അവധി എന്ന് കേട്ടപാടെ ഓഫീസ് പൂട്ടി വീട്ടിലേക്കോടി, ഇല്ലെന്നറിഞ്ഞ് തിരിച്ചെത്തി

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി എന്നായിരുന്നു പ്രചാരണം. കേട്ടപാടെ ഓഫീസ് വിട്ട് പലരും വീട്ടിലേക്ക് പാഞ്ഞു...
അവധി എന്ന് കേട്ടപാടെ ഓഫീസ് പൂട്ടി വീട്ടിലേക്കോടി, ഇല്ലെന്നറിഞ്ഞ് തിരിച്ചെത്തി

കാക്കനാട്: ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ അഞ്ചും തുറന്ന് കൂടുതല്‍ വെള്ളം ഒഴുക്കി കളയേണ്ടി വരുമെന്ന അവസ്ഥ മുന്നിലെത്തി ആശങ്കകള്‍ നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു ആ അവധി വാര്‍ത്ത പരന്നത്. എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി എന്നായിരുന്നു പ്രചാരണം. കേട്ടപാടെ ഓഫീസ് വിട്ട് പലരും വീട്ടിലേക്ക് പാഞ്ഞു...

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കിയെന്ന് കേട്ടതോടെ ജനങ്ങളുടെ ആശങ്ക വര്‍ധിച്ചു. സ്ഥിതിഗതികള്‍ കൈവിട്ടു പോകുന്നു എന്നതിന്റെ സൂചനയല്ലേ ആ അവധി പ്രഖ്യാപനം എന്നായിരുന്നു പലരുടേയും ചോദ്യം. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി എന്ന വ്യാജ പ്രചാരണത്തിന് അധികം ആയുസുണ്ടായില്ല.

അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ ഓഫീസും പൂട്ടി പോയ ഉദ്യോഗസ്ഥര്‍ക്ക് പണിയായി. വ്യാജ പ്രചാരണമാണെന്ന് വ്യക്തമായതോടെ പൂട്ടിയ ഓഫീസുകള്‍ തുറന്നു, പോയവര്‍ക്കെല്ലാം തിരിച്ചെത്തേണ്ടിയും വന്നു. 

സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു അവധി വാര്‍ത്ത ആദ്യം പ്രചരിച്ചത്. പിന്നാലെ ചില ന്യൂസ് ചാനലുകളിലും ഇത് പ്രത്യക്ഷപ്പെട്ടു. അതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ അവധി ഉറപ്പിച്ചു. അവധി പ്രഖ്യാപനം ശരിയാണോ എന്നറിയാന്‍ കളക്ടറേറ്റിലേക്ക് ഫോണ്‍കോള്‍ എത്തിയെങ്കിലും അറിയില്ലെന്നായിരുന്നു ഇവിടെ നിന്നുള്ള മറുപടി. 

എന്നാല്‍ തിരുവനന്തപുരത്ത് നിന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത് എന്നായി സമൂഹമാധ്യമങ്ങളിലെ പ്രചാരണം. രണ്ടാം ശനിയും ഞായറാഴ്ചയുമാണ് മുന്നിലുള്ളത് എന്ന് കണ്ട് ദൂരദേശങ്ങളില്‍ നിന്നുമുള്ള ജീവനക്കാര്‍ അവധി എന്ന് കേട്ടപാടെ ഓഫീസ് വിട്ടിറങ്ങി. 

കലക്ടറേറ്റ്‌ സമുച്ചയത്തിലെ ചില ഓഫീസുകള്‍ പൂട്ടിയെങ്കിലും വ്യാജവാര്‍ത്തയാണെന്ന് വ്യക്തമായതോടെ തുറന്നു. ചില ചാനലുകളുടേതിന് സമാനമായ രൂപത്തിലും സ്‌ക്രീന്‍ഷോട്ട് തയ്യാറാക്കി പലരും അവധി എന്ന വ്യാജപ്രചാരണം നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com