ബിഷപ്പിനെ എട്ടു മണിക്കൂറോളം ചോദ്യം ചെയ്തു ; മൊബൈൽ ഫോൺ പിടിച്ചെടുത്തു, അറസ്റ്റ് ഉടൻ ഉണ്ടായേക്കില്ല

ബിഷപ്പിന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘം പിടിച്ചെടുത്തു. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും
ബിഷപ്പിനെ എട്ടു മണിക്കൂറോളം ചോദ്യം ചെയ്തു ; മൊബൈൽ ഫോൺ പിടിച്ചെടുത്തു, അറസ്റ്റ് ഉടൻ ഉണ്ടായേക്കില്ല

ജലന്ധർ : ലൈം​ഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ എട്ടു മണിക്കൂറോളം നീണ്ടു. ബിഷപ്പിന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘം പിടിച്ചെടുത്തു. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ബിഷപ്പിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാനും അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്. 

കന്യാസ്ത്രീയുടെ പരാതി സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ജലന്ധറിലെ ബാക്കി തെളിവുകൾ കൂടി ശേഖരിച്ച് അന്വേഷണസംഘം നാട്ടിലേക്ക് മടങ്ങും. ബിഷപ്പ് കുറവിലങ്ങാട് മഠത്തിൽ താമസിച്ചത് സംബന്ധിച്ച കൂടുതൽ വ്യക്തത വരാനുണ്ട്. അന്വേഷണത്തോട് ബിഷപ്പ് സഹകരിച്ചെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം പരാതിയിൽ പറയുന്ന ദിവസങ്ങളിൽ കുറവിലങ്ങാട് മഠത്തിൽ വന്നിട്ടില്ലെന്നാണ് ബിഷപ്പ് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. 

പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്ന് ബിഷപ്പിന്റെ അഭിഭാഷകനും അറിയിച്ചു. ഏത് ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും വ്യക്തമാക്കി. നാടകീയ രംഗങ്ങൾക്കൊടുവിലാണ് ബിഷപ്പിനെ തിങ്കളാഴ്ച രാത്രി വൈക്കം ഡിവൈ.എസ്.പി. കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലിന് തിങ്കളാഴ്ച പകൽ 11 മണിയോടെ അന്വേഷണസംഘം ബിഷപ്പ്ഹൗസിൽ എത്തി. അറസ്റ്റുചെയ്യുമെന്ന സൂചന വന്നതോടെ ബിഷപ്പ് ചണ്ഡീഗഢിലേക്ക് പോയി. വൈകുന്നേരമായിട്ടും ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് ഹൗസിൽ തിരിച്ചെത്തിയില്ല. ഇതോടെ ബിഷപ്പിനെ ചോദ്യം ചെയ്യാതെ ബിഷപ്പ്ഹൗസിൽനിന്ന് പോകില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. തുടർന്ന് രാത്രി എട്ടുമണിയോടെ ഫ്രാങ്കോമുളയ്ക്കൽ ബിഷപ്പ് ഹൗസിലെത്തുകയായിരുന്നു. എട്ടരയ്ക്കാണ് ബിഷപ്പിനെ അന്വേഷണസംഘം ചോദ്യം ചെയ്തുതുടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com