വെള്ളപ്പൊക്കം; ഒരു രാത്രിയും പകലും പ്രസവ വേദനയോടെ യുവതി രണ്ടാം നിലയില്‍, രക്ഷകരായി അഗ്നിരക്ഷാ സേന

ഉരുള്‍പ്പൊട്ടിയുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടിന്റെ രണ്ടാം നിലയില്‍ അകപ്പെട്ടുപോയ പൂര്‍ണ ഗര്‍ഭിണിക്ക് തുണയായും സുരക്ഷാ ഉദ്യോഗസ്ഥരെത്തി
വെള്ളപ്പൊക്കം; ഒരു രാത്രിയും പകലും പ്രസവ വേദനയോടെ യുവതി രണ്ടാം നിലയില്‍, രക്ഷകരായി അഗ്നിരക്ഷാ സേന

കല്‍പ്പറ്റ: സമാനതകളില്ലാത്ത പ്രളയം കേരളത്തിന്റെ കണ്‍മുന്നിലേക്കെത്തിയപ്പോള്‍ നാടിന്റെ അതിജീവനത്തിന് താങ്ങായത് ദുരുതമേഖലകളില്‍ നിയോഗിക്കപ്പെട്ട സുരക്ഷാ ജീവനക്കാരായിരുന്നു. ഉരുള്‍പ്പൊട്ടിയുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടിന്റെ രണ്ടാം നിലയില്‍ അകപ്പെട്ടുപോയ പൂര്‍ണ ഗര്‍ഭിണിക്ക് തുണയായും ഈ സുരക്ഷാ ഉദ്യോഗസ്ഥരെത്തി. 

ഒരു രാത്രിയും പകലും വീടിന്റെ രണ്ടാം നിലയില്‍ പ്രസവ വേദന അനുഭവിച്ച് കിടന്ന വൈത്തിരി അമ്മാറ സ്വദേശിനി സജ്‌ന(25)നെയാണ് അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തി രക്ഷിച്ചത്. ആശുപത്രിയില്‍ എത്തിച്ച ഉടനെ സജ്‌ന പെണ്‍കുഞ്ഞിന് ജന്മം നല്‍കി. 

പ്രസവശുശ്രൂഷയ്ക്കായി അമ്മാറയിലെ സ്വന്തം വീട്ടിലേക്ക് എത്തിയതായിരുന്നു സജ്‌ന. വ്യാഴാഴ്ച രാത്രി അമ്മാറയില്‍ ഉരുള്‍പൊട്ടി ആനോത്ത് പുഴ നിറഞ്ഞൊഴുകി. സജ്‌നയുടെ വീടിന്റെ ഒന്നാം നില പൂര്‍ണമായും മുങ്ങി. ഇതോടെ സജ്‌നയുടെ ഉപ്പയും ഉമ്മയും സഹോദരനും സഹോദരിയും, സഹോദരിയുടെ രണ്ട് മക്കളും രണ്ടാം നിലയ്ക്കുള്ളില്‍ അകപ്പെട്ടു. 

ഇവര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നു എന്ന് വിവരം ലഭിച്ചെങ്കിലും പ്രതികൂല കാലവസ്ഥയും ഇവിടേയ്ക്ക് എത്താനുള്ള പാതയിലെ തടസങ്ങളും കാരണം വെള്ളിയാഴ്ച ഉച്ചയോടെയാണ് ഫയര്‍ഫോഴ്‌സിന് എത്താനായത്. ബോട്ടില്‍ കയറ്റിയാണ് സജ്‌നയേയും കുടുംബത്തേയും രക്ഷപെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com