ആശങ്ക അകലുന്നു, ഇടുക്കിയിലെ ജലനിരപ്പ് 2399.52 അടി; ആലുവയില്‍ ജലനിരപ്പ് കുറഞ്ഞു, ജാഗ്രതാനിര്‍ദേശം തുടരുന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു
ആശങ്ക അകലുന്നു, ഇടുക്കിയിലെ ജലനിരപ്പ് 2399.52 അടി; ആലുവയില്‍ ജലനിരപ്പ് കുറഞ്ഞു, ജാഗ്രതാനിര്‍ദേശം തുടരുന്നു

കൊച്ചി:  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു. 2399.52 അടിയായാണ് അണക്കെട്ടിലെ ജലനിരപ്പ്. നിലവില്‍ 4,98,000 ലിറ്റര്‍ വെളളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇന്നലത്തെ അപേക്ഷിച്ച് നീരൊഴുക്കില്‍ കുറവുണ്ടായിട്ടുണ്ട്. തുറന്ന അഞ്ചു ഷട്ടറുകള്‍ വഴി 7,50,000 ലിറ്റര്‍ വെളളം പുറത്തേയ്ക്ക് വിടുന്നുണ്ട്. 1,15,000 ലിറ്റര്‍ വെളളം വൈദ്യൂതി ഉല്‍പാദിപ്പിക്കാനും ഉപയോഗിക്കുന്നു. നീരൊഴുക്ക് 1,20000 ലിറ്റര്‍ എത്തുന്നതുവരെ അണക്കെട്ട് തുറന്നുവെച്ചിരിക്കുന്നത് തുടരാനാണ് തീരുമാനം. കനത്ത മഴ ഇനി ഉണ്ടായില്ലെങ്കില്‍ നാലോ അഞ്ചോ ദിവസത്തിനകം സാഹചര്യങ്ങള്‍ പൂര്‍വ സ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷ.

ഇടമലയാര്‍ അണക്കെട്ടില്‍ നേരിയ തോതില്‍ ജലനിരപ്പ് കുറഞ്ഞു. നിലവില്‍ 168.93 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഇന്നലെ വൈകീട്ട് 168.98 മീറ്ററായിരുന്നു ജലനിരപ്പ്. 169 മീറ്ററാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. വൃഷ്ടി പ്രദേശങ്ങളില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. എങ്കിലും രണ്ടു ഷട്ടറുകളിലൂടെ സെക്കന്‍ഡില്‍ 200 ഘനമീറ്റര്‍ വെള്ളമാണ് ഇപ്പോഴും പുറത്തേക്ക് ഒഴുക്കുകയാണ്. മഴ കുറഞ്ഞതോടെ ആലുവ പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞത് ആശ്വാസമായി. 

എന്നാല്‍ വയനാട് വീണ്ടും മഴ പെയ്യുകയാണ്. മാനന്തവാടിയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ദുരിതാശ്വാസ ക്യാംമ്പുകളില്‍ 13,946 പേരാണ് ഉള്ളത്. മൈസൂരു  വയനാട് പാതയില്‍ ഗതാഗത നിയന്ത്രണം ഇന്നും തുടരും. വെള്ളക്കെട്ട് തുടരുന്നതിനാല്‍ വാഹനങ്ങള്‍ നഞ്ചന്‍ഗോഡിന് അടുത്ത് സമാന്തര പാതയിലൂടെ തിരിച്ചുവിടുകയാണ് ഇപ്പോഴും. ബീച്ചനഹള്ളി ഡാമിന്റെ ഷട്ടര്‍ ഇതുവരെ താഴ്ത്തിയിട്ടില്ല. കബനിയും കൈവഴിയായ കപില നദിയും കരകവിഞ്ഞൊഴുകുകയാണ്. തെക്കന്‍ കര്‍ണാടകത്തില്‍ പലയിടത്തും കനത്ത മഴ പെയ്യുന്നതും ദുരിതം രൂക്ഷമാക്കിയിട്ടുണ്ട്. കബനീ തീരത്ത് ആയിരക്കണക്കിന് ഏക്കര്‍ കൃഷി നശിച്ചു. രണ്ട് പാലം തകര്‍ന്നു. വയനാട്ടില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടുകളുടെ ഷട്ടര്‍ തത്ക്കാലം താഴ്‌ത്തേണ്ട എന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com