പെരിയാറില്‍ മലമ്പാമ്പ് മുതല്‍ ചീങ്കണ്ണി വരെ; അണക്കെട്ടിലെ വെള്ളത്തിനൊപ്പം പുറത്തുചാടിയ അതിഥികളെ പേടിച്ച് നാട്ടുകാര്‍

കോതാട് കണ്ടനാട് ഭാഗത്ത് ബോട്ട് ജെട്ടിയോട് ചേര്‍ന്നുള്ള ഇടത്തോട്ടിലെ തൂമ്പിലാണ് ചീങ്കണ്ണിയെ കണ്ടത്
പെരിയാറില്‍ മലമ്പാമ്പ് മുതല്‍ ചീങ്കണ്ണി വരെ; അണക്കെട്ടിലെ വെള്ളത്തിനൊപ്പം പുറത്തുചാടിയ അതിഥികളെ പേടിച്ച് നാട്ടുകാര്‍

കൊച്ചി; ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് ഒഴുക്കിവിട്ട ഇടുക്കിയിലേയും ഇടമലയാറിലേയും ഡാമുകളിലെ വെള്ളത്തിനൊപ്പം ചീങ്കണ്ണികളും ഇഴജന്തുക്കളും പെരിയാറില്‍ എത്തിയിട്ടുണ്ടെന്ന് ആശങ്ക.പെരിയാറിന്റെ പലമേഖലകളിലും ചീങ്കണ്ണികളെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചതോടെയാണ് ആശങ്ക പരന്നത്. കോതാട് കണ്ടനാട് ഭാഗത്തും വരാപ്പുഴയിലുമാണ് ചീങ്കണ്ണികളെ കണ്ടത്. 

കോതാട് കണ്ടനാട് ഭാഗത്ത് ബോട്ട് ജെട്ടിയോട് ചേര്‍ന്നുള്ള ഇടത്തോട്ടിലെ തൂമ്പിലാണ് ചീങ്കണ്ണിയെ കണ്ടത്.  പ്രദേശത്ത് താമസിക്കുന്ന മണപ്പുറത്ത് ക്രിസ്റ്റഫറിന്റെ ഭാര്യ സ്റ്റെഫിയാണ് അതിഥിയെ കണ്ടത്. വിവരം മറ്റുള്ളവരോട് പറഞ്ഞതിനെ തുടര്‍ന്ന് പരിസരവാസികള്‍ ചീങ്കണ്ണിയെ കാണാന്‍ തടിച്ചുകൂടിയെങ്കിലും നിരാശയായിരുന്ന ഫലം. ചൂണ്ടയിടാനും വലയിടാനും കുളിക്കാനുമെല്ലാം പ്രദേശവാസികള്‍ ഇറങ്ങുന്ന സ്ഥലമാണിത്. ചീങ്കണ്ണിയുടെ സാന്നിധ്യം നാട്ടുകാരുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്. ഇതു കൂടാതെയാണ് വരാപ്പുഴയിലാണ് ചെറിയ ചീങ്കണ്ണി കുഞ്ഞിനെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചത്. 

ചീങ്കണ്ണികള്‍ മാത്രമല്ല ഉഗ്രവിഷമുള്ള പാമ്പുകള്‍ വരെ അണക്കെട്ടില്‍ നിന്ന് പുറത്തുചാടിയിട്ടുണ്ട്. വെള്ളം ഉയര്‍ന്ന പല സ്ഥലത്തും ഇഴജന്തുക്കളുടെ പിടിയിലാണ്. വലിയ പെരുമ്പാമ്പിനെ വരെ പലസ്ഥലത്തും കണ്ടതായാണ് റിപ്പോര്‍ട്ട്. വെള്ളത്തിനൊപ്പം പല വീടുകളിലും ഇഴജന്തുക്കളും കയറിയിരുന്നു. അണക്കെട്ടില്‍ നിന്ന് എത്തിയ ഈ പാമ്പുകളെ പേടിച്ച് കഴിയുകയാണ് പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com