്സവബത്ത നല്‍കും. ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി/ബാലവാടി അദ്ധ്യാപകര്‍, ആയമാര്‍, ഹെല്‍പര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍, ബഡ്‌സ് സ്‌കൂള്‍ അദ്ധ്യാപകര്‍, ജീവനക്കാര്‍, മഹിളാ സമാഖ്യ സൊസൈറ്റിയിലെ പ്രത്യേക ദൂതന്‍മാര്‍ തുടങ്ങിയവര്‍ക്കും ഉത്സവബത്ത ലഭിക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ഓണം അഡ്വാന്‍സ് 15,000 രൂപയായിരിക്കും. പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, എന്‍.എം.ആര്‍, സി.എല്‍.ആര്‍, സീസണല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് 5,000 രൂപ വരെ അഡ്വാന്‍സ് ലഭിക്കും. തൊഴിലുറപ്പില്‍ 100 ദിവസം ജോലി ചെയ്ത എല്ലാവര്‍ക്കും 1000 രൂപ വീതം പ്രത്യേക ഉത്സവബത്ത നല്‍കുന്നതിനും ധനവകുപ്പ് അനുമതി നല്‍കി. 11.5 ലക്ഷം പേര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. സര്‍ക്കാരിന് സാമ്പത്തിക പ്രയാസങ്ങളുണ്ടെങ്കിലും ചിങ്ങപ്പുലരിയാകുമ്പോള്‍ വിവിധ ക്ഷേമ ആനുകൂല്യങ്ങളും ശമ്പളവും പെന്‍ഷനുമെല്ലാം ജനങ്ങളില്‍ എത്തിത്തുടങ്ങുമെന്നും ധനമന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com