നാലുദിവസം കൂടി കനത്ത മഴ തുടരും; ജലഅതോറിറ്റി നല്‍കുന്ന ശുദ്ധജലത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തണം

നാലുദിവസം കൂടി കനത്ത മഴ തുടരും - ജലഅതോറിറ്റി നല്‍കുന്ന ശുദ്ധജലത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തണം
നാലുദിവസം കൂടി കനത്ത മഴ തുടരും; ജലഅതോറിറ്റി നല്‍കുന്ന ശുദ്ധജലത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തണം

തിരുവനന്തപുരം: നദികളിലെ വെള്ളപ്പൊക്കം മൂലം ജലശുദ്ധീകരണ പ്ലാന്റുകള്‍ തകരാറിലായിരിക്കുന്ന സാഹചര്യത്തില്‍ ശുദ്ധജല വിതരണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ജലവിതരണം തകരാറിലാവാത്ത സ്ഥലങ്ങളില്‍ നിന്ന് വെള്ളം ശേഖരിച്ച് വെളളം അവശ്യമുളള മേഖലകളില്‍ എത്തിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ജല അതോറിറ്റിയുടെ സംവിധാനത്തിലൂടെ ലഭിക്കുന്ന വെള്ളത്തിന്റെ ഉപയോഗം പരിമിതപ്പെടുത്താന്‍ ജനങ്ങളോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

പമ്പ, ഭാരതപ്പുഴ, പെരിയാര്‍, ചാലിയാര്‍ തുടങ്ങിയ നദികളില്‍ നിന്നുളള ശുദ്ധജലവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ പമ്പ് സെറ്റുകള്‍ പലതും കേടായി. ശുദ്ധീകരണ പ്ലാന്റുകള്‍ പലതും പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു. ഈ സാഹചര്യം നേരിടാന്‍ ടാങ്കുകളില്‍ വെളളം സംഭരിച്ച് ബോട്ടുകളില്‍ ജനങ്ങള്‍ക്ക് എത്തിക്കണമെന്നാണ് നിര്‍ദേശം. വെള്ളപ്പൊക്കക്കെടുതി തുടരുകയും അണക്കെട്ടുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് നിര്‍ദേശമുണ്ടായത്.

നാലു ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്കും ദുരന്തനിവാരണ രംഗത്തുളള ഏജന്‍സികള്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ദുരന്തനിവാരണ പ്രവര്‍ത്തനത്തിലും ദുരിതാശ്വാസത്തിലും എല്ലാം മറന്ന് പങ്കാളികളാകാന്‍ അദ്ദേഹം സന്നദ്ധസംഘടനകളോടും ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ബോട്ടുകള്‍ തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കിട്ടാവുന്നിടത്തുനിന്നെല്ലാം ബോട്ടുകള്‍ എത്തിച്ച് വെള്ളപ്പൊക്കം കൂടുതലുളള സ്ഥലങ്ങളില്‍ ലഭ്യമാക്കണം. വെള്ളപ്പൊക്കഭീഷണി കണക്കിലെടുത്ത് തിരുവല്ലയിലേക്ക് നേവിയുടെയും ആര്‍മിയുടെയും വിഭാഗങ്ങളെ അയച്ചുകഴിഞ്ഞു. അത്യാവശ്യ സഹായത്തിന് അയല്‍ സംസ്ഥാനങ്ങളെ ബന്ധപ്പെടാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.  മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരുമായും കേന്ദ്രവുമായും ബന്ധപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനസര്‍വ്വീസുകള്‍ മുടങ്ങിയ സാഹചര്യത്തില്‍ കൊച്ചിയിലേക്കുളള ചെറിയ വിമാനങ്ങള്‍ കഴിവതും കൊച്ചിയിലെ നാവിക വിമാനത്താവളത്തില്‍ ഇറക്കാന്‍ കഴിയുമോ എന്നറിയുന്നതിന് സിവില്‍ വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെടാന്‍ തീരുമാനിച്ചു. കൂടാതെ വിമാനങ്ങള്‍ മുംബൈയിലേക്കും മറ്റും തിരിച്ചുവിടുന്നതിനു പകരം കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ ഉപയോഗിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോട് ആവശ്യപ്പെടും. കോഴിക്കോട്ടേക്കോ തിരുവനന്തപുരത്തേക്കോ തിരിച്ചുവിടുന്ന വിമാനങ്ങളില്‍ നിന്ന് ഇറങ്ങുന്ന യാത്രക്കാരെ അതത് സ്ഥലങ്ങളില്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

പല ജില്ലകളിലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉറക്കമൊഴിഞ്ഞാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന അവരെ സഹായിക്കുന്നതിന് ആവശ്യമുളള ജില്ലകളിലേക്ക് സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. അതോടൊപ്പം സംസ്ഥാന കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അയല്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെടാനും കുടിവെള്ളം ലഭ്യമാക്കാനും തകരാറിലായ കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പ്രവര്‍ത്തനക്ഷമമാക്കാനും മറ്റുമുളള ചുമതലകള്‍ക്ക് മുതര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും  യോഗത്തില്‍ തീരുമാനമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com