കരകവിഞ്ഞ പുഴയ്ക്ക് നടുവിലകപ്പെട്ട് കാട്ടാന; ഡാമിന്റെ ഷട്ടര്‍ താഴ്ത്തി ആനയെ രക്ഷപ്പെടുത്തി

കരകവിഞ്ഞ പുഴയ്ക്ക് നടുവിലകപ്പെട്ട് കാട്ടാന; ഡാമിന്റെ ഷട്ടര്‍ താഴ്ത്തി ആനയെ രക്ഷപ്പെടുത്തി
കരകവിഞ്ഞ പുഴയ്ക്ക് നടുവിലകപ്പെട്ട് കാട്ടാന; ഡാമിന്റെ ഷട്ടര്‍ താഴ്ത്തി ആനയെ രക്ഷപ്പെടുത്തി


തൃശൂര്‍: അതിരപ്പള്ളിയില്‍ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ കാട്ടാനയെ വനംവകുപ്പിന്റെയും, പൊലീസിന്റെയും, നാട്ടുകാരുടെയും സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം രക്ഷപെടുത്തി. പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടര്‍ താഴ്ത്തി പുഴയുടെ ജലനിരപ്പ് കുറച്ചാണ് ആനയെ രക്ഷപ്പെടുത്തിയത്.

ഇന്ന് രാവിലെ അതിരപ്പള്ളി ചാര്‍പ്പ വെള്ളച്ചാട്ടത്തിനും ഇട്ടാനിയ്ക്കുമിടയിലുള്ള ഭാഗത്തായാണ് പുഴയുടെ നടുക്ക് പാറകൂട്ടത്തില്‍ ആന കുടുങ്ങിയനിലയില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പുഴയില്‍ കനത്ത ഒഴുക്കായതിനാല്‍ ആനയ്ക്ക് ഇരുവശത്തേക്കും പോകാന്‍ കഴിയാതെ പാറക്കെട്ടില്‍ നില്‍ക്കുകയായിരുന്നു.

പുഴമുറിച്ചുകടന്ന് എതിര്‍ഭാഗത്തുള്ള വനത്തിലേക്കു പോകുന്നതിനിടയിലാണ് ആന കുടുങ്ങിയത്. അറിഞ്ഞപ്പോള്‍ തന്നെ വിവരം നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി എന്നാല്‍ ശക്തമായ ഒഴുക്കായതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി.

ആന അപകടത്തില്‍പെടുമോ എന്ന ആശങ്കയും ഉണ്ടായതിനാല്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടര്‍ താഴ്ത്തുകയല്ലാതെ വേറെ വഴിയില്ലെന്നു തീരുമാനിക്കുകയായിരുന്നു. വനംവകുപ്പിന്റെ ഇടപെടല്‍ മൂലം ഡാം സേഫ്റ്റി ഉദ്യോഗസ്ഥര്‍ മൂന്നു ഷട്ടറുകളും താഴ്ത്തി പുഴയുടെ ജലനിരപ്പ് കുറച്ചു.

തുടര്‍ന്ന് നാട്ടുകാരുടെയും, വനംവകുപ്പിന്റെയും, പൊലീസിന്റെയും ശ്രമഫലമായി 11 മണിയോടുകൂടി ആനയെ മറുകരയിലെത്തിച്ചു. നാലുമണിക്കൂറോളം ആന കുടുങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com