പപ്പടം നീട്ടി പഴയപോലെ തൊണ്ടപൊട്ടി വിളിച്ചു, ആരും വാങ്ങിയില്ല; താരമായ പപ്പട മുത്തശ്ശി പാപ്പരാകുന്നു!

 ഒരാഴ്ചയോളം സമൂഹമാധ്യമങ്ങളിലെ താരമായിരുന്ന ചാല മാർക്കറ്റിലെ പപ്പടം വിൽപനക്കാരി വസുമതിയമ്മൂമ്മയിൽ നിന്ന് ഇപ്പോൾ പപ്പടം വാങ്ങാൻ ആളില്ല
പപ്പടം നീട്ടി പഴയപോലെ തൊണ്ടപൊട്ടി വിളിച്ചു, ആരും വാങ്ങിയില്ല; താരമായ പപ്പട മുത്തശ്ശി പാപ്പരാകുന്നു!

തിരുവനന്തപുരം:ഒരാളുടെ ദുരവസ്ഥ സമൂഹ മാധ്യമങ്ങളിൽ വൈറലായാൽ അവർക്ക് സഹായഹസ്തവുമായി നിരവധിപ്പേർ വരുന്നത് പതിവാണ്.  എന്നാൽ, പപ്പടം വിറ്റു ജീവിക്കുന്ന വസുമതിയമ്മൂമ്മയുടെ കാര്യത്തിൽ മറിച്ചാണ് സംഭവിച്ചത്. പ്രതീക്ഷകൾ ദിവസങ്ങൾക്കുളളിൽ നിരാശയിലേക്ക് വഴിമാറി പോകുന്നതാണ് വസുമതിയമ്മൂമ്മ കണ്ടത്.  ഒരാഴ്ചയോളം സമൂഹമാധ്യമങ്ങളിലെ താരമായിരുന്ന ചാല മാർക്കറ്റിലെ പപ്പടം വിൽപനക്കാരി വസുമതിയമ്മൂമ്മയിൽ നിന്ന് ഇപ്പോൾ പപ്പടം വാങ്ങാൻ ആളില്ല.ഒഴുകിയെത്തിയ സഹായപ്രവാഹത്തിൽ ലക്ഷങ്ങൾ ലഭിച്ചുകാണുമെന്ന തെറ്റിദ്ധാരണയാണ് വിൽപ്പനയെ ബാധിച്ചതെന്ന് ഇവർ തന്നെ പറയുന്നു.

തൊണ്ട പൊട്ടി വിളിച്ചിട്ടും ആരും പപ്പടം വാങ്ങാത്ത വസുമതിയമ്മൂമ്മയുടെ വിഡിയോ ഒരാഴ്ച മുൻപ് വൈറലായിരുന്നു. ലൈക്കുകൾ ലക്ഷം കടന്നതോടെ വലിയ വാഗ്ദാനങ്ങളാണ് വസുമതിയമ്മൂമ്മയെ തേടിയെത്തിയത്.  വാടകവീട്ടിൽ കഴിയുന്ന ഇവർക്കു വീട് നിർമിച്ചു നൽകാമെന്നും ഹൃദ്രോഗ ചികിൽസയുടെ ചെലവുകൾ ഏറ്റെടുക്കാമെന്നും അറിയിച്ചു പലരും രംഗത്തെത്തി.

വാഗ്ദാനങ്ങളുടെ പെരുമഴയ്ക്കൊടുവിൽ  അക്കൗണ്ടിലേക്ക് ആകെയെത്തിയത് 6000 രൂപയാണ്. അതാരോടും ആവശ്യപ്പെട്ടു വാങ്ങിയതുമല്ല. പക്ഷേ, വസുമതിയമ്മൂമ്മയുടെ അക്കൗണ്ടിലിപ്പോൾ ലക്ഷങ്ങളുടെ സമ്പാദ്യമുണ്ടെന്നാണ് ഈ വാഗ്ദാനങ്ങൾക്കൊക്കെ സാക്ഷ്യം വഹിച്ച നാട്ടുകാരുടെ ധാരണ.

അതിനാൽ ആരും പപ്പടം വാങ്ങാൻ തയാറാകുന്നുമില്ല. ഒരാഴ്ച കൊണ്ടു താരമാക്കുകയും പെട്ടെന്നു കൈവിടുകയും ചെയ്ത ജനങ്ങളെ നോക്കി വസുമതി ഇപ്പോഴും പപ്പടം നീട്ടി പഴയപോലെ തൊണ്ടപൊട്ടി വിളിക്കുകയാണ്.ചാല മാർക്കറ്റിലെ കച്ചവടം ഇനിയെങ്ങനെ എന്ന ചോദ്യത്തിനു മുന്നിൽ വസുമതിക്ക് ഉത്തരം മുട്ടുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com