സ്‌കൂള്‍ ബസ്സുകളില്‍ ഇനി ജിപിഎസ് നിര്‍ബന്ധം; ഇല്ലാത്തവയെ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്

ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും വാഹനത്തിന്റെ സഞ്ചാരപഥം വേഗത എന്നിവ അറിയാന്‍ കഴിയും 
സ്‌കൂള്‍ ബസ്സുകളില്‍ ഇനി ജിപിഎസ് നിര്‍ബന്ധം; ഇല്ലാത്തവയെ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്


തിരുവനന്തപുരം: ഒക്ടോബര്‍ ഒന്നുമുതല്‍ ജി.പി.എസ് ഘടിപ്പിക്കാത്ത വിദ്യാഭ്യാസ സ്ഥാപന ബസുകള്‍ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിനും മേല്‍നോട്ടത്തിനുമായി സിഡാക്കുമായി ചേര്‍ന്ന് 'സുരക്ഷാമിത്ര' എന്ന പേരില്‍ വാഹനനിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍.

യോഗ്യതാ മാനദണ്ഡങ്ങളില്‍ വിജയിച്ച ജി.പി.എസ് വെഹിക്കിള്‍ ട്രാക്കിംഗ് യൂണിറ്റുകളുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലുണ്ട്. ഇതില്‍നിന്ന് വാഹനഉടമകള്‍ക്ക് ഇഷ്ടമുള്ള ഉപകരണങ്ങള്‍ തിരഞ്ഞെടുത്ത് അവരവരുടെ വാഹനത്തില്‍ ഘടിപ്പിക്കാം. ഈ സംവിധാനം ഘടിപ്പിച്ച വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ തിരുവനന്തപുരം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ആസ്ഥാനത്ത് കേന്ദ്രീകൃത നിരീക്ഷണ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. കൂടാതെ എല്ലാ ആര്‍.ടി. ഓഫീസുകളിലും പ്രത്യേക നിരീക്ഷണ സംവിധാനവുമുണ്ട്.

ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തുന്നതുവഴി മോട്ടോര്‍ വാഹന വകുപ്പ്, നാഷണല്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം, വാഹന ഉടമ/സ്‌കൂള്‍ അധികൃതര്‍/സ്ഥാപന അധികൃതര്‍/രക്ഷിതാക്കള്‍ തുടങ്ങിയവര്‍ക്ക് വാഹനത്തിന്റെ സഞ്ചാരപഥം, സമയം, വേഗത തുടങ്ങിയവ നിരീക്ഷിക്കാം. ടില്‍റ്റ് സെന്‍സറുകള്‍ വഴി സ്‌കൂള്‍ വാഹനങ്ങള്‍ 40 ഡിഗ്രിയിലധികം ചരിഞ്ഞാല്‍ അടിയന്തര അപായ സന്ദേശങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാകും.

അടിയന്തിര അത്യാഹിതങ്ങള്‍, അമിതവേഗത, ബുദ്ധിമുട്ടുകള്‍, ഉപദ്രവങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് പ്രതി്കരിച്ച് അടിയന്തിര സന്ദേശം നല്‍കാന്‍ പാനിക് ബട്ടണും ഉണ്ട്. ഈ സംവിധാനം ദുരുപയോഗം നടത്തിയാല്‍ നിയമപരമായ ശിക്ഷ നല്‍കും. പാനിക് ബട്ടണ്‍ വിച്‌ഛേദിക്കാനോ, കേടുവരുത്താനോ സാധിക്കില്ല. ഇങ്ങനെ ശ്രമിച്ചാല്‍ കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിക്കും.

ആദ്യഘട്ടം വിദ്യാഭ്യാസ സ്ഥാപന വാഹനമായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ നടപ്പാക്കിയശേഷം തുടര്‍ന്ന് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന എല്ലാത്തരം വാഹനങ്ങളിലും ഈ സംവിധാനം നിര്‍ബന്ധമാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com