പമ്പയില്‍ പ്രളയം ;  തന്ത്രിയുടെ വഴി മുടങ്ങി, നിറപുത്തരിക്കുള്ള നെല്‍ക്കതിര്‍ സന്നിധാനത്തെത്തിക്കാന്‍ സഹായം തേടി ദേവസ്വം ബോര്‍ഡ്

പമ്പാനദിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തരുതെന്ന് ഭക്തര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി
പമ്പയില്‍ പ്രളയം ;  തന്ത്രിയുടെ വഴി മുടങ്ങി, നിറപുത്തരിക്കുള്ള നെല്‍ക്കതിര്‍ സന്നിധാനത്തെത്തിക്കാന്‍ സഹായം തേടി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട : പമ്പയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ, സന്നിധാനത്തേക്കുള്ള യാത്ര വിലക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടവും പൊലീസും. നിറപുത്തരിക്കായി ഇന്ന് ശബരിമല നട തുറക്കുകയാണ്. വെള്ളപ്പൊക്കം രൂക്ഷമായതോടെ നിറപുത്തരി പൂജകള്‍ക്കായി തന്ത്രിയെയും, പൂജകള്‍ക്കുള്ള നെല്‍ക്കതിരും എങ്ങനെ സന്നിധാനത്ത് എത്തിക്കുമെന്ന ആലോചനയിലാണ് ദേവസ്വം അധികൃതര്‍. വെള്ളം ഉയര്‍ന്നതോടെ, പമ്പയും ത്രിവേണി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. പാലങ്ങളും മുങ്ങിയിരിക്കുകയാണ്. 

അതേസമയം നിറപുത്തരി പൂജകള്‍ക്ക് മുടക്കമുണ്ടാകില്ലെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മേല്‍ശാന്തി സന്നിധാനത്ത് ഉള്ളതിനാല്‍ പൂജകള്‍ക്ക് തടസ്സമുണ്ടാകില്ല. നിറപുത്തരി പൂജകള്‍ക്കുള്ള നെല്‍ക്കതിര്‍ പുല്ലുമേട് വഴി സന്നിധാനത്ത് എത്തിക്കുന്നതിനെ കുറിച്ചും അധികൃതര്‍ ആലോചിക്കുന്നുണ്ട്. തന്ത്രിയെയും നെല്‍ക്കതിരും സന്നിധാനത്ത് എത്തിക്കാന്‍ നടപടി ഉണ്ടാക്കണമെന്ന് ദേവസ്വം ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

പമ്പാനദിയില്‍ ജലനിരപ്പ് വന്‍തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തരുതെന്ന് ഭക്തര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പമ്പയിലേക്കും ശബരിമലയിലേക്കും തീര്‍ഥാടകരെ കടത്തിവിടേണ്ട എന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം. മുന്നറിയിപ്പ് അവഗണിച്ച് എത്തുന്ന തീര്‍ഥാടകരെ പമ്പയിലെത്തുന്നതിന് മുമ്പ് തടയും. 

പമ്പയിലെ വിവിധ ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍  ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്പാനദിയ്ക്ക് കുറുകെയുള്ള പാലം വെള്ളം കയറിയ അവസ്ഥയിലാണ്.  കക്കി, ആനത്തോട് ഡാമുകള്‍ ഉള്‍പ്പെടെ ശബരിഗിരി പദ്ധതിയുടെ ഭാഗമായുള്ള ഡാമുകളുടെയെല്ലാം ഷട്ടറുകള്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നിരിക്കുകയാണ്. 

അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നിലയ്ക്കലില്‍ താമസിക്കാനുള്ള സൗകര്യം ദേവസ്വംബോര്‍ഡ് ഒരുക്കി നല്‍കും. എന്നാല്‍ പമ്പാ നദിയിലെ വെള്ളത്തിന്റെ അപകടാവസ്ഥയ്ക്ക് മാറ്റം വരാതെ അയ്യപ്പഭക്തരെ പമ്പയില്‍ നിന്ന് ശബരിമലയിലേക്ക് കടത്തിവിടില്ല. പമ്പയില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചും വടം കെട്ടിയും അപകട മുന്നറിയിപ്പ് നല്‍കിയും അയ്യപ്പഭക്തര്‍ക്ക്  സ്ഥിതിഗതികള്‍ കൈമാറും. ഭക്തര്‍ അപകട മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങള്‍ മുഖവിലക്കെടുക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com