ഷുഹൈബ് കൊലക്കേസിലെ പ്രതികളുടെ കുടുംബ ചെലവിനും കേസു നടത്താനും സിപിഎമ്മിന്റെ കുറി; നടത്തുന്നത് പ്രാദേശിക നേതാക്കള്‍

കേസില്‍ പ്രതികളായ അഞ്ചു പേര്‍ക്കുവേണ്ടിയാണ് പാര്‍ട്ടി കുറി നടത്തുന്നത്. ഇതില്‍ രണ്ട് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരാണ്
ഷുഹൈബ് കൊലക്കേസിലെ പ്രതികളുടെ കുടുംബ ചെലവിനും കേസു നടത്താനും സിപിഎമ്മിന്റെ കുറി; നടത്തുന്നത് പ്രാദേശിക നേതാക്കള്‍

കണ്ണൂര്‍; യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് കേസ് നടത്താനും കുടുംബ ചെലവിനുമായി സിപിഎം കുറി നടത്തുന്നതായി റിപ്പോര്‍ട്ട്. കേസില്‍ പ്രതികളായ അഞ്ചു പേര്‍ക്കുവേണ്ടിയാണ് പാര്‍ട്ടി കുറി നടത്തുന്നത്. ഇതില്‍ രണ്ട് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരാണ്. ഇവരുടെ കുടുംബങ്ങള്‍ക്കുള്ള മാസച്ചെലവും ഇതില്‍നിന്നു നല്‍കും. മട്ടന്നൂര്‍ പാലയോട്ടെ സിപിഎം ഓഫിസിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ യുവജന ക്ലബ്ബാണു കുറി നടത്തിപ്പുകാര്‍. ഷുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിന് നേരിട്ട് പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് പ്രതികള്‍ക്കായുള്ള പാര്‍ട്ടി സഹായം പുറത്തുവരുന്നത്. 

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി.ഷുഹൈബിനെ കഴിഞ്ഞ ഫെബ്രുവരി 12നാണ് തട്ടുകടയില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ 11 പേരാണ് പിടിയിലായത്. ഇതില്‍ പാലയോട് നിന്നുള്ള അഞ്ച് പ്ര്തികള്‍ക്ക് വേണ്ടിയാണ് കുറി നടത്തുന്നത്. കൊലക്കേസ് പ്രതികള്‍ക്ക് വേണ്ടി നേരിട്ട് പണപ്പിരിവ് നടത്തുന്നത് വിവാദങ്ങള്‍ക്ക് കാരണമാകുന്നതുകൊണ്ടാണ് കുറി നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്. 

ഷുഹൈബിന്റെ നാടായ മട്ടന്നൂര്‍ കീഴല്ലൂരിലെ പാലയോട്, തെരൂര്‍, എളമ്പാറ പ്രദേശങ്ങളിലെ 1,000 പേരില്‍നിന്ന് പ്രതിമാസം 1,000 രൂപ വീതം ഈടാക്കുന്നതാണു കുറി. 21 മാസത്തിനു ശേഷം 20,000 രൂപ വിലയുള്ള ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ അംഗങ്ങള്‍ക്കു തിരികെ നല്‍കും. 21 മാസത്തെ കുറിയില്‍ ആദ്യ മാസത്തെ ആകെ തുകയായ 10 ലക്ഷം രൂപ നടത്തിപ്പുകാരെന്ന നിലയില്‍ ക്ലബ്ബിനു ലഭിക്കും. കുറിയുടെ കാലാവധി കഴിയും വരെ വലിയ തുകയും കൈവശം വരും. ഇതു രണ്ടും ഉപയോഗിച്ചു പ്രതികളുടെ കേസും കുടുംബച്ചെലവും നടത്തിക്കൊണ്ടു പോകാനാണു തീരുമാനം. ചിട്ടിയുടെ ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിച്ചെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പാര്‍ട്ടികേന്ദ്രങ്ങളിലെ കുടുംബങ്ങളെയാണു പ്രധാനമായും കുറിയില്‍ ഉള്‍പ്പെടുത്തുന്നത്. ഒരു കുടുംബത്തിലെ വരുമാനമുള്ള മുഴുവന്‍ അംഗങ്ങളും ചിട്ടിയില്‍ ചേരണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 'നറുക്കെടുപ്പില്‍ വിജയിയായാല്‍ തുടര്‍ന്നു പണം നല്‍കേണ്ട' എന്നു വാഗ്ദാനം നല്‍കി പാര്‍ട്ടിക്കു സ്വാധീനം കുറഞ്ഞ മേഖലയില്‍ നിന്നും ആളുകളെ ചേര്‍ക്കുന്നുണ്ട്. ഷുഹൈബ് വധത്തില്‍ ബന്ധമുള്ള സിപിഎം പ്രാദേശികനേതാക്കളുടെ പിന്തുണയോടെയാണു ചിട്ടി നടത്തിപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com