കമ്പകക്കാനം കൂട്ടക്കൊല: കൊല്ലാന്‍ സമയം ഗണിച്ചുനല്‍കുകയും കോഴി കുരുതിയില്‍ പങ്കെടുക്കുകയും ചെയ്ത ജ്യോതിഷി കസ്റ്റഡിയില്‍ 

കമ്പകക്കാനത്ത് കൂട്ടക്കൊല നടത്തുന്നതിന് മുമ്പ് സമയം ഗണിച്ചു നല്‍കിയ ജ്യോതിഷിയെ കസ്റ്റഡിയിലെടുത്തതായി സൂചന.
കമ്പകക്കാനം കൂട്ടക്കൊല: കൊല്ലാന്‍ സമയം ഗണിച്ചുനല്‍കുകയും കോഴി കുരുതിയില്‍ പങ്കെടുക്കുകയും ചെയ്ത ജ്യോതിഷി കസ്റ്റഡിയില്‍ 

കോട്ടയം: കമ്പകക്കാനത്ത് കൂട്ടക്കൊല നടത്തുന്നതിന് മുമ്പ് സമയം ഗണിച്ചു നല്‍കിയ ജ്യോതിഷിയെ കസ്റ്റഡിയിലെടുത്തതായി സൂചന. കൃഷ്ണന്‍ ഉള്‍പ്പെടെ നാലു പേരെ കൂട്ടക്കൊല ചെയ്യാനായി അടിമാലിയിലെത്തി ഒരു ജ്യോതിഷിയെ കണ്ട് സമയം കുറിപ്പിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ മുഖ്യപ്രതി അനീഷ് പൊലീസിനോട് സമ്മതിച്ചിരുന്നു.ഇതിന് പിന്നാലെ കേസിലെ കൂടുതല്‍ വിവരങ്ങള്‍ തേടി പൊലീസ് ജ്യോതിഷിയെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. 

സമയം ഉത്തമമാണെന്നും പിടിക്കപ്പെടില്ലെന്നും ഈ ജ്യോതിഷി പറഞ്ഞതനുസരിച്ചാണ് കൃത്യം നിര്‍വഹിച്ചതെന്നും മടങ്ങിയെത്തി പിടിക്കപ്പെടാതിരിക്കാന്‍ കോഴി കുരുതി നടത്തിയെന്നും ഈ ജ്യോതിഷി ഇതില്‍ പങ്കെടുത്തുവെന്നും അനീഷ് അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞു. സ്വര്‍ണം വില്ക്കാന്‍ കൂട്ടുനിന്ന ലിബീഷിന്റെ കൂട്ടുകാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നു. ഇവര്‍ക്ക് നേരിട്ട് കൊലയ്ക്ക് പങ്കില്ലെങ്കിലും ഇവരും പ്രതികളുടെ പട്ടികയില്‍ ചേര്‍ക്കും. മറ്റൊരാള്‍കൂടി പൊലീസിന്റെ പ്രതിപട്ടികയിലുണ്ടെന്നാണ് സൂചന.

മൃതദേഹം മറവുചെയ്യാന്‍ അനീഷ് കൂടുതല്‍ ആളുകളുടെ സഹായം തേടിയിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും കേസില്‍ ഉള്‍പ്പെട്ട ഒരാളേയും രക്ഷപെടാന്‍ അനുവദിക്കില്ലെന്നും ഇടുക്കി ജില്ലാ പൊലീസ് ചീഫ് കെ.ബി.വേണുഗോപാല്‍ പറഞ്ഞു. പിടിക്കപ്പെടാതിരിക്കാന്‍ കോഴി കുരുതി നടത്തിയതോടെ സ്വതന്ത്രമായി നടന്ന അനീഷ് ,തന്നെ പൊലീസ് തേടുന്നതായി അറിവുലഭിച്ചതോടെ വനത്തിനുള്ളിലേക്ക് രക്ഷപെടുകയായിരുന്നു. മൂന്നാം ദിവസം സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടി എത്തിയപ്പോഴാണ് അനീഷ് പിടിയിലാവുന്നത്.

രണ്ടു വര്‍ഷമായി കൃഷ്ണനെ സഹായിച്ച് പൂജാകര്‍മ്മങ്ങളില്‍ പങ്കെടുത്ത അനീഷ് സ്വന്തം വിവാഹം നടക്കുന്നതിനും വീട് വയ്ക്കുന്നതിനും കൃഷ്ണനെക്കൊണ്ട് പൂജകള്‍ ചെയ്യിച്ചിരുന്നു. ഇതിനായി ആശാനായ കൃഷ്ണന് 30,000 രൂപയും നല്കി. മറ്റൊരു സുഹൃത്തിന്റെ ആവശ്യത്തിനായി പൂജകള്‍ ചെയ്തതിന് അനീഷ് ഇടനിലനിന്ന് ഒന്നര ലക്ഷം രൂപ കൃഷ്ണന് നല്കിയിരുന്നു. എന്നാല്‍ രണ്ടിനും ഫലം കണ്ടില്ല. തന്നെയുമല്ല, ഒന്നര ലക്ഷം തിരിച്ചുതരണമെന്നാവശ്യപ്പെട്ട് അനീഷിനെ സുഹൃത്ത് നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു. ഇക്കാര്യം കൃഷ്ണനോട് അനീഷ് പറഞ്ഞെങ്കിലും പണം തിരികെ കൊടുക്കാന്‍ തയാറായില്ല. ഇതോടെയാണ് കൃഷ്ണനെയും കുടുംബത്തെയും വകവരുത്താന്‍ തീരുമാനിച്ചതെന്ന് അനീഷ് പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ 29ന് രാത്രിയിലാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മകള്‍ ആര്‍ഷ (21), മകന്‍ അര്‍ജുന്‍ (17) എന്നിവരെ കൊലപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com