വൈപ്പിന്‍ സമരത്തെ ഉന്മൂലന സമരമാക്കി മാറ്റാന്‍ കെ വേണു ശ്രമിച്ചു; വെളിപ്പെടുത്തലുമായി പഴയ നക്‌സല്‍ നേതാവ്

വൈപ്പിന്‍ സമരത്തെ ഉന്മൂലന സമരമാക്കി മാറ്റാന്‍ കെ വേണു ശ്രമിച്ചു; വെളിപ്പെടുത്തലുമായി പഴയ നക്‌സല്‍ നേതാവ്
വൈപ്പിന്‍ സമരത്തെ ഉന്മൂലന സമരമാക്കി മാറ്റാന്‍ കെ വേണു ശ്രമിച്ചു; വെളിപ്പെടുത്തലുമായി പഴയ നക്‌സല്‍ നേതാവ്

കൊച്ചി: വൈപ്പിന്‍ വിഷമദ്യ വിരുദ്ധ സമരത്തെ ഉന്മൂലനത്തിലേക്കു നയിക്കാന്‍ കെ വേണു ശ്രമം നടത്തിയതായി അന്ന് വേണുവിനൊപ്പം നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന പിജെ ബേബി. സമരത്തെ ഉന്മൂലനത്തിലേക്കു നയിക്കണമെന്ന് വേണുവും മുരളി കണ്ണമ്പളളിയും ശക്തമായി ആവശ്യപ്പെട്ടിരുന്നതായി പിജെ ബേബി വെളിപ്പെടുത്തി. അന്തരിച്ച മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ സമീര്‍ അമീനെ സ്മരിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ബേബിയുടെ വെളിപ്പെടുത്തല്‍. 

ഉന്മൂലന സമരം എന്ന വേണുവിന്റെ വാദത്തെ എം.എം സോമശേഖരനും രാജീവ് ചടയം മുറിയും സമരത്തില്‍ നേരിട്ട് ഉത്തരവാദിത്തമുള്ളവര്‍ എന്ന നിലയില്‍ അതിശക്തമായി എതിര്‍ത്തതായി കുറിപ്പില്‍ പറയുന്നു. താനും സംസ്ഥാന കമ്മിറ്റിയില്‍ അവര്‍ക്കൊപ്പം നിന്നു. അതോടെ വേണു രാഷ്ട്രീയത്തില്‍ തീര്‍ത്തും'വിവരദോഷി'യാണെന്നു തനിക്കു ബോധ്യപ്പെട്ടതായും മുഴുവന്‍ സമയ പ്രവര്‍ത്തനം ഉപേക്ഷിക്കണം എന്ന ചിന്ത ശക്തമായതായും കുറിപ്പില്‍ പറയുന്നുണ്ട്. 

പിജെ ബേബിയുടെ കുറിപ്പ്: 

