മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടി, നീരൊഴുക്ക് സെക്കന്‍ഡില്‍ 16,000 ഘനയടി; ഇടുക്കിയില്‍ സെക്കന്‍ഡില്‍ ഏഴര ലക്ഷം ലിറ്റര്‍ വെളളം പുറത്തേയ്ക്ക് ഒഴുക്കും 

കനത്തമഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി ഉയര്‍ന്നു
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടി, നീരൊഴുക്ക് സെക്കന്‍ഡില്‍ 16,000 ഘനയടി; ഇടുക്കിയില്‍ സെക്കന്‍ഡില്‍ ഏഴര ലക്ഷം ലിറ്റര്‍ വെളളം പുറത്തേയ്ക്ക് ഒഴുക്കും 

തൊടുപുഴ: കനത്തമഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി ഉയര്‍ന്നു. നീരൊഴുക്ക് 16,000 ഘനയടി ആണ്. മണിക്കൂറില്‍ 5,000 ഘനയടി കൂടിയിട്ടുണ്ട്. തമിഴ്‌നാട് രണ്ടാമത്തെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സെക്കന്‍ഡില്‍ 11,500 ഘനയടിയായിരുന്നു നേരത്തെയുള്ള നീരൊഴുക്ക്. സ്പില്‍വേ വഴി വെളളം ഇടുക്കിയിലേക്ക് ഒഴുക്കിയേക്കും. തുറക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം തമിഴ്‌നാട് സര്‍ക്കാരിന്റേതാണ്. അണക്കെട്ട് തുറന്നാല്‍ വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. മുല്ലപ്പെരിയാറിന്റെ തീരത്തുനിന്ന് 1,250 കുടുംബങ്ങളെ ഒഴിപ്പിക്കും. 4,000 പേരെ ക്യാംപുകളിലേക്കു മാറ്റും.

നീരൊഴുക്ക് വര്‍ധിച്ചതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയര്‍ന്നു. അണക്കെട്ടിലെ ജലനിരപ്പ് 2397.64 അടിയായാണ് ഉയര്‍ന്നത്. ഇതോടെ ഡാമില്‍ നിന്നും പുറത്തേയ്ക്ക് ഒഴുക്കുന്ന വെളളത്തില്‍ വര്‍ധന വരുത്തും. ചെറുതോണി ഡാമിന്റെ ഷട്ടര്‍ വഴി പുറത്തുവിടുന്ന വെളളത്തിന്റെ അളവ് ആറുലക്ഷം ലിറ്ററില്‍  നിന്നും ഏഴരലക്ഷം ലിറ്ററായി ഉയര്‍ത്തും. പുലര്‍ച്ചെ ഒരു മണിയോടെ കൂടിയ അളവില്‍ വെളളം തുറന്നുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. പെരിയാറിന്റെ ഇരുകരകളിലും ഉളളവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. 

അതേസമയം ഇടുക്കി അണക്കെട്ടിലെ വെളളം ഒഴുകി എത്തുന്ന ഇടമലയാറില്‍ ജലനിരപ്പ് സംഭരണശേഷിക്ക് മുകളിലെത്തി. 169.10 മീറ്ററായാണ് ജലനിരപ്പ് ഉയര്‍ന്നത്. 169 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. ഇതോടെ രണ്ടു ഷട്ടറുകള്‍ ഒരു മീറ്ററും മറ്റു രണ്ടു ഷട്ടറുകള്‍ രണ്ടു മീറ്ററും വീതം ഉയര്‍ത്തി വെളളം പുറത്തേയ്ക്ക് ഒഴുക്കുകയാണ്. ഇടമലയാറിന് തൊട്ടുതാഴെയുളള ഭൂതത്താന്‍ക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ 
വെളളം ഒഴുകി എത്തുന്ന ആലുവയില്‍ ജലനിരപ്പ് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.  പ്രദേശത്ത് അഞ്ചു ദുരിതാ്ശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. പെരിയാറിന്റെ തീരത്തായ കാലടി, കാഞ്ഞൂര്‍ എന്നി പ്രദേശങ്ങളില്‍ വെളളം കയറി. 

നീരൊഴുക്ക് വര്‍ധിക്കുന്നതിനാല്‍ ഷട്ടറുകള്‍ ഉയര്‍ത്തി കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ സാധ്യത. തമിഴ്‌നാട് ദുരിതാശ്വാസ കമ്മിഷണര്‍ വിവരം അറിയിച്ചതായി ചീഫ് സെക്രട്ടറി ടോം ജോസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചെറുതോണിയില്‍ നിന്നു വര്‍ധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുവാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍, പെരിയാര്‍ തീരത്ത് വസിക്കുന്നവര്‍ ജില്ലാ കലക്ടര്‍മാര്‍ ആവശ്യപ്പെടുന്ന സമയത്ത് ക്യാംപുകളിലേക്ക് ഒഴിഞ്ഞുപോകണമെന്നും പൊതുജനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി പൂര്‍ണമായും സഹകരിക്കണമെന്നും ചീഫ് സെക്രട്ടറി അഭ്യര്‍ഥിച്ചു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 30 ന് ഒറ്റരാത്രികൊണ്ട് ആറര അടി വെള്ളം ഉയര്‍ന്ന അണക്കെട്ടാണു മുല്ലപ്പെരിയാര്‍. ജലം നിറഞ്ഞുകിടക്കുന്ന വിസ്തൃതമായ പ്രദേശം കുറവായതിനാല്‍ ഒഴുകിയെത്തുന്ന വെള്ളം പെട്ടെന്നു കവിയുന്ന സ്വഭാവമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com