മഠത്തില്‍ പോയിട്ടില്ലെന്ന വാദം കളവ്,  ബിഷപ്പിന്റെ മൊഴിയില്‍ വൈരുധ്യം ; അറസ്റ്റ് വൈകുന്നതിന് പിന്നില്‍ ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന് കന്യാസ്ത്രീയുടെ കുടുംബം

നടപടി ഉണ്ടായില്ലെങ്കില്‍, പൊലീസിന് നല്‍കിയ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുമെന്ന് കന്യാസ്ത്രിയുടെ ബന്ധുക്കള്‍
മഠത്തില്‍ പോയിട്ടില്ലെന്ന വാദം കളവ്,  ബിഷപ്പിന്റെ മൊഴിയില്‍ വൈരുധ്യം ; അറസ്റ്റ് വൈകുന്നതിന് പിന്നില്‍ ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന് കന്യാസ്ത്രീയുടെ കുടുംബം

കോട്ടയം : ബലാല്‍സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനെതിരെ കന്യാസ്ത്രീയും കുടുംബവും രംഗത്ത്. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നില്‍ ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ ആരോപിച്ചു. കേസില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ല. പൊലീസില്‍ നിന്ന് നീതി കിട്ടിയില്ലെങ്കില്‍, നിയമനടപടിയിലേക്ക് പോകുന്ന കാര്യം ആലോചിക്കുകയാണ്. ബിഷപ്പിനെതിരായ പരാതിയില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടായില്ലെങ്കില്‍, പൊലീസിന് നല്‍കിയ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുമെന്നും പരാതിക്കാരിയായ കന്യാസ്ത്രിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി.  

കന്യാസ്ത്രീയുടെ പരാതി അന്വേഷിക്കുന്ന പൊലീസ് സംഘം ഇന്നലെ രാത്രി ജലന്ധറിലെ ബിഷപ്പ് ഹൗസിലെത്തി ഫ്രാങ്കോ മുളയ്ക്കലിനെ എട്ടു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം എത്തിയത് അറിഞ്ഞ് ചണ്ഡീഗഡിലേക്ക് മുങ്ങിയ ബിഷപ്പിനെ, തിരികെ ബിഷപ്പ് ഹൗസില്‍ എത്തിച്ചാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ അടക്കം ശേഖരിച്ചു. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയനാക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. 

എന്നാല്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്നാണ് ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ സംഘം സൂചിപ്പിച്ചത്. ജലന്ധറില്‍ നിന്നും ഡല്‍ഹിയിലെത്തുന്ന വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നാളെ നാട്ടിലേക്ക് തിരിക്കുമെന്നാണ് സൂചന. ഇന്ന് വീണ്ടും ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതും വേണ്ടെന്ന് വെച്ചിട്ടുണ്ട്. അതേസമയം പരാതിയില്‍ പറയുന്ന ദിവസം മഠത്തില്‍ പോയിട്ടില്ലെന്ന ബിഷപ്പിന്റെ വാദം കളവാണെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ബിഷപ്പ് അന്ന് മഠത്തിലെത്തിയതിന്റെ തെളിവും മൊഴിയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ബിഷപ്പിന്റെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നും സൂചനയുണ്ട്. 

ബലാല്‍സംഗ കേസില്‍ ബിഷപ്പിനെതിരെ നേരത്തെ ജലന്ധര്‍ രൂപതയിലെ ഏതാനും വൈദികര്‍ അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവുകള്‍ നല്‍കിയിരുന്നു. കന്യാസ്ത്രീ പരാതി നല്‍കിയ കാര്യങ്ങള്‍ അടക്കം മദര്‍ ജനറലും പൊലീസിനോട് വെളിപ്പെടുത്തി. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതായി അന്വേഷണസംഘവും വ്യക്തമാക്കിയിരുന്നു. എന്നിട്ടും അറസ്റ്റ് അടക്കമുള്ള നടപടികള്‍ വൈകുന്നതാണ് കന്യാസ്ത്രീയുടെ കുടുംബം ചോദ്യം ചെയ്യുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com