സമീര്‍ അമീനെ സ്മരിക്കുമ്പോള്‍ 

സമീര്‍ അമീന്‍ അന്തരിച്ച വിവരം ഇന്നലെ അറിഞ്ഞെങ്കിലും പലവിധ വ്യക്തിപരമായ തിരക്കുകള്‍ക്കിടയില്‍ ഒരു കുറിപ്പെഴുതാനായില്ല. എന്റെ രാഷട്രീയ ജീവിതത്തെ നിണ്ണയിച്ചതില്‍ ചെറിയ ഒരു പങ്ക് അദ്ദേഹത്തിനുണ്ട്. കോളേജ് കാലത്ത് ടഎകയുടെ കോളേജിലെ നേതാക്കള്‍ പലരും അടുത്ത സുഹൃത്തുക്കളായിരുന്നെങ്കിലും അവരുടെ രാഷ്ട്രീയം എന്നെ ആകര്‍ഷിച്ചില്ല. ചാരുമജുംദാരുടെ 'ജന്മിമാരാണ് ഗ്രാമങ്ങളില്‍ ഭരണകൂടത്തിന്റെ കണ്ണും കാതും ' എന്ന നിലപാട് ഇന്ത്യയില്‍ നൂറു ശതമാനം ശരിയെന്നു വിശ്വസിച്ചാണ് ജോലിയുപേക്ഷിച്ച് 1980ല്‍ മുഴുവന്‍ സമയ പ്രവത്തകനാകുന്നത്.അക്കാലത്താണ് മാര്‍ക്‌സ്, ലെനിന്‍ ഒക്കെ പ്രഭാതിന്റെ പുസ്തകങ്ങളിലൂടെ വായിച്ചു തുടങ്ങുന്നത്.കേണിച്ചിറ ഉന്മൂലനത്തെത്തുടര്‍ന്നുള്ള അടിച്ചമര്‍ത്തലും, സാംസ്‌കാരിക വേദിയിലെ പിളര്‍പ്പും, കണ്ണൂരിലെ അടിയന്തിരാവസ്ഥക്കു ശേഷമുള്ള പ്രമുഖ യുവ പ്രവര്‍ത്തകരില്‍ മഹാഭൂരിപക്ഷത്തെയും പിന്തിരിപ്പിച്ചു.അതിനകം മജുംദാരിനു പകരം വേണുവും മാവോയും എന്റെ ആചാര്യന്മാരായിക്കഴിഞ്ഞിരുന്നു.തുടന്ന് ആലപ്പുഴയില്‍ പ്രവത്തനത്തിനു നിയോഗിക്കപ്പെട്ട ഞാന്‍ മാവോയെ സംശയിച്ചു തുടങ്ങി. അപ്പോഴാണ് വൈപ്പിന്‍ വിഷമദ്യ വിരുദ്ധ സമരം വരുന്നത്. വേണുവും മുരളി കണ്ണമ്പളളിയും ഉന്മൂലനത്തിലേക്ക് സമരത്തെ നയിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു.എം.എം സോമശേഖരനും രാജീവ് ചടയം മുറിയും സമരത്തില്‍ നേരിട്ട് ഉത്തരവാദിത്തമുള്ളവര്‍ എന്ന നിലയില്‍ അതിശക്തമായി എതിര്‍ത്തു. ഞാനും സംസ്ഥാന കമ്മിറ്റിയില്‍ അവര്‍ക്കൊപ്പം നിന്നു.അതോടെ വേണു രാഷ്ട്രീയത്തില്‍ തീര്‍ത്തും'വിവരദോഷി'യാണ് എന്നെനിക്ക് ബോധ്യപ്പെട്ടു. മുഴുവന്‍ സമയ പ്രവര്‍ത്തനം ഉപേക്ഷിക്കണം എന്ന ചിന്ത ശക്തമായി. അക്കാലത്താണ് സോമശേഖരന്‍ പെരുമ്പാവൂരില്‍ രാജു തോമസിനെ മുന്‍നിര്‍ത്തി ബഹുജന വിദ്യാകേന്ദ്രം ആരംഭിക്കുന്നത്. അത് ഡിപ്പെന്‍ഡന്‍സി തിയറി, മാര്‍ക്‌സിന്റെ അന്യവല്‍ക്കണ നിലപാടുകള്‍ ഒക്കെ ചര്‍ച്ചക്കെടുത്തു.മാര്‍ക്‌സിസത്തിന്റെ സമകാലിക വികാസങ്ങള്‍ ച ര്‍ച്ച ചെയ്ത് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുവഴി തേടണമെന്ന അഭിപ്രായം ഉയര്‍ന്നു വന്നു.അതു നല്കിയ പുതിയ പ്രതീക്ഷകളിലാണ് വീണ്ടും പാര്‍ട്ടിയില്‍ ഉറച്ചു നിന്നത്.