ഡാം തുറന്നതിനുശേഷവും ജലനിരപ്പില്‍ വര്‍ധന; ഇടുക്കിയില്‍ 2399.24 അടി, ഇടമലയാറില്‍ 169.83 മീറ്റര്‍ 

കനത്തമഴയെ തുടര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ഇടമലയാര്‍ ,ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു
ഡാം തുറന്നതിനുശേഷവും ജലനിരപ്പില്‍ വര്‍ധന; ഇടുക്കിയില്‍ 2399.24 അടി, ഇടമലയാറില്‍ 169.83 മീറ്റര്‍ 

ഇടുക്കി: കനത്തമഴയെ തുടര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ഇടമലയാര്‍ ,ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നീരൊഴുക്ക് ശക്തമായി തുടരുന്നതാണ് ഇതിന് കാരണം. പരീഷണാടിസ്ഥാനത്തില്‍ ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ നിശ്ചിത സമയത്തേയ്ക്ക് തുറന്നിട്ടും ഡാമിലെ ജലനിരപ്പ് അതിവേഗമാണ് ഉയരുന്നത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് 12.30ന് ട്രയല്‍ റണിന്റെ ഭാഗമായി ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ ഡാമിലെ ജലനിരപ്പ് 2398.80 അടിയായിരുന്നു. എന്നാല്‍ രണ്ടുമണിക്കൂറിനുളളില്‍ ജലനിരപ്പ് 2399.24 അടിയായി ഉയര്‍ന്നതായി കേരള ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.2403 അടിയാണ് ഡാമിന്റെ സംഭരണശേഷി.

നീരൊഴുക്ക് ശക്തമായതോടെ ഇടമലയാര്‍ ഡാമിലേക്ക് ക്രമാതീതമായി വെളളം ഒഴുകി എത്തുകയാണ്.നിലവില്‍ 169.83 മീറ്ററാണ് ഇടമലയാറിലെ ജലനിരപ്പ്.
169 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. നിലവില്‍ ഡാമിന്റെ നാലുഷട്ടറുകളും തുറന്നുവിട്ടിരിക്കുകയാണ്. 600ഘനയടി വെളളമാണ് സെക്കന്‍ഡില്‍ പുറത്തേയ്ക്ക് ഒഴുകുന്നത്. 

കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ മധ്യഭാഗത്തുള്ള ഒരു ഷട്ടര്‍ ആണ് ട്രയല്‍ റണ്‍ അടിസ്ഥാനത്തില്‍ തുറന്നിരിക്കുന്നത്. 
മൂന്നാമത്തെ ഷട്ടര്‍ ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്ക് അന്‍പതു സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്.  നാലു മണിക്കൂറാണ് ട്രയല്‍ റണ്‍ നിശ്ചയിച്ചിട്ടുള്ളത്.

ഇടമലയാര്‍ അണക്കെട്ടും രാവിലെ തുറന്നുവിട്ട സാഹചര്യത്തില്‍ പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്.പെരിയാര്‍ തീരത്തുളളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com