ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് വീണ്ടും കനത്ത മഴ; വടക്കന്‍ ജില്ലകളില്‍ വ്യാപക ഉരുള്‍പൊട്ടല്‍

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് വീണ്ടും കനത്ത മഴ; വടക്കന്‍ ജില്ലകളില്‍ വ്യാപക ഉരുള്‍പൊട്ടല്‍
ഫയല്‍  ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴതുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഒഡീഷാ തീരത്ത് ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി

വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും പേമാരിയില്‍ കനത്ത നാശനഷ്ടം. വയനാട്ടിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കണ്ണൂരിന്റേയും മലപ്പുറത്തിന്റേയും കോഴിക്കോടിന്റേയും മലയോര മേഖലയില്‍ നിരവധി ഉരുള്‍പൊട്ടലുകളുണ്ടായി. 

വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 210 സെന്റീമീറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഡാം തുറന്നപ്പോള്‍ ജലനിരപ്പുയര്‍ന്ന സ്ഥലങ്ങളിലൊക്കെ ജലനിരപ്പ് ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. വയനാട് മക്കിമലയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഇതേത്തുടര്‍ന്ന് തലപ്പുഴ ചുങ്കത്ത് വെള്ളം കയറുകയാണ്. കുറിച്യര്‍ മലയില്‍  മൂന്നാം തവണയും ഉരുള്‍പൊട്ടലുണ്ടായി. തലപ്പുഴക്കടുത്ത് കമ്പിപ്പാലത്ത് രാവിലെ ഒഴുക്കില്‍പ്പെട്ടയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. 

താമരശേരി ചുരത്തില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. ഇതോടെ വയനാട്ടിലേക്കുള്ള ഗതാഗതം താറുമാറായി. ഈങ്ങാപ്പുഴയില്‍ വെള്ളം കയറി വാഹനങ്ങള്‍ തിരിച്ചുവിടുന്നു. കോഴിക്കോട് ജില്ലയുടെ വനമേഖലകളില്‍ തുരുതുരെ ഉരുള്‍പൊട്ടലുണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുവഞ്ഞിപ്പുഴയും കുറ്റിയാടിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. കക്കയം ഡാം വീണ്ടും തുറന്നു. രണ്ടിടത്ത് ഉരുള്‍പൊട്ടി

മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതും പാലക്കാട് ജില്ലയിലെ മറ്റ് ഡാമുകളും തുറന്നു വിട്ടതും പലയിടത്തും വെള്ളം കയറാന്‍ കാരണമായി. നഗരത്തില്‍ മിക്കയിടത്തും വെള്ളം കയറിയിട്ടുണ്ട്. മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉച്ചയോടെ 60 സെന്റീമീറ്ററാക്കി ഉയര്‍ത്തിയിട്ടുണ്ട്. മഴ കൂടിയാല്‍ വീണ്ടും പത്തു സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തും. നിലവില്‍ വാളയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ വെള്ളം പൊങ്ങിത്തുടങ്ങിയ മേഖലകളെ ഇത് പ്രതിസന്ധിയിലാക്കും. 

കണ്ണൂര്‍ കൊട്ടിയൂര്‍ ചപ്പമലയില്‍ വീണ്ടും ഉരുള്‍പൊട്ടി. മരം വീണ് കൊട്ടിയൂര്‍ക്ഷേത്രത്തിന്റെ വഴിപാട് കൗണ്ടര്‍ തകര്‍ന്നു. ബാവലിപ്പുഴയും ചീങ്കണ്ണിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. മലപ്പുറം ആഢ്യന്‍പാറ മേഖലയിലെ തേന്‍പാറയില്‍ ഉരുള്‍പൊട്ടലുണ്ടായി. കാഞ്ഞിരപ്പുഴ കലിതുള്ളിഒഴുകുന്നത് ഭീതി സൃഷ്ടിച്ചിട്ടുണ്ട്. കരുവാരക്കുണ്ട്, കല്‍ക്കുണ്ട് മേഖലയിലും ഉരുള്‍പൊട്ടി. മലപ്പുറംകോഴിക്കോട് ജില്ലകളിലൂടെ ഒഴുകുന്ന ചാലിയാറും കടലുണ്ടിപ്പുഴയും നിറഞ്ഞൊഴുകുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com