പിന്നീട് സമീര്‍ അമീനും ഗുന്തര്‍ ഫ്രാങ്കുമൊക്കെ പ്രതിനിധാനം ചെയ്ത സെന്റര്‍പെരിഫെറിസിദ്ധാന്തം, അതിന്റെ ഗതിവിഗതികള്‍ എന്നിവ ഞങ്ങള്‍ക്കിടയില്‍ നിരന്തരം ചര്‍ച്ചയായി. മറ്റ് എം.എല്‍ സംഘടനകള്‍ ഇന്ത്യയില്‍ വേദവാക്യം പോലെ അര്‍ദ്ധകോളനി സിദ്ധാന്തം പറഞ്ഞിരുന്നപ്പോള്‍ പുത്തന്‍ കൊളോണിയലിസം എന്ന ചിന്ത ഞങ്ങള്‍ക്കിടയില്‍ കൊണ്ടുവരുന്നതിന് സെന്റര്‍പെരിഫെറി സിദ്ധാന്തം കാരണമായി.
ആഗോളവല്‍ക്കരണം വന്നതോടെ ആ സിദ്ധാന്തം വിസ്മൃതിയിലേക്കു നീങ്ങി. അമീന്‍ മുന്നോട്ടുവച്ച ഡീലിങ്കിങ്ങ് (സെന്ററും പെരിഫെറിയും തമ്മില്‍ ) അസാധ്യമെന്ന ചിന്ത എന്നില്‍ ശക്തിപ്പെട്ടു.ആഗോളവല്‍ക്കരണത്തിനു ശേഷം സെന്ററും പെരിഫെറിയും അകന്നകന്നു പോകുന്ന സാമ്പത്തിക ചിത്രം തിരിച്ചാക്കപ്പെട്ടു.അതിനു ശേഷം അമീന്‍ ചില നിരീക്ഷണങ്ങള്‍ മുന്നാട്ടുവച്ചതിനപ്പുറം പുതിയ കാലത്ത് സെന്റര്‍പെരിഫെറി സിദ്ധാന്തം എവിടെ നില്‍ക്കുന്നു എന്ന് ആഴത്തില്‍ പരിശോധിക്കുകയുണ്ടായില്ല.
എങ്കിലും പടിഞ്ഞാറന്‍ ,സോവിയറ്റ് മാര്‍ക്‌സിസ്റ്റു സൈദ്ധാന്തികരെക്കുറിച്ചുള്ള സാമ്രാജ്യത്വത്തിന്റെ ഉല്‍പ്പാദനക്ഷമതാ സിദ്ധാന്തം സ്വീകരിച്ച വള്‍ഗര്‍ മാര്‍ക്‌സിസ്റ്റുകളെന്ന അദ്ദേഹത്തിന്റെ നിശിത വിമര്‍ശനം സോവിയറ്റ് തകര്‍ച്ചക്കും ചൈനീസ് വഴിമാറലിനും ശേഷം വീണ്ടും അന്വേഷണങ്ങള്‍ക്കും ചിന്തകള്‍ക്കും വഴികാട്ടിയായി. അദ്ദേഹം പൊളിറ്റിക്കല്‍ ഇസ്‌ളാമിനെക്കുറിച്ചുള്ള പുതിയ അദ്ധ്യായമുള്‍പ്പെടുത്തി പരിഷ്‌ക്കരിച്ച യൂറോ സെന്‍ട്രിസം പുസ്തകം ഞാന്‍ കഷ്ടപ്പെട്ടുവാങ്ങി.
അത് പരിഭാഷചെയ്ത് കേരളത്തില്‍ ഇറക്കണമെന്ന എന്റെ മോഹം പ്രസാധകരെ കിട്ടാത്തതിനാല്‍ ഇനിയും നടന്നിട്ടില്ല.
പൊളിറ്റിക്കല്‍ ഇസ്‌ളാമിനെ മനസ്സിലാക്കുന്നതിലും വിമര്‍ശിക്കുന്നതിലും എനിക്ക് ആ പുസ്തകം വലിയ സഹായമായി.
സമീര്‍ അമീനിന്റെ സെന്റര്‍  പെരിഫെറി തിയറി ഇനി ആരെയും ആവേശഭരിതരാക്കിയേക്കില്ല. എങ്കിലും യൂറോ സെന്‍ട്രിസ്‌റ് കാഴ്ചപ്പാടുകളെയും അതിനെ തലതിരിച്ചിട്ടത് എന്ന നിലയില്‍ എഡ് വേര്‍ഡ് സെയ്ദിന്റെയും നിലപാടുകളെയും അദ്ദേഹം വിമര്‍ശന വിധേയമാക്കിയത് ലോകത്തിന്റെ മുന്നാട്ടു പോക്കില്‍ ഒരു കാലത്തിന്റെ നാഴികക്കല്ലായി തുടരും.
പറ്റിയാല്‍ മാര്‍ക്‌സിനെ എങ്ങനെയാണദ്ദേഹം ചരിത്രപരമായി അടയാളപ്പെടുത്തിയത് എന്നതിനെക്കുറിച്ച് അധികം വൈകാതെ ഏതാനുംവാക്കുകള്‍എഴുതണമെന്നു ചിന്തിക്കുന്നു. 
ആ മഹാനായ ചിന്തകനും മനുഷ്യസ്‌നേഹിക്കും ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com