നെടുമ്പാശ്ശേരിയില്‍ ലാന്‍ഡിങ് നിര്‍ത്തിവെച്ചു; വിമാനത്താവളം വെള്ളപ്പൊക്കഭീഷണിയില്‍ 

ഇടമലയാര്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നതിനാലും ഇടുക്കി ഡാം തുറന്നതിനാലും ഭീഷണി തള്ളിക്കളയാനാകില്ലെന്നാണ് സിയാല്‍ അധികൃതര്‍
നെടുമ്പാശ്ശേരിയില്‍ ലാന്‍ഡിങ് നിര്‍ത്തിവെച്ചു; വിമാനത്താവളം വെള്ളപ്പൊക്കഭീഷണിയില്‍ 

കൊച്ചി: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവത്തിലെ ലാന്‍ഡിങ് നിര്‍ത്തിവെച്ചു. വീമാനത്താവളം വെള്ളപ്പൊക്ക ഭീഷണിയിയിലാണ്. മഴ ശക്തമായി തുടരുകയാണെങ്കില്‍ വിമാനത്താവളം അടച്ചേക്കുമെന്നാണ് റിപ്പോര്‍്ട്ടുകള്‍. ഇടമലയാര്‍ ഡാമും ഇടുക്കി ഡാമും തുറന്നതിന് പിന്നാലെ പെരിയാറില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നിരുന്നു.  എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. 

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 2013ല്‍ വിമാനത്താവളം അടച്ചിട്ടിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഇടമലയാര്‍ ഡാം തുറന്നുവിട്ട സാഹചര്യത്തില്‍ സമീപത്തെ ചെങ്ങല്‍ കനാല്‍ നിറഞ്ഞുകവിഞ്ഞതോടെയാണ് വിമാനത്താവളം അടച്ചുപൂട്ടിയത്. 

ചെങ്ങല്‍ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകള്‍ സ്ഥാപിച്ചും വിമാനത്താവളത്തെ വെള്ളപ്പൊക്കഭീഷണിയില്‍ നിന്നും സംരക്ഷിക്കാന്‍ നടപടികളെടുത്തിരുന്നു. എന്നിരുന്നാലും ഇടമലയാര്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നതിനാലും ഇടുക്കി ഡാം തുറന്നതിനാലും ഭീഷണി തള്ളിക്കളയാനാകില്ലെന്നാണ് സിയാല്‍ അധികൃതര്‍ പറയുന്നത്. കനത്ത മഴയെത്തുടര്‍ന്ന് പെരിയാറില്‍ ഒന്നരമീറ്ററോളം ജലനിരപ്പുയര്‍ന്നു. ആലുവ മണപ്പുറം മുങ്ങി. 

സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇന്ന് മാത്രം 20പരാണ് മരിച്ചത്. ഇതില്‍ 11മരണവും ഇടുക്കി ജില്ലയിലാണ്. അടിമാലിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ രണ്ട് കുട്ടികളടക്കം അഞ്ച് പേരാണ് മരിച്ചത്.  ഇടുക്കി കീരിത്തോട്ടിലും കൊരങ്ങാട്ടിയിലുമായി നാലുപേരും കമ്പിളികണ്ടത്ത് ഒരു വീട്ടമ്മയും മരിച്ചു. 

മലപ്പുറം ചെട്ടിയംപറമ്പിലും ഉരുള്‍പൊട്ടലില്‍ ഒരുകുടുംബത്തിലെ അഞ്ചുപേര്‍  മരിച്ചു. ഒരാളെ കാണാതായി.  മലപ്പുറത്ത് അഞ്ചിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.  വയനാട് വൈത്തിരിയില്‍ ഉരുള്‍പൊട്ടി വീട്ടമ്മ മരിച്ചു. വയനാട് മക്കിമലയില്‍ ഉരുള്‍പൊട്ടി രണ്ടുപേരെ കാണാതായി. 

അടിമാലി  പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമ അടക്കം അഞ്ചുപേര്‍ മരിച്ചത്. ഹസന്‍കുട്ടി പരുക്കുകളോടെ രക്ഷപെട്ടു.  പെരിയാര്‍വാലി   കീരിത്തോടുണ്ടായ  ഉരുള്‍പൊട്ടലില്‍  കുട്ടക്കുന്നില്‍ ആഗസ്തി, ഭാര്യ ഏലിക്കുട്ടി  എന്നിവരാണ് മരിച്ചത്.  കൊരങ്ങാട്ടി കോളനിയിലെ ദമ്പതികളായ മോഹനനും ശോഭനയും മരിച്ചവരില്‍ ഉള്‍പെടുന്നു.

മലപ്പുറത്ത് ചെട്ടിയംപറമ്പ്  പറമ്പാടന്‍ സുബ്രഹ്മണ്യന്‍, അമ്മ കുഞ്ഞി, സുബ്രഹ്മണ്യന്റെ ഭാര്യ ഗീത, മക്കളായ നവനീത്, നിവേദ്, ബന്ധു മിഥുന്‍ എന്നിവരാണ് മരിച്ചത്.   വയനാട് വൈത്തിരിയില്‍  അയ്യപ്പന്‍കുന്ന് ജോര്‍ജിന്റെ ഭാര്യ ലില്ലിക്കുട്ടിയാണ്  മരിച്ചത്.

കോഴിക്കോട് മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി. താമരശേരിയില്‍ ഒരാളെ കാണാതായി. പാലക്കാട്, വയനാട്,ഇടുക്കി,മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍  ജില്ലകളിലാണ് ഉരുള്‍പൊട്ടല്‍ വ്യാപകമായി ദുരന്തം വിതച്ചത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലും വയനാട് ചുരത്തിലും ഗതാഗതം തടസപ്പെട്ടു.  

സംസ്ഥാനത്ത് അസാധാരണസാഹചര്യമെന്ന് റവന്യുവകുപ്പ് വ്യക്തമാക്കി. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റ സേവനം തേടി. ദേശീയദുരന്തനിവാരണസേന ഉടന്‍ കോഴിക്കോട്ടെത്തും.  റവന്യുമന്ത്രി  െ്രെകസിസ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ അടിയന്തരയോഗം വിളിച്ചു. എല്ലാ റവന്യു ഓഫിസുകളിലും ജീവനക്കാരോട് ഉടനെത്താന്‍ നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com