വീണ്ടും ന്യൂനമര്‍ദം, സംസ്ഥാനത്ത് പലയിടത്തും കനത്തമഴ; ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു, കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍, ജാഗ്രതാനിര്‍ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തോടു ചേര്‍ന്നാണ് ന്യൂനമര്‍ദം വീണ്ടും രൂപംകൊണ്ടത്.
വീണ്ടും ന്യൂനമര്‍ദം, സംസ്ഥാനത്ത് പലയിടത്തും കനത്തമഴ; ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു, കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍, ജാഗ്രതാനിര്‍ദേശം

കൊച്ചി : ഏതാനും ദിവസം തെളിഞ്ഞുനിന്ന അന്തരീക്ഷത്തെ കാര്‍മേഘങ്ങള്‍ കൊണ്ട് മൂടി മഴയെ സജീവമാക്കി വീണ്ടും ന്യൂനമര്‍ദം. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തോടു ചേര്‍ന്നാണ് ന്യൂനമര്‍ദം വീണ്ടും രൂപംകൊണ്ടത്. ഇത് ഇന്ന് തീവ്ര ന്യൂനമര്‍ദമായി മാറിയതോടെ കേരളവും ജാഗ്രതയിലാണ്. ന്യൂനമര്‍ദത്തിന്റെ സാന്നിധ്യം അറിയിച്ച് കേരളം മേഘാവൃതമാണ്. പലയിടങ്ങളിലും പരക്കെ മഴ പെയ്യുന്നുണ്ട്.
മഴ ശക്തമായതോടെ വയനാട് ജില്ലയ്ക്ക് പുറമേ കോഴിക്കോട് കൂടരഞ്ഞിയിലെയും നിലമ്പൂര്‍ താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇതിനിടെ ജലനിരപ്പ് ഉയര്‍ന്നതിനേത്തുടര്‍ന്ന് വയനാട്ടിലെ ബാണാസുരസാഗര്‍ ഡാം തുറന്നു. പരിസരപ്രദേശങ്ങളിലുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ഡാം സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി. കണ്ണൂരില്‍ മലയോരമേഖലയില്‍ അഞ്ചിടത്ത് ഉരുള്‍പൊട്ടി. അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കി.

ന്യൂനമര്‍ദ മേഖലയിലേക്ക് അറബിക്കടലില്‍ നിന്ന്  കേരളത്തിനു മുകളിലൂടെ നീരാവി നിറഞ്ഞ കാറ്റ് വീശും. ഈ കാറ്റ് പശ്ചിമഘട്ടത്തില്‍ തട്ടിയതോടെയാണ് മലയോര മേഖലയില്‍ മഴ കനത്തത്. വ്യാഴാഴ്ച വരെ വെയിലും മഴയും കൂടിക്കലര്‍ന്നുള്ള കാലാവസ്ഥയാവും കേരളത്തിന്റെ മലയോര മേഖലകളില്‍ അനുഭവപ്പെടുക. വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന ന്യൂനമര്‍ദം  രാജ്യവ്യാപകമായി  മഴ ശക്തിപ്പെടുത്തുമെന്നും നിരീക്ഷകര്‍ പറയുന്നു.

അതേ സമയം  22 വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ സജീവമായിരിക്കുമെന്നാണ് യുഎസിലെ നാഷനല്‍ വെതര്‍ സര്‍വീസ് പോലെയുള്ള ആഗോള കാലാവസ്ഥാ ഏജന്‍സികളുടെ  നിഗമനം. ഓഗസ്റ്റ് 14 മുതല്‍ ഏതാനും ന്യൂനമര്‍ദങ്ങള്‍ കൂടി  ബംഗാള്‍ ഉള്‍ക്കടലില്‍ പിറവിയെടുക്കുമെന്ന്  ഇവര്‍ ഉറപ്പിച്ചു പറയുന്നു. ആന്ധ്രയ്ക്കു മീതേ ഓഗസ്റ്റ് 18 ഓടെ കരയില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. 

അതേസമയം വൃഷ്ടി പ്രദേശങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2 ദിവസത്തിന് ശേഷം ശക്തമായ നീരൊഴുക്ക് രേഖപ്പെടുത്തി. നിലവില്‍ 2396.62 അടിയാണ് ജലനിരപ്പ്. ഇത് 2397 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് നേരത്തെ വൈദ്യുതി മന്ത്രി എംഎം മണി അറിയിച്ചിരുന്നു.

അണക്കെട്ടിന്റെ സംഭരണശേഷിയുടെ 92% വെള്ളമാണ് ഇപ്പോള്‍ ഉള്ളത്. ഇപ്പോഴത്തെ മഴയുടെ അളവും നീരൊഴുക്കിന്റെ തോതും കണക്കിലെടുത്താല്‍ ജലനിരപ്പ് 2398 അടി  എത്താന്‍ അധിക ദിവസം എടുത്തേക്കില്ല. മഴ വീണ്ടും കുറയുകയും വൈദ്യുതോല്‍പാദനം പൂര്‍ണമായ തോതില്‍ നടക്കുകയും ചെയ്താല്‍ ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വരില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍.

മഴ തുടരുന്നതിനാല്‍ ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ് ഉയരുന്നുണ്ട്. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. അതിനാല്‍ മഴ കുറയുന്നത് വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com