ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കായി പൊലീസില്‍ പിരിവ്; വിലക്കുമായി ഡിജിപി

ശിക്ഷിക്കപ്പെട്ട അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി പൊലീസ് അസോസിയേഷനും ഓഫിസേഴ്‌സ് അസോസിയേഷനുമാണ് പിരിവ് നടത്തുന്നത്
ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കായി പൊലീസില്‍ പിരിവ്; വിലക്കുമായി ഡിജിപി

തിരുവനന്തപുരം; ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പൊലീസുകാര്‍ക്കായി പണപ്പിരിവ് നടത്തുന്നതിനെ വിലക്കി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ശിക്ഷിക്കപ്പെട്ട അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി പൊലീസ് അസോസിയേഷനും ഓഫിസേഴ്‌സ് അസോസിയേഷനുമാണ് പിരിവ് നടത്തുന്നത്. എല്ലാ ഉദ്യോഗസ്ഥരേയും നേരിട്ട് പോയി കണ്ടാണ് പിരിവ്. ഇത് അറിഞ്ഞതോടെയാണ് ഡിജിപി വിലക്കുമായി രംഗത്തെത്തിയത്. 

പിരിവ് നടത്തുന്നത് ക്രമവിരുദ്ധമാണെന്ന് ഡിജിപി പറഞ്ഞു. കോടതി ശിക്ഷിച്ച പ്രതികള്‍ക്കുവേണ്ടി ഫണ്ട് സ്വരൂപിക്കാന്‍ ഔദ്യോഗിക സംവിധാനം ഉപയോഗിക്കുന്നതു ശരിയല്ലെന്നു അദ്ദേഹം വ്യക്തമാക്കി. പൊലീസുകാരുടെ ശമ്പളത്തില്‍നിന്നു നേരിട്ടു പണം പിടിക്കാന്‍ ഒരു യൂണിറ്റ് മേധാവിയും അനുവാദം നല്‍കരുത്. ഇത്തരം പണപ്പിരിവിനെ പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ലെന്നുമാണ് ബെഹ്‌റയുടെ ഉത്തരവ്.

എന്നാല്‍ പൊലീസുകാരുടെ ശമ്പളത്തില്‍നിന്നു നേരിട്ടു പണം പിടിക്കുന്നതിനു പകരം അസോസിയേഷന്‍ ഭാരവാഹികള്‍ അവരെ നേരില്‍ കണ്ടു ഫണ്ട് പിരിവു തുടരുന്നുണ്ട്. ശിക്ഷിക്കപ്പെട്ട അഞ്ചുപേരില്‍ സര്‍വീസിലുണ്ടായിരുന്ന സിറ്റി െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ എഎസ്‌ഐ കെ.ജിതകുമാര്‍, നര്‍കോടിക് സെല്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എസ്.വി.ശ്രീകുമാര്‍ എന്നിവരെ വധശിക്ഷയ്ക്കാണ് വിധിച്ചിരിക്കുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇവരെ സേനയില്‍നിന്നു പുറത്താക്കാന്‍ ഉത്തരവിട്ടിരുന്നു. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ടി.അജിത് കുമാര്‍, മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവര്‍ക്കു മൂന്നുവര്‍ഷം തടവും പിഴയുമാണു ശിക്ഷ.

എന്നാല്‍ ഉരുട്ടിക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ ഡിജിപിയുടെ വിലക്കുണ്ടെങ്കിലും പ്രതികളെ സഹായിക്കാന്‍തന്നെയാണ് അസോസിയേഷനുകളുടെയും ഒരു വിഭാഗം പൊലീസുകാരുടെയും തീരുമാനം. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി കേസ് നടത്താന്‍ വലിയ തുക വേണ്ടിവരുന്നതിനാലാണ് പിരിവ് നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com