അഞ്ചാം ഷട്ടറും ഉയര്‍ത്തി, ഒഴുക്കുന്നത് ആറുലക്ഷം ലിറ്റര്‍ വെളളം; പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, അതീവ ജാഗ്രതാനിര്‍ദേശം 

വെളളം തുറന്നുവിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പ് താഴാത്ത പശ്ചാത്തലത്തിലാണ് അഞ്ചാമത്തെ ഷട്ടറും തുറന്നത്
അഞ്ചാം ഷട്ടറും ഉയര്‍ത്തി, ഒഴുക്കുന്നത് ആറുലക്ഷം ലിറ്റര്‍ വെളളം; പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, അതീവ ജാഗ്രതാനിര്‍ദേശം 

ഇടുക്കി : കനത്ത നീരൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു. വെളളം തുറന്നുവിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പ് താഴാത്ത പശ്ചാത്തലത്തിലാണ് അഞ്ചാമത്തെ ഷട്ടറും തുറന്നത്. മൂന്ന് ഷട്ടറുകള്‍ ഒരു മീറ്ററും രണ്ടെണ്ണം അര മീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്‍ഡില്‍ ആറു ലക്ഷം ലിറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. ഘട്ടംഘട്ടമായി ഏഴു ലക്ഷമാക്കി ഉയര്‍ത്താനും ആലോചനയുണ്ട്.

നിലവില്‍ 2401.60 അടിയാണ് ഇടുക്കി ഡാമിന്റെ ജലനിരപ്പ്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ഡാമുകള്‍ എല്ലാം തുറന്നുവിട്ടതോടെ ചെറുതോണിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കനത്ത കുത്തൊഴുക്കില്‍ ചെറുതോണി പാലം മുങ്ങാറായ അവസ്ഥയിലാണ്. 

കൂടുതല്‍ വെള്ളം തുറന്നുവിട്ട പശ്ചാത്തലത്തില്‍ പെരിയാറില്‍ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. തീരത്തുള്ളവര്‍ നിര്‍ബന്ധമായും സുരക്ഷാ സ്ഥാനങ്ങളിലേക്കു മാറണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

കനത്ത നീരൊഴുക്കിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് നാലാമത്തെ ഷട്ടര്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് ഒരു മണിക്കൂറിനുളളില്‍ അഞ്ചാമത്തെയും അവസാനത്തേയും ഷട്ടറും തുറന്ന് വെളളം ഒഴുക്കിവിടുകയായിരുന്നു.താഴോട്ട് കൂടുതല്‍ രൗദ്രഭാവത്തിലാണ് പെരിയാറിന്റെ ഒഴുക്ക്. ചെറുപാലങ്ങളെയും ചപ്പാത്തുകളെയും മരങ്ങളെയും തകര്‍ത്തുകൊണ്ടാണ് പുഴ ഒഴുകുന്നത്.

ജലമൊഴുക്ക് വര്‍ധിച്ചതോടെ ആലുവ പട്ടണത്തിന്റെ സമീപ പ്രദേശങ്ങള്‍ പ്രളയ ഭീഷണിയിലാണ്. ആലുവ, കളമശ്ശേരി മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുമെന്നാണ് ആശങ്ക. കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളിലാണ് ജില്ലാ ഭരണകൂടം.

വെള്ളം ഉയരാനുള്ള സാധ്യത മുന്‍നിര്‍ത്തി ചെറുതോണിയിലെ താഴ്ന്ന പ്രദേശങ്ങില്‍ നിന്നുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്് മാറ്റിയിട്ടുണ്ട്. ഇടുക്കി ജില്ലയിലേക്കുള്ള വിനോദ സഞ്ചാര യാത്രകള്‍ക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുതോണി വഴിയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്.നിലവില്‍ ഡാമിന്റെ കൈവഴികള്‍ക്ക് അരികിലുള്ളതും, പെരിയാറിന്റെ തീരത്തുമുള്ള 100 മീറ്റര്‍ ചുറ്റളവിലുള്ളവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com