ആലുവയില്‍ ബലിതര്‍പ്പണം മുടങ്ങില്ല, പുഴയില്‍ മുങ്ങുന്നതിന് മാത്രം വിലക്ക് 

തോട്ടയ്ക്കാട്ടുകര-മണപ്പുറം റോഡിന്റെ ഇരുവശത്തുമായാണ് ബലി തറകള്‍ ദേവസ്വബോര്‍ഡ് സജ്ജീകരിക്കുന്നത്
ആലുവയില്‍ ബലിതര്‍പ്പണം മുടങ്ങില്ല, പുഴയില്‍ മുങ്ങുന്നതിന് മാത്രം വിലക്ക് 

ആലുവ: ഇടുക്കി, ഇടമലയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നുവെങ്കിലും ശിവരാത്രി മണപ്പുറത്ത് പിതൃകര്‍മങ്ങള്‍ മുടങ്ങില്ല. കര്‍ക്കട അമാവാസിയായ നാളെ പുഴയില്‍ മുങ്ങി നിവരുന്നതിന് മാത്രമേ തടസമുണ്ടാവുകയുള്ളു. 

ഇത്തവണ ബലിതര്‍പ്പണത്തിന് തടസമുണ്ടാകാത്ത രീതിയില്‍ പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കണം എന്ന് ദേവസ്വം ബോര്‍ഡ് കെഎസ്ഇബിയോടും ജലവിഭവ വകുപ്പിനോടും ആവശ്യപ്പെട്ടിരുന്നു എങ്കിലും ഡാമുകള്‍ തുറക്കേണ്ട സാഹചര്യം വന്നതോടെ അവര്‍ നിസഹായരാവുകയായിരുന്നു. 

തോട്ടയ്ക്കാട്ടുകര-മണപ്പുറം റോഡിന്റെ ഇരുവശത്തുമായാണ് ബലി തറകള്‍ ദേവസ്വബോര്‍ഡ് സജ്ജീകരിക്കുന്നത്. ബലിത്തറകള്‍ ഇവിടെ നേരത്തെ ലേലം ചെയ്തവര്‍ക്കാണ് കര്‍മങ്ങള്‍ നടത്താനുള്ള അനുമതി. ഇവിടെ കര്‍മങ്ങള്‍ നടത്താന്‍ അനുമതി ലഭിച്ച പുരോഹിതരുടെ പട്ടിക പൊലീസിന് സമര്‍പ്പിച്ചിട്ടുണ്ട്. 

മുകളിലെ ശിവക്ഷേത്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്ക് മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ തിലവഹന നമസ്‌കാരവും മറ്റും ആരംഭിക്കും. ശ്രീകോവിലിലെ പ്രതിഷ്ഠ മുങ്ങിയാല്‍ ആറാട്ട് നടന്നതായാണ് കണക്കാക്കുന്നത്. മണപ്പുറത്ത് ഇത്തവണ മൂന്ന് വട്ടം ആറാട്ട് നടന്നു. അഞ്ച് വര്‍ഷത്തിന് മുന്‍പും മൂന്ന് തവണ ആറാട്ട് നടന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com