മുല്ലപ്പെരിയാര്‍ നിറഞ്ഞു;  ജലനിരപ്പ് 142 അടിയായി, 13 സ്പില്‍വേ ഷട്ടറും തുറന്നു

ചരിത്രത്തില്‍ ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് 142 അടിയില്‍ എത്തുന്നത്
മുല്ലപ്പെരിയാര്‍ നിറഞ്ഞു;  ജലനിരപ്പ് 142 അടിയായി, 13 സ്പില്‍വേ ഷട്ടറും തുറന്നു


ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധിയിലെത്തി. ജലനിരപ്പ് 142 അടിയായി. ഇതോടെ അണക്കെട്ടിന്റെ 13 ഷെല്‍ട്ടറും തുറന്നു. രാവിലെ ചേര്‍ന്ന ഉന്നത തലയോഗത്തില്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയിലെത്താതിരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് കേരളം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ജലനിരപ്പ് 142 അടിയില്‍ എത്തുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്ന് കേരളം വിലയിരുത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് 142 അടിയില്‍ എത്തുന്നത്. 

മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ഫോണില്‍ സംസാരിക്കും. കേരളം പ്രളയക്കെടുതി നേരിടുമ്പോള്‍ തമിഴ്‌നാട് മുല്ലപ്പെരിയാറില്‍ 142 അടിയാക്കി അണക്കെട്ടിന് ബലക്ഷയമില്ലെന്ന വാദത്തിനായി  കുത്സിത നീക്കം നടത്തുകയാണെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. 

നേരത്തെ മുല്ലപ്പെരിയാറില്‍ കൂടുതല്‍ വെള്ളം തുറന്നുവിടാനുള്ള കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് വിസമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ജലനിരപ്പ് 142 അടിയാക്കാനാണ് തമിഴ്‌നാടിന്റെ നീക്കം. ഡാമിലേക്കെത്തുന്നത് 1393 ക്യുമെക്‌സ് വെള്ളമാണ്. തുറന്നുവിടുന്നത് 580 ക്യുമെക്‌സ് മാത്രവും. ഇതാണ് ആശങ്കയേറ്റുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com