യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന്‍ പണയംവച്ചുള്ള കളി ഇനിയില്ല; കെ.എസ്.ആര്‍.ടി.സിയില്‍ സിംഗിള്‍ ഡ്യൂട്ടി മാത്രമാക്കാന്‍ തീരുമാനം

കെ.എസ്.ആര്‍.ടി.സിയില്‍ സിംഗിള്‍ ഡ്യൂട്ടി മാത്രമാക്കാന്‍ തീരുമാനം
യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന്‍ പണയംവച്ചുള്ള കളി ഇനിയില്ല; കെ.എസ്.ആര്‍.ടി.സിയില്‍ സിംഗിള്‍ ഡ്യൂട്ടി മാത്രമാക്കാന്‍ തീരുമാനം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ സിംഗിള്‍ ഡ്യൂട്ടി മാത്രമാക്കാന്‍ തീരുമാനം. ഡബിള്‍ ഡ്യൂട്ടി ചെയ്യുകയായിരുന്ന ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാല്‍ കൊല്ലം ഇത്തിക്കരയില്‍ ഇന്നലെ എക്സ്പ്രസ് ലോറിയിലിടിച്ച് അപകടമുണ്ടായ പശ്ചാത്തലത്തിലാണ് അടിയന്തര നടപടിയെടുക്കുന്നത്. തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മരവിപ്പിച്ചിരിക്കയായിരുന്നു. അപകടത്തില്‍ െ്രെഡവറുടെയും കണ്ടക്ടറുടെയും ജീവനാണ് പൊലിഞ്ഞത്.

കൊല്ലത്തെ അപകട കാരണം െ്രെഡവര്‍ ഉറങ്ങിപ്പോയതു തന്നെ എന്നാണ് പൊലീസിന്റെയും കെ.എസ്.ആര്‍.ടി.സിയുടെയും നിഗമനം. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും കോര്‍പറേഷന്‍ എം.ഡി ടോമിന്‍ തച്ചങ്കരിയും ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. െ്രെഡവര്‍ ഉറങ്ങിപ്പോയതു കാരണം നേരത്തേ രണ്ടു തവണ ബസ് വലത്തോട്ടു പോയി സഡന്‍ ബ്രേക്കിട്ടെന്നും മൂന്നാം തവണയാണ് അപകടം ഉണ്ടായതെന്നും പരിക്കേറ്റ യാത്രക്കാര്‍ തച്ചങ്കരിയോടു പറഞ്ഞു. സിംഗിള്‍ ഡ്യൂട്ടി മാത്രമാക്കുന്നതിനെ കുറിച്ച് ഇന്നലെ തച്ചങ്കരി മന്ത്രി എ.കെ. ശശീന്ദ്രനുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തിയ ശേഷമാകും നടപ്പിലാക്കുക.

യാത്രക്കാരുടെയും ജീവനക്കാരുടെയും പ്രാണന്‍ വച്ചുള്ള കളി ഇനി വേണ്ടെന്ന കര്‍ശന നിലപാടിലാണ് മാനേജ്‌മെന്റ്. കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ ജീവനക്കാരുടെ സംഘടനകളുമായി സമവായം ഉണ്ടാകാത്തതു കാരണം പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ പലതവണ അപകടത്തില്‍പ്പെട്ടു. അടുത്തടുത്ത് നാലു തവണയാണ് സ്‌കാനിയ ബസ് അപകടത്തില്‍പ്പെട്ടത്. ഇത് കോര്‍പറേഷന് വലിയ സാമ്പത്തിക നഷ്ടവും വരുത്തി.

ദീര്‍ഘദൂര സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി പ്രായോഗികമല്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാരുടെ വാദം. എന്നാല്‍ റെയില്‍വേ മോഡല്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് മാനേജ്‌മെന്റ് കരുതുന്നു. ഏഴു മണിക്കൂര്‍ കഴിയുമ്പോള്‍ ബസ് എത്തുന്ന സ്റ്റാന്‍ഡില്‍ ഡ്യൂട്ടി തീരും. അടുത്ത ഡ്യൂട്ടിക്കാര്‍ അവിടുന്ന് ബസില്‍ കയറും.  ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനവും ഇതിനൊപ്പം നടപ്പാക്കും.

ഒരു ഡബിള്‍ ഡ്യൂട്ടി എടുത്താല്‍ അടുത്ത ദിവസം ജോലിക്കു ഹാജരാകേണ്ട എന്നതാണ് പ്രധാന ആകര്‍ഷണം. രണ്ട് ഡബിള്‍ ഡ്യൂട്ടി തുടര്‍ച്ചയായി ചെയ്താല്‍ ആ ആഴ്ച വരേണ്ട. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകളില്‍ നാലു ഡ്യൂട്ടിവരെ ഒറ്റയടിക്ക് നോക്കുന്നവരുണ്ട്. മൂന്നോ നാലോ മണിക്കൂര്‍ വിശ്രമം മാത്രമാണ് ഇവര്‍ക്ക് കിട്ടുന്നത്. ഡ്രൈവിംഗിനിടെ കണ്ണടഞ്ഞ് പോകാതിരിക്കാന്‍ കാന്താരി മുളക് കടിക്കലും കണ്ണില്‍ വിക്‌സ് പുരട്ടലുമൊക്കെയാണ് ഇവരുടെ രീതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com