ബാണാസുര സാ​ഗർ അണക്കെട്ട് തുറന്നത് മുന്നറിയിപ്പില്ലാതെ ; കലക്ടർ വിശദീകരണം തേടി

ഓറഞ്ച് അലര്‍ട്ടോ റെഡ് അലര്‍ട്ടോ ഒന്നുമില്ലാത പാതിരാത്രിയില്‍ ഡാം തുറന്നുവിടുകയായിരുന്നു
ബാണാസുര സാ​ഗർ അണക്കെട്ട് തുറന്നത് മുന്നറിയിപ്പില്ലാതെ ; കലക്ടർ വിശദീകരണം തേടി

കല്‍പ്പറ്റ: വയനാട്ടിലെ ബാണാസുര സാ​ഗർ അണക്കെട്ട്  മുന്നറിയിപ്പില്ലാതെയാണ് തുറന്നതെന്ന് ആക്ഷേപം. മുന്നറിയിപ്പില്ലാതെ അർധ രാത്രി ഡാം തുറന്നുവിടുകയായിരുന്നുവെന്ന് ഒ ആർ കേളു എംഎൽഎ പറഞ്ഞു. ഡാം തുറന്നത്  നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് വയനാട് ജില്ലാ കലക്ടറും വ്യക്തമാക്കി. സംഭവത്തിൽ കലക്ടർ ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടി. 

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും കെഎസ്ഇബി പാലിച്ചില്ല. ഓറഞ്ച് അലര്‍ട്ടോ റെഡ് അലര്‍ട്ടോ ഒന്നുമില്ലാത പാതിരാത്രിയില്‍ ഡാം തുറന്നുവിടുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.  നേരത്തെ ഡാം അടച്ചതും കളക്ടറെ അറിയിച്ചിരുന്നില്ല. മുഴുവന്‍ സാങ്കേതിക നടപടിക്രമങ്ങളും കെഎസ്ഇബി ലംഘിച്ചെന്നും ആക്ഷേപമുണ്ട്. 

മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നതിന് കെ.എസ്.ഇ.ബിക്കെതിരെ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍. ഇടുക്കിയിലെ ജാ​ഗ്രത വയനാട്ടിൽ കാണിച്ചില്ല. മുന്നറിയിപ്പില്ലാതെ ഷട്ടർ 230 സെന്റിമീറ്റർ വരെ ഉയർത്തിയെന്ന് കേളു ആരോപിച്ചു. മനുഷ്യക്കുരുതിക്ക് തന്നെ കാരണമാകുന്ന നടപടിയായിപ്പോയി. എന്നാല്‍ വിവാദങ്ങളുണ്ടാക്കണ്ട എന്ന് കരുതി മിണ്ടാതിരിക്കുകയായിരുന്നു എന്നും ഒ ആർ കേളു എംഎൽഎ പറഞ്ഞു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മണ്ണ് അണക്കെട്ടാണ് ബാണാസുര സാഗര്‍. 

ഡാം തുറന്നതിനെ തുടര്‍ന്ന് ജില്ലയിലെ പനമരം, പടിഞ്ഞാറത്തറ പഞ്ചായത്തുകളില്‍ വന്‍ ദുരന്തമാണ് ഉണ്ടായത്. രണ്ട് താലൂക്കുകളില്‍ മാത്രം 59 ക്യാമ്പുകളാണ് തുറന്നത്. ജില്ലയിലാകെ 16000ത്തില്‍ കൂടുതല്‍ ആളുകളാണ് ക്യാമ്പുകളിലുള്ളത്. കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നത് മൂലം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനാവാതെ കുടുങ്ങിയത് നിരവധി ആളുകളാണ്. വലിയ നാശനഷ്ടമാണ് ജില്ലയിലുടനീളം ഇതിനെതുടര്‍ന്നുണ്ടായത്. തങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തിന് കെ.എസ്.ഇ.ബി നഷ്ടപരിഹാരം നല്‍കണമെന്നാണ് പടിഞ്ഞാറത്തറയിലും, പനമരത്തുള്ളവരും ആവശ്യപ്പെടുന്നത്‌. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com