ആലുവ ശിവക്ഷേത്രം മുങ്ങി; റോഡ്, ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം

ആലുവ മണപ്പുറത്തുള്ള ശിവക്ഷേത്രം പൂർണമായും മുങ്ങി കഴിഞ്ഞു. റെയിൽവേ പാലത്തിന്റെ താഴെ പെരിയാറിന്റെ ജല നിരപ്പ് ഉയർന്നു
ആലുവ ശിവക്ഷേത്രം മുങ്ങി; റോഡ്, ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം

കൊച്ചി: മുല്ലപെരിയാറും ഇടുക്കിയും ഇടമലയാറും തുറന്നതോടെ ആലുവയില്‍ പ്രളയം ശക്തമാകുന്നു. നാലര മണിക്കൂർ കൊണ്ട് രണ്ട് അടിയോളം വെള്ളം ഉയർന്നു. ആലുവ മണപ്പുറത്തുള്ള ശിവക്ഷേത്രം പൂർണമായും മുങ്ങി കഴിഞ്ഞു. റെയിൽവേ പാലത്തിന്റെ താഴെ പെരിയാറിന്റെ ജല നിരപ്പ് ഉയർന്നു. പാലത്തിലൂടെ കടന്നുപോകുന്ന ട്രെയിനുകൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.  അങ്കമാലി-മാഞാലി റൂട്ടില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്.

ആലുവയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്.നിലവില്‍ ഗുരുതരമായ സാഹചര്യമാണ് ഇവിടെ ഉള്ളത്. നൂറുകണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട അവസ്ഥയാണ് ഇവിടെ. ഇടമലയാര്‍ അണക്കെട്ടില്‍ നിന്ന് 700 ക്യുമെക്‌സ് വെള്ളമാണ് തുറന്നു വിടുന്നത്. ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള വെള്ളവും ഇവിടെ എത്തുന്നു. അതോടൊപ്പം ഇന്നലെ മുതല്‍ എറണാകുളം ജില്ലയില്‍ പെയ്യുന്ന ശക്തമായ മഴയും ആലുവയെ തീര്‍ത്തും പ്രളയദുരിതത്തിലാക്കിയിരിക്കുകയാണ്. 

ആലുവയ്ക്ക് പടിഞ്ഞാറു ഭാഗത്തുള്ള പറവൂര്‍, കുന്നുകര, ചെങ്ങമനാട് തുടങ്ങിയ പ്രദേശങ്ങളിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്.എറണാകുളം ജില്ലയിലെ പല മേഖലകളിലും വെള്ളപ്പൊക്കവും വെള്ളക്കെട്ടും രൂപപ്പെട്ടിരിക്കുന്നു. സൈന്യം ഉള്‍പ്പെടെയുള്ളവര്‍ രക്ഷാ പ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. ആലുവ തുരുത്തിലെ ചില വീടുകള്‍ ഒറ്റപ്പെട്ടു. അവിടെയുള്ളവരെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുവാനായി ഫയര്‍ഫോഴ്‌സ് ശ്രമം തുടരുകയാണ്. ആലുവയില്‍ 13ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com