സിമോണ 'തുളസിയായി';  ഇനി കുഴിക്കാട്ടില്ലത്തിന്റെ പടിയേറും 

ഹിന്ദുമതം സ്വീകരിച്ച് 'തുളസി'യായി സിമോണയെന്ന സ്ലൊവാക്യന്‍ യുവതി കുഴിക്കാട്ടില്ലത്ത് പടിയേറാനൊരുങ്ങുന്നു.
സിമോണ 'തുളസിയായി';  ഇനി കുഴിക്കാട്ടില്ലത്തിന്റെ പടിയേറും 

തിരുവല്ല : ഹിന്ദുമതം സ്വീകരിച്ച് 'തുളസി'യായി സിമോണയെന്ന സ്ലൊവാക്യന്‍ യുവതി കുഴിക്കാട്ടില്ലത്ത് പടിയേറാനൊരുങ്ങുന്നു. കേരളത്തിലെ താന്ത്രിക കുടുംബങ്ങളിലൊന്നായ തിരുവല്ല തറയില്‍ കുഴിക്കാട്ടില്ലത്തേക്ക് കാളിദാസന്‍ അഗ്‌നിശര്‍മന്റെ വധുവായാണ് സിമോണ എന്ന തുളസി എത്തുന്നത്. ഒട്ടേറെ ക്ഷേത്രങ്ങളുടെ താന്ത്രിക ആചാര്യസ്ഥാനമുള്ള കുഴിക്കാട്ടില്ലത്തെ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെ മകനാണ് കാളിദാസന്‍ അഗ്‌നിശര്‍മന്‍. നെതര്‍ലന്‍ഡില്‍ ജോലി ചെയ്യുമ്പോഴാണ് കാളിദാസന്‍ സിമോണയെ (20) പരിചയപ്പെടുന്നത്.

ഫിലിം സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദമുള്ള അഗ്‌നിശര്‍മന്‍ ഇതേ മേഖലയില്‍ പഠനം നടത്തുന്ന സിമോണയെ വധുവായി തെരഞ്ഞെടുക്കുകയായിരുന്നു. ചെങ്ങന്നൂര്‍ ആര്യസമാജം ശാഖയില്‍ നടന്ന ചടങ്ങിലാണ് സിമോണ ഹിന്ദുമതം സ്വീകരിച്ചത്. വിദേശ യുവതിയായതിനാല്‍ ബ്രാഹ്മണവിധി പ്രകാരമുള്ള വിവാഹത്തിന് സിമോണ കേരളത്തിലെ ഒരു ഇല്ലത്തെ അംഗമാകേണ്ടതുണ്ട്.തുടര്‍ന്ന് തൃശൂര്‍ തെക്കേമഠത്തില്‍ ഇന്നലെ നടന്ന വൈദിക കര്‍മങ്ങളിലൂടെ കോട്ടയം കുമാരനല്ലൂര്‍ വടക്കുംമ്യാല്‍ ഇല്ലത്ത് വി.എസ്.മണിക്കുട്ടന്‍ നമ്പൂതിരിയും പത്‌നി എം.ഗംഗയും ചേര്‍ന്നു സിമോണയെ ദത്തെടുത്തു. തുളസി എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു.

വൈദികന്‍ എടപ്പാള്‍ ചാങ്ങിലിയോട് ശങ്കരനാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മുപ്പതോളം വൈദികര്‍ ചടങ്ങുകള്‍ക്കു കാര്‍മികത്വം വഹിച്ചു. ബ്രാഹ്മണാചാര പ്രകാരം വിവാഹത്തോടനുബന്ധിച്ചുള്ള അയിനൂണ്‍ ചടങ്ങ് നാളെ കുമാരനല്ലൂര്‍ വടക്കുംമ്യാല്‍ ഇല്ലത്തും ഹോമാദികളോടെയുള്ള വിവാഹ ചടങ്ങ് 17നു തിരുവല്ല കുഴിക്കാട്ടില്ലത്തും നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com