നവവരനെ പിടിച്ചുവെച്ച്, വധുവിന്റെ വസ്ത്രം വലിച്ചുകീറി; കടപ്പുറത്തെത്തിയ കുടുംബത്തെ ആക്രമിച്ച സംഘം അറസ്റ്റില്‍

ആലപ്പുഴ ആറാട്ടുപുഴ വലിയഴീക്കലിലാണ് സംഭവമുണ്ടായത്
നവവരനെ പിടിച്ചുവെച്ച്, വധുവിന്റെ വസ്ത്രം വലിച്ചുകീറി; കടപ്പുറത്തെത്തിയ കുടുംബത്തെ ആക്രമിച്ച സംഘം അറസ്റ്റില്‍

ആലപ്പുഴ; കടല്‍കാണാനെത്തിയ നവദമ്പതികള്‍ ഉള്‍പ്പെട്ട കുടുംബക്കിന് നേരെ യുവാക്കളുടെ അതിക്രമണം. ഭര്‍ത്താവിനെ പിടിച്ചു നിര്‍ത്തി യുവതിയുടെ വസ്ത്രം വലിച്ചു കീറുകയും കുടുംബത്തെ മര്‍ദിക്കുകയും ചെയ്തതിന് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ക്കു വേണ്ടിയുള്ള തിരച്ചിലിലാണ്. കഴിഞ്ഞ ദിവസം ആലപ്പുഴ ആറാട്ടുപുഴ വലിയഴീക്കലിലാണ് സംഭവമുണ്ടായത്. 

ഞായറാഴ്ച വൈകിട്ട് കടപ്പുറത്ത് എത്തിയതായിരുന്നു കുടുംബം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവതിയോട് ആക്രമികള്‍ അപമര്യാദയായി പെരുമാറി. ഇത് തടയാനെത്തിയ ഭര്‍ത്താവിനേയും ഭര്‍തൃസഹോദരനേയും മര്‍ദിക്കുകയും മത്സ്യം കുത്തിയെടുക്കുന്ന കമ്പി ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തു. കൂടാതെ ഇവരുടെ കൂടെയുണ്ടായിരുന്ന കുട്ടിയുടെ സ്വര്‍ണമാലയും അക്രമിസംഘം പൊട്ടിച്ചെടുത്തു. കടപ്പുറത്ത് നിരവധിപേരുണ്ടായിരുന്നെങ്കിലും ആരും കുടുംബത്തെ സഹായിക്കാനെത്തിയില്ല. 

ഇവരില്‍ നിന്ന് രക്ഷപ്പെട്ട കുടുംബം കാറിലും രണ്ട് ബൈക്കിലുമായി മടങ്ങി. എന്നാല്‍ അക്രമികള്‍ മറ്റ് രണ്ടുപേരെക്കൂടി വിളിച്ചുവരുത്തി ഇവരെ പിന്തുടര്‍ന്നു. കൊച്ചീടെജെട്ടി പാലത്തില്‍ ബൈക്കുകള്‍ തടഞ്ഞുനിര്‍ത്തിയാണ് നവദമ്പതികളെ അക്രമിസംഘം കൈയേറ്റം ചെയ്തത്. ഭര്‍ത്താവിനെ പിന്നില്‍ നിന്ന് പിടിച്ചുനിര്‍ത്തിയ ശേഷം ഭാര്യയെ ദേഹോപദ്രവം ചെയ്യുകയായിരുന്നു. യുവതിയുടെ വസ്ത്രവും വലിച്ചുകീറി. എന്തായാലും കേസ് നല്‍കും എന്നു പറഞ്ഞുകൊണ്ടായിരുന്നു ആക്രമമെന്ന് പൊലീസ് പറഞ്ഞു. 

വലിയഴീക്കല്‍ കരിയില്‍ കിഴക്കതില്‍ അഖില്‍ (19), തറയില്‍ക്കടവ് തെക്കിടത്ത് അഖില്‍ദേവ് (18), തഴവ കടുത്തൂര്‍ അമ്പാടിയില്‍ ശ്യം (20), സഹോദരന്‍ ശരത് (20) എന്നിവരാണ് അറസ്റ്റിലായത്. കടപ്പുറത്ത് വെച്ച് അക്രമണം നടത്തിയവരാണ് ഇവര്‍. പിന്നീട് വിളിച്ചുവരുത്തിയ രണ്ടുപേരാണ് ഒളിവിലുള്ളത്. 

ഒന്‍പതു ദിവസം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ ബന്ധുവിന്റെ വീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു. അവിടെനിന്നാണ് ബന്ധുക്കള്‍ക്കൊപ്പം കടപ്പുറത്ത് എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com