പ്രളയം ഭയന്ന് വീട് മാറിയിട്ടും വിധി വിട്ടില്ല; മരണം കുടുംബത്തെ തേടിയെത്തിയത് ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍

പ്രളയംഭയന്ന് വാടകവീട്ടിലേക്ക് പലായനം ചെയ്തിട്ടും മരണം അവരെ വെറുതേവിട്ടില്ല
പ്രളയം ഭയന്ന് വീട് മാറിയിട്ടും വിധി വിട്ടില്ല; മരണം കുടുംബത്തെ തേടിയെത്തിയത് ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍

ചെറുതോണി: പ്രളയംഭയന്ന് വാടകവീട്ടിലേക്ക് പലായനം ചെയ്തിട്ടും മരണം അവരെ വെറുതേവിട്ടില്ല. ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനു മുമ്പേ കുടുംബാംഗങ്ങളെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് കീരിത്തോട് പെരിയാര്‍വാലി സ്വദേശി കൂട്ടാക്കുന്നേല്‍ ബിബിന്‍ ബെന്നി വാടകവീടു തരപ്പെടുത്തിയത്. പ്രളയം ഭയന്ന് വാടകവീട്ടില്‍ അഭയം പ്രാപിച്ചവര്‍ക്കായി വിധി കാത്തുവച്ചിരുന്നത് ഉരുള്‍പൊട്ടലെന്ന വിനാശവും. വ്യാഴാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ ബിബിനു നഷ്ടമായത് വല്യപ്പച്ചനെയും വല്യമ്മച്ചിയെയും. 

തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഭാര്യ ജെസിയും ഒന്നരവയസുകാരി മകള്‍ ഏയ്ഞ്ചലും മരണത്തില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കീരിത്തോട് സ്വദേശി രവീന്ദ്രന്റേതായിരുന്നു വാടകവീട്. വ്യാഴാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു വീടിനു മുകളിലുള്ള മലയില്‍ ഉരുള്‍പൊട്ടിയത്. കുത്തിയൊലിച്ചെത്തിയ പാറയും ചെളിയും വീടിനെ പൂര്‍ണമായും മൂടി. അവശേഷിച്ചത് ജെസിയും കുഞ്ഞും ഉറങ്ങിയിരുന്ന മുറിയും വീടിന്റെ മുന്‍വശത്തെ ഭിത്തിയും മാത്രം. നാട്ടുകാരുടെ അവസരോചിത ഇടപെടലില്‍ ഇവരെ രക്ഷിക്കാനായി. 

അടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന കൂട്ടാക്കുന്നേല്‍ ആഗസ്തി(70)യുടെയും ഭാര്യ ഏലിക്കുട്ടി(65) യുടെയും മൃതദേഹങ്ങള്‍ പിറ്റേന്നാണു കണ്ടെടുക്കുന്നത്. അപകടദിവസം രാത്രി പതിവായി കിടന്നിരുന്ന മുറിയില്‍നിന്നും ജെസിയെയും കുഞ്ഞിനെയും മറ്റൊരു മുറിയില്‍ നിര്‍ബന്ധിച്ച് മാറ്റിക്കിടത്തിയത് ആഗസ്തിയായിരുന്നു. ബിബിന്റെ മാതാപിതാക്കള്‍ സഹോദരിയുടെ പഠന ആവശ്യത്തിനായി കൊച്ചിയിലായിരുന്നു താമസിച്ചിരുന്നത്.വല്യപ്പച്ചനും വല്യമ്മച്ചിയുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. പാലായില്‍ ജെ.സി.ബി ഓപ്പറേറ്ററായ ബിബിന്‍ സംഭവദിവസം സ്ഥലത്തുണ്ടായിരുന്നില്ല. പെരിയാറിന്റെ തീരത്തെ ഇവരുടെ വീട് ഇപ്പോള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com