1981ലും 92ലും ; മുമ്പ് തുറന്നതെല്ലാം തുലാവര്‍ഷക്കാലത്ത്; ഇടുക്കി ഡാം തുറക്കുന്നത് ഇത് മൂന്നാം തവണ

1981ലും 92ലും ; മുമ്പ് തുറന്നതെല്ലാം തുലാവര്‍ഷക്കാലത്ത്; ഇടുക്കി ഡാം തുറക്കുന്നത് ഇത് മൂന്നാം തവണ 
1981ലും 92ലും ; മുമ്പ് തുറന്നതെല്ലാം തുലാവര്‍ഷക്കാലത്ത്; ഇടുക്കി ഡാം തുറക്കുന്നത് ഇത് മൂന്നാം തവണ

ഇടുക്കി : ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് ഡാമിന്റെ ഷട്ടര്‍ തുറക്കുന്നത്. മുമ്പ് 1981 ലും പിന്നീട് 1992ലുമാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. രണ്ടു തവണയും ഒക്ടോബറിലായിരുന്നു ഷട്ടറുകള്‍ തുറന്നത്. 1981 ഒക്ടോബര്‍ 29 നും 1992 ഒക്ടോബര്‍ 12 നും. അതായത് തുലാ മഴയിലായിരുന്നു അണക്കെട്ട് നിറഞ്ഞുകവിഞ്ഞത്. 

1981 ല്‍ 11 ദിവസമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 1221.222 മെട്രിക് ഘന അടി വെള്ളം അന്ന് പെരിയാറിലേക്ക് ഒഴുകി. 1992 ല്‍ ഒക്ടോബറില്‍ ഞായറാഴ്ച രാവിലെ തുറന്ന ഷട്ടര്‍ താഴ്ത്തിയത് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്കായിരുന്നു. 2774. 734 മെട്രിക് ഘന അടി വെള്ളമാണ് അന്ന് ഒഴുക്കി വിട്ടത്. 

അണക്കെട്ടിലെ മധ്യഭാഗത്തെ ഷട്ടറാണ് തുറന്നത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു ട്രയല്‍റണ്‍. 50 സെന്റീമീറ്ററാണ് ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കി വിടുന്നത്. നാലു മണിക്കൂര്‍ ട്രയല്‍ റണ്‍ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. നാല് മണിക്കൂര്‍ കൊണ്ട് 7,200,00 ക്യുബിക് മീറ്റര്‍(0.72 ദശലക്ഷം ക്യുബിക് മീറ്റര്‍) ജലമാണ് ഒഴുക്കി കളയുക. ജലമെത്തുന്ന ലോവര്‍ പെരിയാറില്‍ 4.55 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് ശേഷി. 

ചെറുതോണി മുതല്‍ അറബിക്കടല്‍ വരെയാണ് വെള്ളം കുതിച്ചൊഴുകുക. ഈ 90 കിലോമീറ്റര്‍ ആറ് മണിക്കൂര്‍ കൊണ്ട് ജലമെത്തും. എട്ടാം മിനിറ്റില്‍ ചെറുതോണി ടൗണിലും ഒരു മണിക്കൂറിനുള്ളില്‍ പെരിയാറില്‍ കടന്ന് ലോവര്‍ പെരിയാര്‍ അണക്കെട്ടിലുമെത്തും. ഇവിടെനിന്ന് ഭൂതത്താന്‍കെട്ടിലും മലയാറ്റൂര്‍, കാലടി, നെടുമ്പാശ്ശേരി, ആലുവ എന്നിവിടങ്ങളിലൂടെയും ഒഴുകി രണ്ടായി തിരിഞ്ഞ് കടലിലും കായലിലും ചേരും. പെരിയാര്‍ കരകവിയാന്‍ സാധ്യതയുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളവും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വിമാനത്താവളത്തിലെ ലാന്‍ഡിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.  

1969 ഏപ്രില്‍ 30ന് അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടാണ് ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. ഏഴ് വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി 1976 ഫെബ്രുവരി 12ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. അഞ്ച് നദികളും തടയണകളും ഒരു ഭൂഗര്‍ഭ വൈദ്യുതി നിലയവും അനേകം ഭൂഗര്‍ഭ തുരങ്കങ്ങളും ഉള്‍പെട്ടതാണ് പദ്ധതി. 550 അടി ഉയരവും 650 അടി വീതിയുമാണ് അണക്കെട്ടിന് ഉള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com