കപ്പലിടിച്ചു തകര്‍ന്ന ബോട്ടിലെ ഒമ്പതുപേരെ ഇനിയും കണ്ടെത്തിയില്ല: തെരച്ചില്‍ തുടരുന്നു

ത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് കാണാതായ ഒന്‍പതു പേര്‍ക്കായി തെച്ചില്‍ തുടരുന്നു
കപ്പലിടിച്ചു തകര്‍ന്ന ബോട്ടിലെ ഒമ്പതുപേരെ ഇനിയും കണ്ടെത്തിയില്ല: തെരച്ചില്‍ തുടരുന്നു

കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് കാണാതായ ഒന്‍പതു പേര്‍ക്കായി തെച്ചില്‍ തുടരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. മുനമ്പം തീരത്തുനിന്ന് 44 കി.മീ. അകലെ പുറംകടലില്‍നിന്ന് തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങള്‍ നാവികസേന കണ്ടെടുത്തു. ഹെലികോപ്റ്ററുകളില്‍ നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയ ഭാഗങ്ങള്‍ കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലെത്തി വീണ്ടെടുക്കുകയായിരുന്നു.

അപകടത്തിന് ഇടയാക്കിയതെന്നു കരുതുന്ന കപ്പല്‍ 'ദേശ് ശക്തി' തീരത്തടുപ്പിക്കാനും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഷിപ്പിങ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശപ്രകാരം കപ്പല്‍ മംഗളൂരുവിലോ ഗോവയിലോ അടുപ്പിക്കാനാണ് ശ്രമം. തൃശ്ശൂര്‍ നാട്ടികയ്ക്കും ചേറ്റുവയ്ക്കും പടിഞ്ഞാറ് തീരത്തുനിന്ന് അകലെ ചൊവ്വാഴ്ച പുലര്‍െച്ചയുണ്ടായ അപകടത്തില്‍ 'ഓഷ്യാനിക്' എന്ന ബോട്ടാണ് തകര്‍ന്നത്. 14 പേരുണ്ടായിരുന്ന ബോട്ടിലെ രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു.

മാല്യങ്കര സ്വദേശി സിജു (45), തമിഴ്‌നാട് രാമന്‍തുറ സ്വദേശികളായ രാജേഷ് കുമാര്‍ (32), ആരോക്യദിനേഷ് (25), യേശുപാലന്‍ (38), സാലു (24), പോള്‍സണ്‍ (25), അരുണ്‍കുമാര്‍ (25), സഹായരാജ് (32), കൊല്‍ക്കത്ത സ്വദേശി ബിപുല്‍ദാസ് (28) എന്നിവരെയാണ് കാണാതായത്. തമിഴ്‌നാട് സ്വദേശികളായ യുഗനാഥന്‍ (40), യാക്കൂബ് (59), സഹായരാജ് (46) എന്നിവരാണ് മരിച്ചത്. രക്ഷപ്പെടുത്തിയ തമിഴ്‌നാട് സ്വദേശി എഡ്വിന്‍ (40), കൊല്‍ക്കത്ത സ്വദേശി നരേന്‍ സര്‍ക്കാര്‍ (20) എന്നിവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നാവിക, തീരദേശ സേനകളുടെ കപ്പലുകളും മീന്‍പിടിത്ത ബോട്ടുകളും ചേര്‍ന്നാണ് ബുധനാഴ്ച കടലില്‍ തിരച്ചില്‍ നടത്തിയത്. നാവികസേനയുടെ 'ഐ.എന്‍.എസ്. യമുന' കപ്പലും ഒരു ഡോണിയര്‍ വിമാനവും പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. തീരദേശ സേനയുടെ വിക്രം, സാവിത്രിഭായ് ഫുലേ, അഭിനവ് എന്നീ കപ്പലുകളും ഒരു ഡോണിയര്‍ വിമാനവും ഒരു ഹെലികോപ്റ്ററും തിരച്ചില്‍ നടത്തുന്നുണ്ട്.

അപകടം നടന്ന സമയത്ത് ഇന്ത്യന്‍ ചരക്കുകപ്പലായ ദേശ് ശക്തിക്കു പുറമേ ലൈബീരിയന്‍ കപ്പലായ ഇയാന്‍ എച്ചും ഗ്രീക്ക് കപ്പലായ ഓക്‌സിജനും പ്രദേശത്തു കൂടി കടന്നുപോയിരുന്നു. ദേശ് ശക്തി തന്നെയാണ് അപകടത്തിന് ഇടയാക്കിയതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ബോട്ടില്‍ ഇടിച്ചിട്ടില്ലെന്നാണ് ദേശ് ശക്തി കപ്പലിന്റെ ക്യാപ്റ്റന്‍ നാവികസേനയ്ക്ക് ആദ്യം നല്‍കിയ സന്ദേശത്തില്‍ പറയുന്നത്. ഇത് നാവികസേന ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ക്ക് കൈമാറിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com